സ്ട്രാസ്ബര്‍ഗ്: രണ്ട് വര്‍ഷത്തിലധികമായി സ്വീഡിഷ് ഗവണ്‍മെന്റ് ഫോസ്റ്റര്‍ ഹോമിലാക്കിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്ന മക്കളെ വിട്ടു കിട്ടാന്‍ മാതാപിതാക്കള്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍. സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്നും അനുചിതമായ വസ്ത്രങ്ങളും മേക്കപ്പും ധരിക്കണമെന്നുമുള്ള മകളുടെ ആവശ്യം ഡാനിയേല്‍- ബിയാങ്കാ സാംസണ്‍ ദമ്പതികള്‍ നിരസിച്ചതാണ് പ്രശ്‌നങ്ങളുടെ ആരംഭം.
മാതാപിതാക്കള്‍ പീഡിപ്പിക്കുയാണെന്ന് ഈ മകള്‍ സ്വീഡിഷ് സാമൂഹിക വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് 10ും 11 ും വയസ് പ്രായമുള്ള പെണ്‍കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി പരാതി പിന്‍വലിക്കുകയും മാതാപിതാക്കളുടെ കൂടെ പോകുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടും അധികാരികള്‍ ഇവരെ മാതാപിതാക്കളുടെ കൂടെ വിട്ടയയ്ക്കുവാന്‍ തയാറായില്ല.
മാതാപിതാക്കള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ദൈവാലയത്തില്‍ പോകുന്നതും ചില വസ്ത്രങ്ങളും മേക്കപ്പും ധരിക്കാന്‍ മകളെ അനുവദിക്കാത്തതും ഇവരുടെ മതതീവ്രവാദ നിലപാടാണ് കാണിക്കുന്നതെന്നും ഇത് ബാലപീഢനത്തിന്റെ പരിധിയില്‍ വരുമെന്നുമുള്ള നിലപാടാണ് ഈ കേസില്‍ സ്വീഡിഷ് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട വിശ്വാസത്തിന്റെ പ്രകടനങ്ങളാണ് ഇവയെന്ന് മാതാപിതാക്കളുടെ അഭിഭാഷകര്‍ വ്യക്തമാക്കുന്നു. കുടുംബജീവിതത്തെയും മതസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്ന യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 8 ഉം 9 ഉം അവര്‍ ഉദ്ധരിച്ചു.
2025 മാര്‍ച്ചില്‍ സ്വീഡിഷ് സുപ്രീം കോടതി ഇവരുടെ കേസ് കേള്‍ക്കാന്‍ വിസമ്മതിച്ചനെ തുടര്‍ന്നാണ് അവര്‍ സ്ട്രാസ്ബര്‍ഗ് ആസ്ഥാനമായുള്ള യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിച്ചതെന്ന് ഡാനിയേല്‍ സാംസണ്‍ പറഞ്ഞു. ‘ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. സ്വീഡന്‍ അവരെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു – സത്യം പുറത്തുവന്നപ്പോള്‍, ഞങ്ങളുടെ പെണ്‍മക്കള്‍ വീട്ടിലേക്ക് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നിട്ടും അവര്‍ ഞങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നു, അവരുടെ മാനസികാരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
സാംസണ്‍ ദമ്പതികള്‍ കുട്ടികളെ ഒരു തരത്തിലും ദുരുപയോഗിച്ചിട്ടില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടും സ്വീഡിഷ് അധികാരികള്‍ ഈ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ദീര്‍ഘിക്കുകയാണെന്നും, കുട്ടികളെ വീട്ടിലേക്ക് പോകാന്‍ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും സന്നദ്ധസംഘടനയായി എഡിഎഫ് അഭിഭാഷകന്‍ റോബര്‍ട്ട് മൊറേല്‍സ് സാഞ്ചോ പറഞ്ഞു . പെണ്‍കുട്ടികളെ നൂറുകണക്കിന് മൈലുകള്‍ അകലെയുള്ള ഫോസ്റ്റര്‍ ഹോമിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
‘നിങ്ങള്‍ക്ക് ദിവസവും ഞങ്ങളെ വന്ന് പരിശോധിക്കാം. വീടിന്റെ എല്ലാ കോണുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലും ഞാന്‍ നിങ്ങളെ അനുവദിക്കാം, പക്ഷേ ദയവായി ഞങ്ങളുടെ മക്കളെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കൂ,’ നിസഹയാനായ പിതാവിന്റെ ഈ വാക്കുകള്‍ അമിതമായ വ്യക്തിസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന നിയമങ്ങള്‍ എങ്ങനെ കുടുംബങ്ങളെ തകര്‍ക്കുമെന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നു.
രണ്ട് വര്‍ഷത്തിലേറെയായി തങ്ങളുടെ രണ്ട് പെണ്‍മക്കളെ വിട്ടുകിട്ടാതിനെ തുടര്‍ന്നാണ് ഈ ക്രൈസ്തവ മാതാപിതാക്കള്‍ സ്വീഡനെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഒരു ദശാബ്ദത്തോളമായി സ്വീഡനില്‍ താമസിച്ചിരുന്ന റൊമാനിയന്‍ പൗരന്മാരാണ് മാതാപിതാക്കളായ ഡാനിയേലും ബിയാങ്ക സാംസണും. മാതാപിതാക്കളുടെ അവകാശങ്ങളുടെമേലുള്ള ഗവണ്‍മെന്റിന്റെ കടന്നുകയറ്റം, മതപരമായ വിവേചനം എന്നിവയെക്കുറിച്ച് ഈ കേസ് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *