Follow Us On

17

May

2025

Saturday

നയതന്ത്രകൂട്ടായ്മയില്‍ കുടുംബത്തിന്റെ ഊഷ്മളത വളര്‍ത്തണം: പാപ്പാ

നയതന്ത്രകൂട്ടായ്മയില്‍  കുടുംബത്തിന്റെ ഊഷ്മളത  വളര്‍ത്തണം: പാപ്പാ

വത്തിക്കാന്‍ സിറ്റി: നയതന്ത്രകൂട്ടായ്മയില്‍ കുടുംബത്തിന്റെ ഊഷ്മളത വളര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ, വത്തിക്കാനില്‍ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തി, സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.
പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാന്‍സിസ് പാപ്പായുടെ മരണത്തില്‍ അനുശോചനം അറിയിച്ചതിനും നന്ദിയര്‍പ്പിച്ചു. സംഭാഷണത്തില്‍, നയതന്ത്ര സമൂഹം ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന അവബോധത്തില്‍ വളരുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാരണം, അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും അതിനെ സജീവമാക്കുന്ന മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും പങ്കുവയ്ക്കുവാന്‍ സാധിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

പരിശുദ്ധ സിംഹാസനത്തിലേക്കുള്ള നയതന്ത്രബന്ധത്തിന്റെ വ്യതിരിക്തത, അത് സഭയുടെ കാതോലികതയുടെ പ്രകടനം ആണെന്നും, പദവികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നതിനു പകരം, മാനവികതയുടെ സേവനത്തിനായി സുവിശേഷ ദൗത്യം ശക്തമാക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിലവിളികളോടുള്ള ശ്രവണവും, സൃഷ്ടിയുടെ സംരക്ഷണം മുതല്‍ നിര്‍മ്മിത ബുദ്ധി വരെ നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ശ്രദ്ധയും ഫ്രാന്‍സിസ് പാപ്പായുടെ മുന്‍ഗണനയില്‍ എപ്പോഴും ഉണ്ടായിരുന്നതും പാപ്പാ ഓര്‍മ്മപ്പെടുത്തി.

വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവയ്ക്കിടയില്‍ കെട്ടിപ്പടുത്തിയ തന്റെ ജീവിത അനുഭവങ്ങള്‍ വ്യത്യസ്ത ആളുകളെയും, സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ തന്നെ സഹായിച്ചുവെന്നും, അതിനാല്‍ വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ രാജ്യവുമായും സംഭാഷണം ഊട്ടിയുറപ്പിക്കുവാന്‍ തനിക്കുള്ള അതിയായ ആഗ്രഹത്തെയും പാപ്പാ ചൂണ്ടിക്കാട്ടി. അഗസ്തീനിയന്‍ സഭയുടെ പ്രിയോര്‍ ജനറലായിരുന്ന കാലഘട്ടത്തില്‍ വിവിധ രാജ്യങ്ങളിലെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ മനസിലാക്കുവാന്‍ തനിക്ക് സാധിച്ചതും, നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ തന്നെ സഹായിക്കുമെന്നുള്ള പ്രത്യാശയും പാപ്പാ അടിവരയിട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?