Follow Us On

08

October

2025

Wednesday

ക്രിസ്തുവിന്റെ ‘അതേ മനസ്’ രൂപീകരിക്കുക, വൈദികരുടെ രൂപീകരണത്തിലെ പ്രധാന ലക്ഷ്യം: ലിയോ 14 ാമന്‍ പാപ്പ

ക്രിസ്തുവിന്റെ ‘അതേ മനസ്’ രൂപീകരിക്കുക, വൈദികരുടെ രൂപീകരണത്തിലെ പ്രധാന ലക്ഷ്യം: ലിയോ 14 ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: വൈദികരുടെ രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം യേശുക്രിസ്തുവിന്റെ ‘അതേ മനസ്’ രൂപീകരിക്കുക എന്നതും ‘സുവിശേഷം പ്രതിഫലിപ്പിക്കുക’ എന്നതുമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. സെന്റ് സേവ്യര്‍ സൊസൈറ്റിയിലെ വൈദികരെയും റെജീന അപ്പസ്‌തോലോറം അഥനേയത്തിലെ ഒരു മാസം നീണ്ടുനില്‍ക്കുന്ന സെമിനാരി ഫോര്‍മേറ്റര്‍ കോഴ്സില്‍ പങ്കെടുക്കുന്ന വൈദികരെയും അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ പാപ്പ.  വൈദികര്‍, സാധാരണക്കാര്‍, സമര്‍പ്പിതര്‍ എന്നിവരുടെ രൂപീകരണം പ്രത്യേക അറിവ് നേടുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അത് പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ യാത്രയാണെന്നും പാപ്പ  പറഞ്ഞു.

നമ്മുടെ ജീവിതത്തിന്റെയും ദൈവവിളിയോടുള്ള പ്രത്യുത്തരത്തിന്റെയും ‘ഭവനം പാറയില്‍ സ്ഥാപിക്കേണ്ടത്’ ആവശ്യമാണെന്ന് പാപ്പ തുടര്‍ന്നു. യേശുവുമായുള്ള സൗഹൃദം വളര്‍ത്തിയെടുക്കുക എന്നതാണ് അതിനുള്ള ആദ്യ മാര്‍ഗം. ഓരോ ദൈവവിളിയുടെയും അപ്പസ്‌തോലിക ദൗത്യത്തിന്റെയും അടിത്തറയാണിത്. നമ്മള്‍ വ്യക്തിപരമായി നാഥന്റെ സാമീപ്യം അനുഭവിക്കേണ്ടതുണ്ട്; കര്‍ത്താവ് നമ്മെ കാണുകയും സ്‌നേഹിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നത് നമ്മുടെ യോഗത്യകൊണ്ടല്ല,  ദൈവകൃപയാല്‍ ആണെന്ന് തിരിച്ചറിയണം.

മറ്റുള്ളവരുമായി ഫലപ്രദവും സ്‌നേഹനിര്‍ഭരവുമായി സാഹോദര്യത്തില്‍ ജീവിക്കാന്‍ അഭ്യസിക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. വ്യക്തിവാദത്തെയും മറ്റുള്ളവരെ മറികടക്കാനുള്ള ആഗ്രഹത്തെയും അതിജീവിക്കാന്‍ നാം  കഠിനാധ്വാനം ചെയ്യണമെന്നും അതുവഴി ആരോഗ്യകരവും സാഹോദര്യം നിറഞ്ഞതുമായ ആത്മീയ ബന്ധങ്ങള്‍  കെട്ടിപ്പടുക്കാന്‍ ക്രമേണ പഠിക്കുമെന്നും പാപ്പ പറഞ്ഞു. വൈദികര്‍, തങ്ങള്‍ മാത്രമാണ് നേതാക്കന്‍മാര്‍ എന്ന് ചിന്തിക്കാതെ  മാമ്മോദീസാ സ്വീകരിച്ച  എല്ലാവരുമായും ദൗത്യം പങ്കിടുകയാണ് ദൈവവിളിയുടെ അടിത്തറ ഭദ്രമാക്കുന്നതിനുള്ള മൂന്നാമത്തെ മാര്‍ഗമെന്ന് പാപ്പ തുടര്‍ന്നു.

സഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍, എല്ലാ വിശ്വാസികളും സുവിശേഷവത്കരണത്തിനായി സ്വയം സമര്‍പ്പിച്ചിരുന്നുവെന്നും അഭിഷിക്തര്‍ ഈ ദൗത്യത്തിന് പിന്തുണ നല്‍കിയിരുന്നുവെന്നും പാപ്പ ഓര്‍മിപ്പിച്ചു. ഇന്ന്, സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും ഈ പങ്കാളിത്തത്തിലേക്ക് നാം മടങ്ങിവരണമെന്ന് പാപ്പ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?