മാര്‍ ജോസ് പുളിക്കല്‍
(കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍)
അരുംകൊലകളുടെയും ക്രൂരപീഡനങ്ങളുടെയും ദുര്‍വിശേഷങ്ങളുമായിട്ടാണ് കാലിക കേരളം എന്നുമുണരുന്നത്. ഈ മലയാളക്കര നടന്നുനീങ്ങുന്നതു ദുരന്തഭൂമികയിലേക്കാണോ എന്ന ചോദ്യം പ്രസക്തമാകുന്നു. മൃഗീയപീഡനങ്ങളും ക്രൂരമായ കാമ്പസ് റാഗിംഗുകളും അഴിഞ്ഞാടുമ്പോള്‍ മറുവശത്ത് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ പട്ടാപ്പകല്‍പോലും നമ്മുടെ നാട്ടില്‍ വര്‍ദ്ധമാനമാകുന്നു. പ്രതിസന്ധികളുടെ നടുവില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം റയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയ അമ്മയുടെ കണ്ണീരോര്‍മ്മയും മുമ്പിലുണ്ട്.
യുവതയ്‌ക്കെന്തുപറ്റി?
സ്വന്തം മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളെ നിഷ്‌ക്കരുണം കൊലപ്പെടുത്തുന്ന മക്കള്‍! റാഗിംഗ് എന്ന അനാവശ്യ വിനോദം കാടുകയറി ഭീകരരൂപം പ്രാപിച്ചതിന്റെ ഫലമാണ് നഗ്നനാക്കി കുത്തിമുറിവേല്പിക്കുന്നതും മര്‍ദ്ദിച്ചവശനാക്കി ഉപേക്ഷിക്കുന്നതുമെല്ലാം. പത്താംക്ലാസ് പരീക്ഷക്കുശേഷം യാത്ര അയപ്പു സമ്മേളനത്തോടനുബന്ധിച്ച് മുന്‍കൂട്ടി തയാറാക്കി നടപ്പിലാക്കുന്ന കൊടുംകൊലപാതകത്തിന്റെ ഭീകരദൃശ്യങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ എന്ന ആനുകൂല്യത്തില്‍ പക തീര്‍ക്കാനിറങ്ങുന്ന ലഹരിഭ്രാന്ത് ഭീകരകാഴ്ചയാണ്.
പെട്രോള്‍പമ്പു ജീവനക്കാരനെ നിസാരകാരണങ്ങള്‍ക്ക് ക്രൂരമായി മര്‍ദ്ദിക്കുന്നതു മുതല്‍ ഇരുളിന്റെ മറവില്‍ നിരത്തിലിട്ടു ക്രൂരമായി മനുഷ്യനെ വെട്ടികീറുന്ന ക്രൂരതയുള്‍പ്പെടെ യുവാക്കളില്‍ വര്‍ധിച്ചുവരുന്നു. അധ്യാപകര്‍ കുട്ടികള്‍ക്ക് തിരുത്തല്‍ നല്‍കാന്‍ ഭയപ്പെടുന്നു. എന്തെങ്കിലും അനിഷ്ടകരമായി തോന്നിയാല്‍ ഗുരുഭൂതനെയും നിഷ്‌ക്കരുണം ഉപദ്രവിക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. മാതാപിതാക്കളും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തില്‍ ഇടപെടാന്‍ മടിക്കുന്നു. ചിലരൊക്കെ ഭയപ്പെടുന്നു. തെരുവിലും പൊതുവേദികളിലും അക്രമങ്ങള്‍ തടയാന്‍ നിയമപാലകര്‍ക്കു കഴിയുന്നില്ല. അവര്‍ ഭീരുക്കളും നിഷ്‌ക്രിയരുമായി അധഃപതിക്കുന്ന ദുര്‍ഭഗാവസ്ഥ!
ഭീതിപ്പെടുത്തുന്ന
കണക്കുകള്‍
ഡി അഡിക്ഷന്‍ സെന്ററുകളിലും മാനസികരോഗാശുപത്രികളിലും യുവജനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍! മാനസികരോഗികളായി എത്തുന്നവരില്‍ 85 ശതമാനത്തിലധികം ലഹരിയുടെ അടിമകളായവര്‍ എന്നത് പുതിയ കാലത്തിന്റെ സവിശേഷതയായി മാറുന്നു. 2024-ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 24,517 പേര്‍ കേരളത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഇത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുമുള്ളതില്‍ പലമടങ്ങ് കൂടുതലാണ്. 2016 നും 2022 നുമിടയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 360% വര്‍ധനവാണ് മുന്‍കാലങ്ങളിലധികമായി ഉണ്ടായിട്ടുള്ളത്. 2022-ല്‍ ഇന്ത്യയിലെ മയക്കുമരുന്നു കേസുകളില്‍പ്പെട്ടവരില്‍ 29.4% കേരളത്തില്‍നിന്നുമാണ് എന്ന വസ്തുത നമ്മുടെ നാടിന്റെ ശോച്യാവസ്ഥയാണ് സൂചിപ്പിക്കുന്നത് (29.4% of the country’s NDPS).
2024-25 വര്‍ഷങ്ങളില്‍ മയക്കുമരുന്നുകേസുകളുടെ എണ്ണം കേരളത്തില്‍ വീണ്ടും വര്‍ധിച്ചിരിക്കുന്നു. കഞ്ചാവ് പോലുള്ള പരമ്പരാഗത മയക്കുമരുന്നുകളില്‍നിന്ന് എംഡിഎംഎ തുടങ്ങിയ തീവ്ര രാസലഹരികളിലേക്ക് പുതുതലമുറ മാറിയിരിക്കുന്നത് കൂടുതല്‍ ഭീകരമാണ്. മിഠായി, ജൂസ്, ഐസ്‌ക്രീം തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ ലഹരിനല്‍കി കുട്ടികളെ വശീകരിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന കേസുകള്‍ പലതും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഉദ്ദേശം 15% വരുന്ന ഹയര്‍സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. യുവജനങ്ങളിലെ അക്രമപ്രവര്‍ത്തനങ്ങളില്‍ (juvenile crime) 40% മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ടവയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വയലന്‍സ് സിനിമകളും സമൂഹ്യമാധ്യമങ്ങളും
സിനിമകള്‍ മാനസികോല്ലാസത്തിനും കലാസ്വാദനത്തിനുമുള്ള ഉപാധിയായിട്ടാണ് രംഗപ്രവേശനം ചെയ്തത്. അത്തരത്തിലുള്ള പല സിനിമകളും പ്രേഷകമനസുകള്‍ കീഴടക്കി ജനപ്രിയ ചലച്ചിത്രങ്ങളായിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്തകഥകളും തമാശകളും ചേര്‍ന്നു രൂപപ്പെടുത്തിയ ചലച്ചിത്രങ്ങള്‍ കുടുംബസദസിലും സമൂഹത്തിലും ആഹ്ലാദം പകരുന്നവയായിരുന്നു. മൂല്യങ്ങള്‍ പകര്‍ന്ന് സമൂഹനിര്‍മ്മിതിക്കു സഹായിക്കുന്ന സിനിമകളും കലാരൂപങ്ങളും മുന്‍കാലങ്ങളില്‍ പലതുമുണ്ടായിരുന്നു. ഇവയെല്ലാം സമൂഹമനസിനെ ക്രിയാത്മകമായി സ്വാധീനിച്ചിരുന്നു.
എന്നാല്‍ മാറിയ കാലത്തിന്റെ പ്രത്യേകതയായി വയലന്‍സ് ആഘോഷിക്കുന്ന ചലച്ചിത്രങ്ങള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നു. കൊടുംക്രൂരതകള്‍ പരസ്യമായി അവതരിപ്പിക്കുന്ന ഇത്തരം ചലച്ചിത്രങ്ങള്‍ക്ക് പ്രേഷകര്‍ തടിച്ചുകൂടുമെന്ന ചിന്തയില്‍ സംവിധായകരും നിര്‍മ്മാതാക്കളും ധാര്‍മ്മികത മറന്ന് മുതലെടുപ്പു നടത്തുകയാണ്.
ആസ്വാദകര്‍ ഇത്തരം സിനിമകള്‍ക്കായി പാഞ്ഞെത്തുന്നുവെന്നതും കാലത്തിന്റെ വഴിതെറ്റിയ മാറ്റമാണ് സൂചിപ്പിക്കുന്നത്. അടുത്തകാലത്ത് സുമനസുകളായ ചില സംവിധായകര്‍ ഇതിനെതിരെ ശക്തമായി സംസാരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. സിനിമകളുടെയും ദൃശ്യമാധ്യമങ്ങളുടെയും സ്വാധീനം വളരെയധികമാണ്. കൊടുംക്രൂരതകള്‍ മറയില്ലാതെ അവതരിപ്പിക്കുന്ന വയലന്‍സ് സിനിമകള്‍ അക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്നതു തീര്‍ച്ച. ഇത്തരം കാഴ്ചകളും ആസ്വാദനങ്ങളും മനുഷ്യമനസില്‍ ക്രൂരതയു ടെ വിത്തുപാകുമെന്നതും, അത് സ മൂഹത്തില്‍ കലാപങ്ങള്‍ സൃഷ്ടിക്കുമെന്നതും മനഃശാസ്ത്രവിദഗ്ധരുടെ പഠനമാണ്. പ്രതികാരവും ക്രൂരമായ കൊലപാതകങ്ങളുമെല്ലാം മഹത്വവത്ക്കരിക്കുമ്പോള്‍ മനുഷ്യജീവന്റെ വിലയാണിടിയുന്നത്. ആര്‍ക്കുമെന്തുമാകാമെന്ന ആസുരമായ പരിസരം രൂപപ്പെട്ടുവരുന്നതു ക്രമേണ സമൂഹത്തിന്റെ തകര്‍ച്ചയായി പരിണമിക്കുമെന്നതാണ് വസ്തുത. സമൂഹ്യമാധ്യമങ്ങള്‍ വെറുപ്പും വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ചു മുതലെടുക്കുന്നതില്‍ മത്സരിക്കുകയാണിന്ന്. നന്മയുടെ പ്രചാരകരായിത്തീരുന്ന മാധ്യമപ്രവര്‍ത്തനങ്ങളും കുറെയെല്ലാമുണ്ട് എന്നത് അവഗണിക്കുന്നില്ല. എന്നാല്‍ പൊതുവില്‍ നിഷേധാത്മകചിന്തകളും വികാരങ്ങളും പ്രതികാരമനോഭാവവും പരത്തുന്ന സമൂഹ്യമാധ്യമങ്ങള്‍ ജനങ്ങളെ തമ്മിലകറ്റുന്നു. നശീകരണപ്രവര്‍ത്തനങ്ങളിലേക്ക് യുവതയെ തള്ളിവിടുന്നു. അതോടൊപ്പം മദ്യവും മയക്കുമരുന്നുകളും വന്നുചേരുമ്പോള്‍ കലാപങ്ങളും വലിയ അക്രമപരമ്പരകളും ഉടലെടുക്കുന്നു.
അടിയന്തര പദ്ധതികള്‍
ലഹരിക്കും ആക്രമണങ്ങള്‍ക്കുമെതിരെ സംസ്ഥാനത്തെ ഭരണ സംവിധാനങ്ങളും പൊതുപ്രവര്‍ത്തകരും ഒരുമിച്ചു കൈകോര്‍ത്തു മുന്നേറുക ആവശ്യമാണ്. അതിനുവേണ്ട കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ ആവിഷ്‌ക്കരിക്കണം. സന്നദ്ധസംഘടനകളും നാടിനെ സംരക്ഷിക്കാന്‍ ഒരു മനസോടെ മുന്നിട്ടിറങ്ങണം. ലഹരി വിമുക്ത നാടെന്ന മുദ്രാവാക്യവുമായി യുവജനങ്ങളും കുട്ടികളും അണിനിരക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
കക്ഷിരാഷ്ട്രീയ, മത വ്യത്യാസങ്ങള്‍ക്കതീതമായി, സംഘടിതമായി ബോധവത്കരണപദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. ബോധവത്കരണം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാത്രമാകാതെ മാതാപിതാക്കളിലേക്കും ഗുരുജനങ്ങളിലേക്കുമെത്തിക്കാന്‍ കഴിയണം. സ്ത്രീസംഘടനകള്‍, വനിതാഫോറങ്ങള്‍, കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ മയക്കുമരുന്നിനെതിരെ സംഘടിതമായി രംഗത്തിറങ്ങിയാല്‍ ശക്തമായ മുന്നേറ്റമുണ്ടാകും.
നിയമപാലകരെയും അധ്യാപകരെയും ശാക്തീകരിക്കാനുള്ള സംവിധാനങ്ങളും നിയമപരിരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണം. മാധ്യമങ്ങളിലൂടെ ശക്തമായ ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മുഖ്യധാരയിലുള്ള ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടേണ്ടത് നാടിന്റെ തകര്‍ച്ചയെ തടയാന്‍ അത്യാവശ്യമാണ്. മയക്കുമരുന്നിനടിമപ്പെട്ടവരെ വിമോചിപ്പിക്കാന്‍ സഹായിക്കുന്ന ഡി അഡിക്ഷന്‍ സെന്ററുകള്‍ കൂടുതലായി ആരംഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും വേണം. ഇത്തരം സിനിമകള്‍ക്കെതിരെയുള്ള പ്രതികരണങ്ങളും ബോധവത്ക്കരണങ്ങളും സജീവമാക്കണം. വയലന്‍സ് പ്രകടമായി അവതരിപ്പിക്കുന്ന സിനിമകള്‍ സെന്‍സര്‍ ചെയ്തു നിരോധിക്കണം. മദ്യലോബികള്‍ക്കും ലഹരിമാഫിയകള്‍ക്കുമെതിരെ ശക്തമായ നടപടികളും നിലപാടുകളുമെടുക്കാന്‍ സര്‍ക്കാരും ഒപ്പം ജനപ്രതിനിധികളും സന്നദ്ധസംഘടനകളും തയാറാവണം. റെയ്ഡുകള്‍ ശക്തമാക്കുകയും പക്ഷഭേദമില്ലാത്ത കര്‍ശനനിയമനടപടികള്‍ സ്വീകരിക്കുകയും വേണം.
ചുരുക്കത്തില്‍
നടുവൊടിയുന്ന നാടിനെ താങ്ങിനിര്‍ത്തി രക്ഷപ്പെടുത്താനുള്ള അടിയന്തരശ്രമമാണിന്ന് അനിവാര്യം. സാക്ഷരതയില്‍ മുന്നില്‍നില്ക്കുന്ന മലയാളനാടിനെ ലഹരി വിമുക്തവും അക്രമരഹിതവുമാക്കുവാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാകണം. വളരുന്ന യുവതയാണ് നാടിന്റെ ഭാവിയും പുരോഗതിയുമെന്ന സത്യം നമുക്കു മറക്കാതിരിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *