സഭയുടെ പരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില്‍ മതിയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്‍ദിനാള്‍ റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
”2022 ല്‍ സെന്റ് മേരി മേജര്‍ ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിതമായ മരിയന്‍ ഐക്കണില്‍ അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഇവിടെ വന്നു അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു. അതിനാല്‍ത്തന്നെ പാപ്പയുടെ അന്ത്യവിശ്രമം ഇവിടെ ആയിരിക്കാന്‍ ആഗ്രഹിക്കുണ്ടോ’എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മറുപടി വേണ്ട എന്നായിരുന്നു. കാരണം മാര്‍പാപ്പമാരെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സംസ്‌കരിക്കാറാണ് പതിവ്. അതിനാല്‍ അങ്ങനെ തന്നെ മതി എന്നു പറഞ്ഞു. പക്ഷേ ഒരാഴ്ചയ്ക്ക് ശേഷം മാര്‍പ്പാപ്പ എന്നെ വത്തിക്കാനിലെ വസതിയിലേക്ക് വിളിച്ച് പരിശുദ്ധ അമ്മ തന്നോടു പറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ചു. ആ സംഭാഷണത്തില്‍ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു, ‘നമ്മുടെ പരിശുദ്ധ അമ്മ എന്നെ മറന്നില്ല എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്,”’ കര്‍ദിനാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാര്‍പാപ്പ തന്റെ 47 അന്താരാഷ്ട്ര യാത്രകള്‍ക്ക് മുമ്പും ശേഷവും ആശുപത്രി വാസത്തിന് ശേഷവും സെന്റ് മേരി മേജറിലെ മരിയന്‍ ഐക്കണ്‍ സന്ദര്‍ശിച്ചിരുന്നു.
ബസിലിക്കയ്ക്കു പാപ്പയുടെ ജെസ്യൂട്ട് വേരുകളുമായും ബന്ധമുണ്ട്. ജെസ്യൂട്ട് സഭാസ്ഥാപകനായ ലയോളയിലെ വിശുദ്ധ ഇഗ്‌നേഷ്യസ് 1538-ല്‍ ഇവിടെയാണ് തന്റെ പ്രഥമ ദിവ്യബലിയര്‍പ്പിച്ചത്. അതിനാല്‍ത്തന്നെ ഈ ദൈവാലയം സഭയുടെ ആദ്യത്തെ ജെസ്യൂട്ട് മാര്‍പാപ്പയ്ക്ക് അനുയോജ്യമായ അന്ത്യവിശ്രമ സ്ഥലമായി മാറുന്നു.
Leave a Comment
Your email address will not be published. Required fields are marked with *