ഡബ്ലിന്‍/അയര്‍ലന്‍ഡ്: വിശ്വാസത്തിന്റെ വഴിയില്‍ നിന്ന് യുവജനങ്ങള്‍ അകലുകയാണെന്ന വാദങ്ങള്‍ക്കിടയില്‍ 18 മുതല്‍ 24 വയസ് വരെ പ്രായമുള്ള യുവജനങ്ങളില്‍ 30 ശതമാനം പേരും ക്രൈസ്തവ വിശ്വാസത്തോട് ‘വളരെ പോസിറ്റീവായ’ സമീപനം പുലര്‍ത്താന്‍ സാധ്യതയുള്ളവരാണെന്ന് അയര്‍ലന്‍ഡില്‍ നിന്നുള്ള സര്‍വേ റിപ്പോര്‍ട്ട്. അയോണ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഡബ്ലിന്‍ ആസ്ഥാനമായുള്ള ഗവേഷണ ഏജന്‍സി അമാരാ റിസേര്‍ച്ച് നടത്തിയ സര്‍വേയിലാണ് അയര്‍ലണ്ടിലെ യുവാക്കള്‍ക്കിടയില്‍ ക്രൈസ്തവ വിശ്വാസത്തോടുള്ള താല്‍പ്പര്യം വീണ്ടും വര്‍ധിക്കുന്നതായി കണ്ടെത്തിയത്.
മുമ്പ് പ്രായം കുറയുന്നതനുസരിച്ച് മതവിശ്വാസത്തോടുള്ള താല്‍പ്പര്യവും കുറഞ്ഞിരുന്നുവെങ്കില്‍ അതിന്റെ നേര്‍വിപരീത ഫലമാണ് പുതിയ സര്‍വേയില്‍ പുറത്തു വന്നിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വിഭാഗത്തിലുള്ളവര്‍, 18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവര്‍, മറ്റേതൊരു പ്രായക്കാരേക്കാളും, 65 വയസ്സിനു മുകളിലുള്ളവരെക്കാളും, ക്രിസ്തുമതത്തെക്കുറിച്ച് ‘വളരെ പോസിറ്റീവ്’ മനോഭാവം പുലര്‍ത്താന്‍ സാധ്യത കൂടുതലാണ് എന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.
യുകെ -യുടെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിലും സ്വതന്ത്ര രാജ്യമായ റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലും 18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവരില്‍ ക്രൈസ്തവ വിശ്വാസത്തോടുള്ള താല്‍പ്പര്യം വീണ്ടും ഉണര്‍ന്നിരിക്കുന്നതായി അയോണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് ക്വിന്‍ പറഞ്ഞു. യുവജനങ്ങളിലെ വിശ്വാസം പുനരുജ്ജീവിക്കുന്ന സാഹചര്യത്തില്‍ ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് അയര്‍ലന്‍ഡിലെ സഭകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതായാലും, പ്രവചനങ്ങള്‍ക്കും പൊതുധാരണകള്‍ക്കും വിരുദ്ധമായി, മതം അപ്രത്യക്ഷമാവുകയല്ല, യുവജനങ്ങള്‍ക്കിടയില്‍ ശക്തി പ്രാപിക്കുകയാണ് എന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *