യാവുണ്ടേ, കാമറൂണ്‍: കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ വിമതര്‍ ദൈവാലയം അക്രമിച്ച് ദിവ്യകാരുണ്യം തറയില്‍ വിതറി അവഹേളിച്ചു. അക്രമം ‘വിനാശകരമായ ആത്മീയ മുറിവ്’ രൂപപ്പെടുത്തിയതായി കാരിത്താസ് ബുനിയ കോഡിനേറ്റര്‍ ഫാ. ക്രിസാന്തെ എന്‍ഗാബു ലിഡ്ജ പറഞ്ഞു.വിമത വിഭാഗമായ റിബല്‍സ് കോപ്പറേറ്റീവ് ഫോര്‍ ദി ഡെവലപ്പ്‌മെന്റ് ഓഫ് കോംഗോയാണ് (കോഡെക്കോ) ഇറ്റൂറി പ്രവിശ്യയിലെ, ബുനിയ രൂപതയുടെ കീഴിലുള്ള സെന്റ് ജോണ്‍ കാപ്പിസ്ട്രാന്‍ ഇടവക ദൈവാലയം ആക്രമിച്ചത്.
ജൂലൈ 21-ന് നടത്തിയ ആക്രമണത്തില്‍ ദൈവാലയവും, വൈദിക മന്ദിരവും, ഗ്രോട്ടോയും അക്രമിച്ച വിമത സംഘം സക്രാരി തുറന്ന് ദിവ്യകാരുണ്യം നിലത്ത് വിതറി. മരിയന്‍ ഗ്രോട്ടോയും വിമതര്‍ നശിപ്പിച്ചതായി ഫാ. ക്രിസാന്തെ എന്‍ഗാബു ലിഡ്ജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാ ആരാധനാ വസ്തുക്കളും നിലത്തേക്ക് എറിഞ്ഞ വിമതരുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഫാ. ക്രിസാന്തെ വ്യക്തമാക്കി. വിമതരുടെ കണ്‍വെട്ടത്തുണ്ടായിരുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സായുധ സേനയെയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഐക്യരാഷ്ട്ര സംഘടനാ മിഷന്റെ സംഘത്തെയും ഫാ. ക്രിസാന്തെ നിശിതമായി വിമര്‍ശിച്ചു. പരിശുദ്ധ സിംഹാസനവും ഡിആര്‍സിയും തമ്മിലുള്ള കരാറിന്റെ ലംഘനം കൂടിയാണ് ഈ ആക്രമണമെന്ന് ഫാ. ക്രിസാന്തെ കൂട്ടിച്ചേര്‍ത്തു. കോംഗോ സൈന്യവും ഈ വിമത സായുധ ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ ഫലമായിരിക്കാം ഈ നിലപാട്. ജൂലൈ 19 ന് കോംഗോ സൈന്യത്തിന്റെ വക്താവ് സൈന്യം ഈ വിമത ഗ്രൂപ്പുമായി സഖ്യത്തിലേര്‍പ്പെട്ടതായി പറഞ്ഞിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട കോഡെക്കോ വിമത ഗ്രൂപ്പുമായുള്ള സഖ്യം ‘അസ്വഭാവികവും വിപരീതഫലമുളവാക്കുന്നതുമാണ്’ എന്ന് ഫാ.എന്‍ഗാബു പറഞ്ഞു.
അതേസമയം, കോംഗോ സര്‍ക്കാരും എം23 വിമതരും തമ്മില്‍ ഒരു സമാധാന കരാര്‍ ഒപ്പുവച്ചു. ഖത്തറിലെ ദോഹയില്‍ ഒപ്പുവച്ച കരാറില്‍ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പുതിയ പ്രദേശങ്ങള്‍ കീഴടക്കുന്നത് നിര്‍ത്താനും ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി 20-ലധികം സായുധ ഗ്രൂപ്പുകള്‍ പ്രദേശത്തിന്റെയും ധാതുക്കളുടെയും നിയന്ത്രണത്തിനായി പോരാട്ടം നടത്തിവരുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *