
സിനിമയെ ജാഗ്രതയോടെ സമീപിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ്.
‘സിനിമ’ എന്നത് സാധാരണ ജനങ്ങളുടെ വിനോദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാധ്യമമാണ്. സിനിമയിലൂടെ നല്‍കപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹത്തിന്റെ ചിന്താഗതികളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. 1997-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ടൈറ്റാനിക്’, 2000-ല്‍ റിലീസ് ചെയ്യപ്പെട്ട ‘ഗ്ലാഡിയേറ്റര്‍’, 2004-ലെത്തിയ ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ മുതലായ സിനിമകള്‍ ലോകമെങ്ങുമുള്ള അനേക ദശലക്ഷം ജനങ്ങള്‍ വീക്ഷിച്ചു.
തിയേറ്ററില്‍പോയി സിനിമ കാണുന്നവരെ കൂടാതെ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് മുതലായവയിലൂടെ അനേകായിരം ജനങ്ങള്‍ സിനിമകള്‍ കാണുന്നു. അതുകൊണ്ടുതന്നെ, മുന്‍കാലത്തെന്നതിനേക്കാള്‍ സിനിമകള്‍ അനേകം ഇരട്ടി കാണികളിലേക്ക് എത്തുന്നുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമകളില്‍ അക്രമാസക്തമായ രംഗങ്ങള്‍ ഏറിവരുന്നുണ്ട്. ‘അനിമല്‍’, ‘ആര്‍-ആര്‍-ആര്‍’, ‘കെ-ജി-എഫ്’, പുഷ്പ, പുഷ്പ -2 മുതലായവ ഇതിനുള്ള ഏതാനും ഉദാഹരണങ്ങളാണ്. മലയാള സിനിമയിലും ഈ പ്രവണത ഏറിവരുന്നു.
‘അഞ്ചാം പാതിര’, ‘പണി’, ‘ആവേശം’, ‘റൈഫിള്‍ ക്ലബ്’ മുതലായവ ഇതില്‍ ചിലതുമാത്രം. ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലും കുറ്റവാളികളെയും അസ്വസ്ഥതയുള്ളവാക്കുന്ന രംഗങ്ങളെയും ആദ്യാവസാനം കാണാം. സിനിമയിലെ കഥാപാത്രങ്ങളുടെ വേഷത്തിലും അവര്‍ ഉപയോഗിക്കുന്ന സംസാരഭാഷയിലും മറ്റും ‘ചുരുളി’ സംസ്‌കാരം ആവേശിച്ചിരിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം നാട്ടിന്‍ ദിവസേന അക്രമവും അടിപിടിയും കുറ്റകൃത്യങ്ങളും ഏറിവരുന്നതായി കാണുന്നു.
‘അമരം’, ‘വാത്സല്യം’, ‘രാപ്പകല്‍’ എന്നിവയെപ്പോലുള്ള കുടുംബകഥകള്‍ മാത്രമേ സിനിമയുടെ ഇതിവൃത്തമാകാവൂ എന്നില്ല. പക്ഷേ അക്രമം അഴിഞ്ഞാടുന്ന കഥകള്‍മാത്രം ആവാനും പാടില്ല. സാമ്പത്തിക നേട്ടത്തോടൊപ്പം കലാമൂല്യവും ഉണ്ടാവണമെന്ന ചിന്ത, സിനിമകള്‍ തയാറാക്കുന്നവര്‍ക്ക് പ്രേരണയാവട്ടെ എന്നു പ്രത്യാശിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *