Follow Us On

14

January

2025

Tuesday

116 വയസുള്ള ബ്രസീലിയന്‍ കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

116 വയസുള്ള ബ്രസീലിയന്‍  കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

ബ്രസീലിയ/ബ്രസീല്‍: പ്രാര്‍ത്ഥനയാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് വെളുപ്പെടുത്തിയ ബ്രസീലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 2024 ഡിസംബര്‍ 29-ന് സിസ്റ്റര്‍ ഇനയെക്കാള്‍ 16 ദിവസം കൂടുതല്‍ പ്രായമുള്ള ടോമിക്കോ ഇറ്റൂക്ക എന്ന ജാപ്പനീസ് വനിത മരിച്ചതോടെയാണ് 116 വയസുള്ള സിസ്റ്റര്‍ ഇനാ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്. ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 1908 മെയ് 27നാണ് ജനിച്ചത്.

തന്റെ ദീര്‍ഘായുസിന്റെ രഹസ്യങ്ങളിലൊന്ന് പ്രാര്‍ത്ഥനയാണെന്നും ലോകത്തിലെ എല്ലാവര്‍ക്കുമായി താന്‍ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ടെന്നും സിസ്്റ്റര്‍ ഇന നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സ്റ്റേറ്റിലെ പോര്‍ട്ടോ അലെഗ്രെയിലാണ് സിസ്റ്റര്‍ താമസിക്കുന്നത്. 19-ാം വയസില്‍ ഇനയെ സ്വീകരിച്ച  ബ്രസീലിലെ തെരേസ്യന്‍ സിസ്റ്റേഴ്സിന്റെ പ്രൊവിന്‍ഷ്യല്‍ ഹൗസിന് തൊട്ടടുത്തുള്ള ഭവനത്തില്‍. പ്രായത്തിന്റേതായ കേള്‍വിക്കുറവും കാഴ്ചക്കുറവും സംസാരതടസവും ഇപ്പോഴുണ്ടെങ്കിലും ഒരുപാട് പ്രാര്‍ത്ഥിക്കുകയും ജീവിതകാലം മുഴുവന്‍ പ്രാര്‍ത്ഥനയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത കന്യാസ്ത്രീയായിരുന്നു സിസ്റ്റര്‍ ഇനയെന്ന് സിസ്റ്ററിന്റെ അന്തരവനായ ക്ലെബര്‍ പറഞ്ഞു, മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുകയും  ദയയോടെയും നര്‍മം കലര്‍ത്തിയും എല്ലാവരോടും സംസാരിക്കുകയും ചെയ്തിരുന്ന ശുഭാപ്തിവിശ്വാസിയാണ് സിസ്റ്ററെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും 10 മാര്‍പാപ്പമാരുടെ കാലങ്ങളിലൂടെയും കടന്നുപോയ സിസ്റ്റര്‍ ഇന മികച്ച ഒരു അധ്യാപിക കൂടെയായിരുന്നു. റിയോ ഡി ജനീറോ, ഇറ്റാക്വി, സാന്റാന തുടങ്ങിയ സ്ഥലങ്ങളിലെ തേരേസ്യന്‍ സ്‌കൂളുകളില്‍ പോര്‍ച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല, മതം എന്നിവ പഠിപ്പിച്ചു.  സാന്താനാ ഡോ ലിവ്രമെന്റോയിലെ സാന്താ തെരേസ സ്‌കൂളില്‍  മാര്‍ച്ചിംഗ് ബാന്‍ഡ് സൃഷ്ടിച്ചത്  ശ്രദ്ധേയമായ നേട്ടമാണ്. 115 സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്ന ഈ ബാന്‍ഡ് ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന എന്നിവിടങ്ങളില്‍ ‘പെര്‍ഫോം’  ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?