തിരുവല്ല: 80,000 കുഞ്ഞുങ്ങള്‍ പിറന്നിതിന്റെ ആഹ്ലാദത്തിലാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്. പ്രവര്‍ത്തനത്തിന്റെ 65-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇത്തരമൊരു അപൂര്‍വ നേട്ടം സ്വന്തമായത്. 1959 ഓഗസ്റ്റ് 23-നാണ് പുഷ്പഗിരി ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നത്. ഇക്കഴിഞ്ഞ ദിവസം പായിപ്പാട് സ്വദേശികളായ ജോഷി-മേഘ്‌ന ദമ്പതികള്‍ക്ക് പുഷ്പഗിരി മാതൃ-ശിശു സൗഹൃദ ആശുപത്രിയില്‍ വച്ച് ആണ്‍കുഞ്ഞ് പിറന്നപ്പോള്‍ ഇവിടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80,000 മായി.
പുഷ്പഗിരി ബേബീസിനായുള്ള പ്രത്യേക ചികിത്സാ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റീന തോമസ് അധ്യക്ഷത വഹിച്ചു. പുഷ്പഗിരി മെഡിക്കല്‍ കോളജ് രക്ഷാധികാരിയും തിരുവല്ല അതിരൂപതാധ്യക്ഷനുമായ ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തി.
പത്തനംതിട്ട ഡിഎംഒ ഡോ. എല്‍. അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ മാത്യു തുണ്ടിയില്‍, പുഷ്പഗിരി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. എബ്രാഹം വര്‍ഗീസ്, ഗൈനക്കോളജി വിഭാവം മേധാവി ഡോ. വിനീത വില്‍സ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജേക്കബ് എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.
പുഷ്പഗിരി ആശുപത്രിയുടെ ആദ്യ കുഞ്ഞായ ചെറുപുഷ്പത്തെയും ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ. ജോസിറ്റയെയും ആന്റോ ആന്റണി എം.പി ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *