Follow Us On

01

July

2025

Tuesday

174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ

174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരിച്ച 50 ഫ്രഞ്ച് കത്തോലിക്കരെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട 100-ലധികം സ്പാനിഷ് പുരോഹിതരെയും ഉള്‍പ്പെടെ 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
1944 നും 1945 നും ഇടയില്‍ മരണമടഞ്ഞ  50 ഫ്രഞ്ച്  രക്തസാക്ഷികളില്‍ ഭൂരിഭാഗവും ബുച്ചന്‍വാള്‍ഡ്, മൗത്തൗസെന്‍, ഡാച്ചൗ, സോഷെന്‍ തുടങ്ങിയ ക്യാമ്പുകളിലാണ് മരിച്ചത്. നാല് ഫ്രാന്‍സിസ്‌കന്‍ വൈദികര്‍, ഒമ്പത് രൂപതാ വൈദികര്‍, മൂന്ന് സെമിനാരിക്കാര്‍, 14 കത്തോലിക്കാ സ്‌കൗട്ടുകള്‍, യംഗ് ക്രിസ്ത്യന്‍ വര്‍ക്കേഴ്‌സിലെ 19 അംഗങ്ങള്‍, ഒരു ജെസ്യൂട്ട് എന്നിവര്‍ ഈ 50 പേരില്‍ ഉള്‍പ്പെടുന്നു. ജയിലിലെ പീഡനങ്ങളും സാഹചര്യങ്ങളും നിമിത്തം മരണമടഞ്ഞവരും ക്രൂരമായ വിധത്തില്‍ നാസികള്‍ കൊലപ്പെടുത്തിയവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഈ ഫ്രഞ്ച് രക്തസാക്ഷികളില്‍ ഭൂരിഭാഗവും (80% ല്‍ കൂടുതല്‍) മരിക്കുമ്പോള്‍ 30 വയസ്സിന് താഴെയുള്ളവരായിരുന്നു.

1936 നും 1938 നും ഇടയില്‍ കൊല്ലപ്പെട്ടവരാണ് ജെയിന്‍ രൂപതയില്‍ നിന്നുള്ള 124 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ രക്തസാക്ഷികള്‍. അവരില്‍ 109 രൂപതാ വൈദികരും ഒരു സന്യാസിനിയും 14 സാധാരണ കത്തോലിക്കരും ഉള്‍പ്പെടുന്നു. ഫാ. മാനുവല്‍ ഇസ്‌ക്വിയര്‍ഡോയും 58 സഹചാരികളും ഫാ. അന്റോണിയോ മൊണ്ടാനസ് ചിക്വിറോയും 64 സഹചാരികളും എന്ന പേരില്‍ രണ്ട് ഗ്രൂപ്പുകളിലായാണ്  സ്പാനിഷ് രക്തസാക്ഷികളെ തിരിച്ചിരിക്കുന്നത്.
19-ാം നൂറ്റാണ്ടിലെ സ്പാനിഷ് പുരോഹിതനായ സാല്‍വഡോര്‍ വലേര പാരയുടെ സ്വര്‍ഗീയ മധ്യസ്ഥതയിലൂടെ 2007-ല്‍ റോഡ് ഐലന്‍ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന നവജാതശിശുവിന് സംഭവിച്ച ഒരു മെഡിക്കല്‍ അത്ഭുതവും പാപ്പ അംഗീകരിച്ചു. ഫാ. സാല്‍വഡോറിന്റെ  വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ആവശ്യമായ അത്ഭുതമായിരുന്നു ഇത്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ സ്പാനിഷ് പുരോഹിതനായ ഫാ. സാല്‍വഡോര്‍ വലേര പാര, അല്‍മേരിയയിലെ പകര്‍ച്ചവ്യാധികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും സമയത്ത് നിരവധി  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

2007-ല്‍ പ്രസവസമയത്ത് ഉണ്ടായ സങ്കീര്‍ണതകള്‍ക്ക് ശേഷം അടിയന്തര സിസേറിയന്‍ വഴി ജനിച്ച ടൈക്വാന്‍ എന്ന ശിശുവാണ് ഫാ. സാല്‍വഡോറിന്റെ മാധ്യസ്ഥതയിലൂടെ സൗഖ്യം പ്രാപിച്ചത്. ജീവന്റെ ലക്ഷണങ്ങളില്ലാതെ ജനിച്ച കുഞ്ഞിന് ഒരു മണിക്കൂറിനുശേഷം ഒരു പുരോഗതിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ദൈവദാസനായ സാല്‍വഡോര്‍ വലേര പാരയുടെ ഭക്തനായ, സ്പാനിഷ് ഡോക്ടര്‍, അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിനായി പ്രാര്‍ത്ഥിച്ച് നിമിഷങ്ങള്‍ക്കുശേഷം, കുട്ടിയുടെ ഹൃദയം മിടിക്കാന്‍ തുടങ്ങുകയായിരുന്നു. സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ടൈക്വാന്‍ ഇന്ന് പൂര്‍ണാരോഗ്യത്തോടെ വളര്‍ന്നു വരുന്നു. കൂടാതെ മറ്റ് നാല് പേരുടെ വീരോചിത പുണ്യങ്ങളും പാപ്പ അംഗീകരിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?