ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രമായിരുന്നു ലസ്ട്രഡാ. മനുഷ്യന്റെ നന്മയിലുള്ള വിശ്വാസമാണ് ഈ ചിത്രം പറയുന്നത്. ആരെയും തള്ളിക്കളയാത്ത പാപ്പയ്ക്ക് ആ ചലച്ചിത്രം പ്രിയപ്പെട്ടതാകാന്‍ മറ്റു കാരണങ്ങള്‍ വേണ്ടല്ലോ.
ഡോ. ബിന്‍സ് എം. മാത്യു
(അസോസിയേറ്റ് പ്രഫസര്‍,
എസ്.ബി കോളജ് ചങ്ങനാശേരി)
ലാറ്റിനമേരിക്കയ്ക്ക് ലോകത്തിന്റെ ഹൃദയഭൂഖണ്ഡം എന്നൊരു പേരുകൂടിയുണ്ട്. മണ്‍ചിറകുകളിലേറി ആകാശത്തെ അണച്ചുപിടിക്കുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ അന്തിസ് പര്‍വ്വതനിരകള്‍. ചൂഷണം പെരുകിയപ്പോള്‍ പ്രതിരോധത്തിന്റെ കവിത തീര്‍ത്ത മനുഷ്യരുള്ള നാട്. ആഴമുള്ള നദികളും ഗഹനമായ ഉള്‍ക്കാടുകളും കവിതപോലെ കാല്‍പ്പന്തുകളിക്കുന്നവരും ലോകോത്തരമായ സാഹിത്യവും വറുതിയും ഏകാധിപത്യവും- ഇങ്ങനെ സങ്കീര്‍ണ്ണതകളും സമസ്യകളും നിറഞ്ഞതാണ് ലാറ്റിനമേരിക്കന്‍ ഭൂമിയും ജീവിതവും. ആഴമുള്ള ഈ നാടിന്റെ സന്തതിയായതുകൊണ്ടാകാം ഫ്രാന്‍സിസ് ആഴമുള്ള ചിന്തകളുടെ പ്രണയനിയായി മാറിയത്. എല്ലാ വൈവിധ്യങ്ങളെയും ഹൃദയത്തോടു ചേര്‍ത്തത്, ഭൂമിക്കു വേണ്ടിയും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടിയും വാദിച്ചത്. അതു മാത്രമല്ല പ്രധാനകാരണം ഉയിര്‍ത്തെഴുന്നേറ്റവന്റെ ലോകത്തിലെ ഏറ്റവും ഉദാത്തമായ തത്വശാസ്ത്രത്തെ ജീവശ്വാസംപോലെ സ്വീകരിച്ചവനായിരുന്നു ഫ്രാന്‍സിസ് പാപ്പ. ഒട്ടും ഉപരിപ്ലവമായിരുന്നില്ല പാപ്പയുടെ വാക്കും ജീവിതവും. അഭിമുഖങ്ങളിലും എഴുത്തുകളിലും പലപ്പോഴും കവിതയും സംഗീതവും ഉപയോഗിച്ചു. പാരമ്പര്യത്തെപ്പറ്റി വീരവാദം പറയുന്നവരോട് ബൊഹീമിയന്‍ ഗായകനായ ഗുസ്താവ് മാഫ്‌റിന്റെ ഒരു വാക്യം കടമെടുത്ത് പാപ്പാ പറയുന്നു, പാരമ്പര്യം ചാരത്തെ പൂജിക്കലല്ല അഗ്‌നിയെ വീണ്ടെടുക്കലാണെന്ന്. പാപ്പ ലോകപ്രശസ്ത കമ്പോസറുടെ വാക്യങ്ങളെ വിപുലീകരിക്കുന്നുണ്ട് -പരമ്പര്യം മ്യൂസിയമല്ല. അത് നാളെയുടെ വാഗ്ദാനമാകണം അല്ലാതെ കാര്യമില്ല.
കാരുണ്യത്തിന്റെ മറ്റൊരു പേര്
കടല്‍പ്പക്ഷികള്‍ ചേക്കേറാറില്ല. അവ പറന്നു കൊണ്ടേയിരിക്കും. നമ്മുടെകാലത്ത് വിശ്രമമില്ലാതെ പറന്ന ഒരു പക്ഷിയായിരുന്നു ഫ്രാന്‍സിസ് പാപ്പ. നമ്മുടെ ഹൃദയത്തെ കുറച്ചുകൂടി വിശാലമാക്കാ ന്‍ നമ്മുടെ സങ്കല്പങ്ങളെ നവീകരിക്കാ ന്‍ പതിരില്ലാത്ത വാക്കുകള്‍ക്കൊണ്ടും വാക്കുകള്‍ക്ക് ജീവന്‍ നല്‍കിയും കാലത്തിനൊപ്പം നടന്ന ഫ്രാന്‍സിസ് നടന്നകലുകയാണ്. പക്ഷേ പാപ്പ അവശേഷിപ്പിച്ച ചാക്രികലേഖനങ്ങളും പ്രബോധനങ്ങളും വീഡിയോ ദൃശ്യങ്ങളും ഇവിടെയുണ്ടാകും.
ദൈവം, ആനന്ദം, പ്രകൃതി, കാരുണ്യം ഇങ്ങനെ ചതുര്‍ഭാവങ്ങളുള്ള ആത്മീയ ദര്‍ശനമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്. ദൈവം കാരുണ്യത്തിന്റെ മറ്റൊരു പേരാണെന്ന് അദ്ദേഹം എഴുതി (The name of God is mercy). വന്‍കരകളില്‍ രാജ്യാതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞ് ചുറ്റിസഞ്ചരിച്ചു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ സോഫിയ എന്ന അനധികൃത കുടിയേറ്റക്കാരന്റെ മകളെ ആശ്ലേഷിച്ചു. രാജ്യം പൗരന്മാരുടേതുമാത്രമല്ല എന്ന് പറയാതെ പറയുകയായിരുന്നു. ഭൂപടങ്ങളില്‍ നിരപരാധികളുടെ ചോരവീഴുന്നത് അദ്ദേഹത്തെ വേദനപ്പിച്ചു. പാപ്പ ക്രിസ്ത്യാനികളുടെ അംബാസിഡറായിരുന്നില്ല. മറിച്ച് വേദനിക്കുന്ന മുറിവേല്‍ക്കപ്പെടുന്ന എല്ലാ മനുഷ്യരുടെയും വക്താവായിരുന്നു. അവര്‍ക്കുവേണ്ടി ശബ്ദിച്ചു. ലോക പോലീസ് മുഖം കറുപ്പിച്ചപ്പോഴും ക്രിസ്തുവിന്റെ നീതിസൂര്യന്‍ ഉച്ചവെയില്‍പോലെ പ്രകാശിച്ചു. കാരണം മുറിവേറ്റവരുടെ ആശുപത്രിയുടെ തലവനാണ് താനെന്ന ബോധ്യമായിരുന്നു പാപ്പായെ നയിച്ചത്.
പാപ്പയുടെ പ്രിയപ്പെട്ട സിനിമ
ലോകപ്രശസ്ത ഇറ്റാലിയന്‍ സംവിധായകനായ ഫെല്ലിനിയുടെ ക്ലാസിക് ചിത്രമാണ് ലസ്ട്രാഡ. ലോക സിനിമയിലെ മികച്ച പത്ത് ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണിത്. 1959 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു സര്‍ക്കസുകാരന്റെയും അയാളുടെ അടിമയായ പെണ്‍കുട്ടിയുടെയും കഥ പറയുന്നു. സര്‍ക്കസുകാരന്‍ ക്രൂരമായാണ് ആ പെണ്‍കുട്ടിയാട് പെരുമാറുന്നത്. ഫ്രയിമുകളിലൊന്നിലും സ്‌നേഹത്തിന്റെ ലഞ്ചനപോലും ഇല്ല. കുറ്റത്തിന് ശിക്ഷിപ്പെട്ട് ജയിലില്‍നിന്നും പുറത്തിറങ്ങുന്ന അയാള്‍ ആദ്യം അവളെയാണ് തിരയുന്നത്. അവള്‍ രോഗത്താലോ പട്ടിണിയാലോ മരിച്ചിരുന്നു. ഒരു കടല്‍ത്തീരത്തിരുന്ന് കരയുന്ന അയാളുടെ ദൃശ്യത്തില്‍ സിനിമ അവസാനിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രമായിരുന്നു ലസ്ട്രഡാ. മനുഷ്യന്റെ നന്മയിലുള്ള വിശ്വാസമാണ് ഈ ചിത്രം പറയുന്നത്. തന്റെയുള്ളിലെ മഞ്ഞുമൂടിയ സ്‌നേഹത്തിന്റ കടലിനെ അയാള്‍ പോലും അവസാനമാണ് കണ്ടെത്തുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും മഞ്ഞുമൂടിയ ഒരു ദൈവമുണ്ടെന്ന് സെല്ലുലോയ്ഡില്‍ കുറിക്കുകയായിരുന്നു ഫെല്ലിനി. ആരെയും തള്ളി കളയാത്തപാപ്പയ്ക്ക് ആ ചലച്ചിത്രം പ്രിയപ്പെട്ടതാകാന്‍ മറ്റു കാരണങ്ങള്‍ വേണ്ടല്ലോ.
ആത്മീയതയുടെ വിശാല പ്രപഞ്ചം
പ്രപഞ്ചത്തെ ദൈവത്തിന്റെ കരവേലയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നോക്കിക്കണ്ടത്. ഓരോ സൃഷ്ടിയും മഹോന്നതമാണെന്ന ദൈവശാസ്ത്രം അസീസിയിലെ ഫ്രാന്‍സിസില്‍നിന്നാണ് വത്തിക്കാനിലെ ഫ്രാന്‍സിസിന് കിട്ടുന്നത്. പ്രകൃതിയെയും ചരാചരങ്ങളെയും ആഴത്തില്‍ സ്‌നേഹിക്കുന്ന ലാറ്റിനമേരിക്കയുടെ പാരമ്പര്യവും പിതാവിനെ സ്വാധീനിച്ചിട്ടുണ്ടാകാം. ഫ്രാന്‍സിസ് പാപ്പയുടെ ലൗദാത്തോ സി എന്ന ചാക്രികലേഖനം വാസ്തവത്തില്‍ ഒരു ക്ലാസിക് കൃതിയാണ്. ഭൂമിയെക്കുറിച്ചുള്ള കരുതലും സ്‌നേഹവും അതിലുണ്ട്.
ആഗോളതാപനം പരിസ്ഥിതിമലിനീകരണം വിഭവങ്ങളുടെ ലഭ്യതയില്ലായ്മ തുടങ്ങി ഭൂമി നേരിടുന്ന വെല്ലുവിളികളാണ് അതില്‍ പ്രതിപാദിക്കുന്നത്. ഇത് ഭൂമിരാഷ്ട്രീയമോ പരിസ്ഥിതിരാഷ്ട്രീയമോ അല്ല, മറിച്ച് ഹരിത ആത്മീയതയാണ്. ദൈവത്തിനും മനുഷ്യനുമിടയില്‍ തീര്‍ന്നു പോകുന്നതല്ല ആത്മീയത. ഇടയില്‍ വിശാലമായ ഒരു പ്രപഞ്ചമുണ്ട്. അവിടെ നിശ്ചല തടാകത്തിലെന്നതുപോല ദൈവത്തിന്റെ മുഖം പ്രതിബിംബിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ആഴിയെയും ആഴത്തെയും മലകളെയും താഴ്‌വാരങ്ങളെയും സ്‌നേഹിക്കുന്ന ആത്മീയതയാണ് ഫ്രാന്‍സീസിന്റേത്.
ആത്മീയതയെ അങ്ങേറ്റയറ്റം സ്വാഭാവികമായാണ് പാപ്പ നോക്കിക്കണ്ടത്. സുവിശേഷം ഭാരമല്ല. നിയമങ്ങളും വിലക്കുകളും മാത്രമുള്ള ഒന്നായി അതിനെ കാണുമ്പോഴാണ് അത് ഭാരമായിത്തീരുന്നത്. സുവിശേഷം ആനന്ദമാണെന്ന് പറയുന്നു. ആനന്ദം പങ്കുവയ്ക്കുമ്പോള്‍ ലഭിക്കുന്നതാണ്. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു ഫ്രാന്‍സിസ് പാപ്പയുതേത്. പുഞ്ചിരിപ്പൂവില്ലാതെ പാപ്പയെ അധികം കാണാന്‍ കഴിയില്ല. അത് സുവിശേഷത്തിന്റെ ആനന്ദമാണ്. അത് നല്‍കിയും പങ്കുവച്ചും അവസാനംവരെ പാപ്പ പൊരുതി. ശാരീരിക രോഗങ്ങളോടും, ലോകകുടുംബത്തിലെ കെടുതികളോടും. ഫ്രാന്‍സിസ് പറഞ്ഞു, ജീവിച്ചു, കടന്നു പോയി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഒരാള്‍ക്കുകൂടി തലയുയര്‍ത്താം.
പ്രശസ്ത തുര്‍ക്കി കവി നാസിം ഹിക്മത്തിന്റെ ‘ഏറെ സുന്ദരമായ കടല്‍’ എന്ന കവിത പാപ്പ തന്റെ ‘ക്രിസ്തു ജീവിക്കുന്നു’ എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ അവസാന ഭാഗത്ത് ചേര്‍ക്കുന്നുണ്ട്.
ഏറ്റവും മനോഹരമായ കടല്‍
ഇനി കടക്കാനിരിക്കുന്നതേയുള്ളു
ഏറ്റവും മനോഹരമായ ദിനങ്ങള്‍
ഇനി വരാനിരിക്കുന്നതേയുള്ളു
നിങ്ങളോട് പറയാനുള്ള ഏറ്റവും നല്ല വാക്കുകള്‍
ഇനി പറയാനിരിക്കുന്നതേയുള്ളൂ.
ഒടുവിലത്തേക്ക് മാറ്റപ്പെട്ട ആ പ്രിയവാക്ക് സെന്റ് മേരീസ് ബസലിക്കയിലെ മൃതകുടീരത്തില്‍ ഇനിയും കുറിക്കാന്‍ പോകുന്ന ഫ്രാന്‍സിസ് എന്ന ആ ഒറ്റവാക്കല്ലേ?
Leave a Comment
Your email address will not be published. Required fields are marked with *