ബെയ്ജിംഗ്/ചൈന: മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങാനിരിക്കെ, പുതിയ രണ്ട് ബിഷപ്പുമാരെ ഏകപക്ഷീയമായി തിരഞ്ഞെടുത്ത് ചൈന. ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയപ്പോഴും ചൈന അസാധാരണമായ മൗനം പാലിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വത്തിക്കാനും ബെയ്ജിംഗും തമ്മിലുള്ള ദുര്‍ബലവും പലപ്പോഴും വെല്ലുവിളി നിറഞ്ഞതുമായ ബന്ധത്തെ വീണ്ടും ഉലയ്ക്കുന്നതാണ് ചൈനയുടെ പുതിയ നീക്കം. പരിശുദ്ധ ഹാസനത്തോടുള്ള വിധേയത്വത്തില്‍ നിന്ന് വേര്‍പ്പെട്ട് ചൈനീസ് സഭയുടെ സ്വയംഭരണാവകാശം ഉറപ്പിക്കാന്‍ ചൈനീസ് അധികാരികള്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു
ഷാങ്ഹായിലെ വികാരി ജനറലായ ഫാ. വു ജിയാന്‍ലിനെ, പ്രാദേശിക വൈദികസമ്മേളനമാണ് നഗരത്തിലെ പുതിയ സഹായ മെത്രാനായി തിരഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം, ഫാ. ലി ജിയാന്‍ലിനെ സിന്‍ക്‌സിയാങ് രൂപതയുടെ ബിഷപ്പായും തിരഞ്ഞെടുക്കുകയായിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന്പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുന്ന ‘സെഡെ വെക്കന്റേ’ കാലഘട്ടത്തിലാണ് ഈ രണ്ട് നിയമനങ്ങളും നടത്തിയിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന് എപ്പിസ്‌കോപ്പല്‍ നാമനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത കാലഘട്ടമാണിത്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് 7-ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ ഈ നിയമനം, പുതിയ മാര്‍പാപ്പക്ക് നയതന്ത്ര വെല്ലുവിളിയായേക്കും.
സിന്‍ക്‌സിയാങ്ങിലെ വിവാദ നിയമനം
വത്തിക്കാന്‍ നേരത്തെ തന്നെ ബിഷപ് ജോസഫ് ഷാങ് വെയ്ഷുവിനെ സിന്‍ക്‌സിയാങ്ങിലെ നിയമാനുസൃത ബിഷപ്പായി അംഗീകരിച്ചിട്ടുണ്ട്. 1991-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രഹസ്യമായി നിയമിച്ച ഷാങ്ങിന്റ, നിയമനം അംഗീകരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല. 2021-ല്‍ കാന്‍സര്‍ ശസ്ത്രക്രിയയില്‍ നിന്ന് സുഖം പ്രാപിക്കുന്നതിനിടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ഇപ്പോഴും വിചാരണ കൂടാതെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയുമാണന്ന് ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2024-ലെ റിപ്പോര്‍ട്ട് പറയുന്നു.
നിയുക്ത ബിഷപ്പായ ഫാ. ലി ജിയാന്‍ലിന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തിയാണ്. 2018-ല്‍, ഹെനാന്‍ പ്രവിശ്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്നത് നിരോധിക്കുന്ന നിര്‍ദേശത്തില്‍ അദ്ദേഹം ഒപ്പുവച്ചിരുന്നു. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ നിയമനം, വത്തിക്കാനോടുള്ള ഒരു തുറന്ന വെല്ലുവിളിയായി നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് റോമില്‍ നിന്ന് നിയമിച്ച ഒരു ബിഷപ്പുണ്ടായിരിക്കെ പുതിയ ബിഷപ്പിനെ നിയമിച്ചത്, വത്തിക്കാന്‍-ചൈന ബന്ധത്തില്‍ വിള്ളലുണ്ടാക്കിയേക്കും.
വത്തിക്കാന്‍-ചൈന കരാര്‍
ബിഷപ്പുമാരുടെ നിയമനുവുമായി ബന്ധപ്പെട്ട 2018-ലെ താല്‍ക്കാലിക കരാര്‍, ബെയ്ജിംഗ് പലപ്പോഴും ലംഘിച്ചിരുന്നു. 2023-ല്‍, ബിഷപ് ഷെന്‍ ബിന്നിനെ, വത്തിക്കാന്റെ അംഗീകാരമില്ലാതെ ഷാങ്ഹായില്‍ ചൈന നിയമിച്ചതും പിന്നീട് ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചതും വിവാദമായിരുന്നു.
വത്തിക്കാനോട് വിധേയത്വം പുലര്‍ത്തുന്ന കത്തോലിക്ക വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കുമെതിരെ ചൈന പീഡനങ്ങള്‍ തുടരുന്നതായി മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് ബിഷപ്പുമാര്‍ നിലവില്‍ വിചാരണയില്ലാതെ തടവിലാണ്. മെയ് 1 മുതല്‍ ചൈനയില്‍ വിദേശ മിഷനറിമാര്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വിലക്കുന്ന പുതിയ നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പുതിയ മാര്‍പാപ്പ സ്വീകരിക്കുന്ന നടപടികള്‍ ചൈന-വത്തിക്കാന്‍ ബന്ധത്തില്‍ നിര്‍ണായകമാകും.
Leave a Comment
Your email address will not be published. Required fields are marked with *