വത്തിക്കാന്‍ സിറ്റി: വികസ്വര രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ആഗോള പൊതു കടം ലഘൂകരിക്കുന്നതിന് പരിഷ്കാരങ്ങള്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിന് പിന്തുണയുമായി വത്തിക്കാന്‍. ‘ജൂബിലി റിപ്പോര്‍ട്ട്: കടവും വികസന പ്രതിസന്ധികളും പരിഹരിക്കുന്നതിനും സുസ്ഥിര ജനകേന്ദ്രീകൃത ആഗോള സമ്പദ്വ്യവസ്ഥയ്ക്കുള്ള സാമ്പത്തിക അടിത്തറ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ബ്ലൂപ്രിന്റ്’ എന്ന തലക്കെട്ടിലുള്ള രേഖ, വത്തിക്കാന്റെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലാണ് അവതരിപ്പിച്ചത്.
ധാര്‍മിക തത്വങ്ങളെ അടിസ്ഥാനമാക്കി പൊതു കടത്തിന്റെ പുനഃസംഘടന നടത്തുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്തുന്നതിനായി 2024 ജൂണില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രൂപം നല്കിയ ജൂബിലി കമ്മീഷനാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നോബല്‍ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സും മുന്‍ അര്‍ജന്റീനിയന്‍ സാമ്പത്തിക മന്ത്രി മാര്ട്ടിന് ഗുസ്മാനും ഉള്‍പ്പെടെ മുപ്പത് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍ കമ്മീഷനില്‍ അംഗങ്ങളാണ്. ലിയോ 14 ാമന്‍ മാര്‍പാപ്പയും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.
ആഗോള പൊതു കടം 97 ട്രില്യണ്‍ ഡോളര്‍
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, 2023 ല്‍ ആഗോള പൊതു കടം 97 ട്രില്യണ്‍ ഡോളറിലെത്തി. 2022 നെ അപേക്ഷിച്ച് 5.6 ട്രില്യണ്‍ ഡോളറിന്റെ വര്‍ധനവാണിത്. 50 ലധികം വികസ്വര രാജ്യങ്ങള്‍ ഇതിനകം തന്നെ അവരുടെ നികുതി വരുമാനത്തിന്റെ 10% ത്തിലധികം പലിശ അടയ്ക്കലിനായി നീക്കിവയ്ക്കുന്നുവെന്ന് രേഖ റിപ്പോര്‍ട്ട് ചെയ്യുന്നു, ഇത് ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഉപയോഗിക്കേണ്ട സാമ്പത്തിക സ്രോതസ്സുകളെ വഴിതിരിച്ചുവിടുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്ന കടം പ്രതിസന്ധി വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെ നീതിയുടെയും സുസ്ഥിരതയുടെയും ഉപകരണമാക്കി മാറ്റുന്നതിനുള്ള നിരവധി നടപടികളും ശുപാര്‍ശകളും രേഖ നിര്‍ദേശിക്കുന്നു. സ്വകാര്യ കമ്പനികള്‍ക്ക് നിലവിലുള്ളതിന് സമാനമായി രാജ്യങ്ങള്‍ക്കായി ഒരു അന്താരാഷ്ട്ര പാപ്പരത്ത സംവിധാനം സൃഷ്ടിക്കല്‍; കടക്കെണിയിലായ സ്വകാര്യ നിക്ഷേപകരുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കല്‍; പ്രതിസന്ധിയിലായ രാജ്യങ്ങള്‍ക്ക് വായ്പകളും ഹ്രസ്വകാല സാമ്പത്തിക പിന്തുണയും നല്കല് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പരമ്പരാഗതമായി കരുണയും കടത്തിന് നല്കുന്ന ഇളവുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ജൂബിലി വര്‍ഷത്തിന്റെ ആത്മാവിന്റെ ഭാഗമാണ് ഈ സംരംഭം. 2024 ലെ പേപ്പല്‍ ബുള്‍ ‘സ്പെസ് നോണ്‍ കണ്ഫണ്ടിറ്റില്’, ദരിദ്ര രാജ്യങ്ങളുടെ വിദേശകടം ഇളവ് ചെയ്യുന്നത് പോലുള്ള അസാധാരണമായ നടപടികളിലൂടെ ദയ കാണിക്കാന്‍ സര്‍ക്കാരുകളോട് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമായി ആവശ്യപ്പെട്ടിരുന്നു. വാസ്തവത്തില്‍ സഭയുടെ സാമൂഹിക പഠിപ്പിക്കലിനെ അടിസ്ഥാനമാക്കി ദരിദ്ര രാജ്യങ്ങള്‍ക്ക് കടം ഇളവ് നല്‍കണമെന്ന് ആവശ്യത്തിന് 1997 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയാണ് തുടക്കമിട്ടത്. അതിലൂടെ 100 ബില്യണ്‍ ഡോളറിലധികം കടം റദ്ദാക്കപ്പെട്ടു.
പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് ആസ്ഥാനത്ത് നടന്ന കടം, സാമൂഹിക നീതി, വികസനം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര യോഗത്തില്‍, കടത്തെക്കുറിച്ചുള്ള സാങ്കേതിക ചര്‍ച്ച കടബാധ്യതയുടെ ഭവിഷ്യത്ത് ഏറ്റവും കൂടുതല്‍ നേരിടുന്ന ആളുകളെ ഒരിക്കലും മറക്കരുതെന്ന് കാരിത്താസ് ഇന്റര്‍നാഷണല്‍ പ്രതിനിധി അല്‍ഫോന്‍സോ അപിക്കെല്ല ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പോലെ, ‘വളരെയധികം കടം വാങ്ങുകയും വളരെ കുറച്ച് നിക്ഷേപിക്കുകയും ചെയ്ത’ നിരവധി വികസ്വര രാജ്യങ്ങളുടെ ഉത്തരവാദിത്തവും സമ്മേളനത്തില്‍ ഉയിര്‍ന്നുവന്നു.
Leave a Comment
Your email address will not be published. Required fields are marked with *