നാഗസാക്കി: 1945 ഓഗസ്റ്റ് 9 ന് രാവിലെ 11.02 നാണ്, നാഗാസാക്കിയിലെ ഉറകാമി കത്തീഡ്രല്‍ എന്ന് അറിയപ്പെടുന്ന അമലോത്ഭവ മാതാവിന്റെ കത്തീഡ്രല്‍ ദൈവാലയത്തിന് സമീപത്തായി ലോകചരിത്രത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ അണുബോംബാക്രണം നടക്കുന്നത്. 80 വര്‍ഷത്തിന് ശേഷം ഇന്ന് അതേ സമയത്ത് കത്തീഡ്രലിലെ രണ്ട് മണികളും വീണ്ടും ആദ്യമായി ഒരുമിച്ച് മുഴങ്ങിയപ്പോള്‍ അത് ലോകത്തിന് നല്‍കുന്നത് അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും പുതിയ പാഠമാണ്.
ഇരട്ട മണി ഗോപുരങ്ങളുള്ള ഗംഭീരമായ ഉറകാമി കത്തീഡ്രലിന്റെ നൂറോളം മീറ്ററുകള്‍ മാത്രം അകലെ നടന്ന ഭീമാകാരമായ സ്‌ഫോടനത്തില്‍ കത്തീഡ്രല്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചതിനെ തുടര്‍ന്ന് 1959 ലാണ് ദൈവാലയവും മണിഗോപുരങ്ങളും പുനര്‍നിര്‍മിച്ചത്. അന്ന് അതിന്റെ രണ്ട് മണികളില്‍ ഒന്ന് മാത്രം അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത പുനസ്ഥാപിച്ചെങ്കിലും ഇടത് ഗോപുരത്തില്‍ സ്ഥാപിക്കാനുള്ള മണി ഇല്ലാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷങ്ങളിലെല്ലാം അത് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ആണവ ബോംബാക്രമണത്തോടുള്ള പ്രാദേശിക ജനതയുടെ പ്രതികരണത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും ഗവേഷണം നടത്തുകയും ചെയ്യുന്നതിനായി നാഗസാക്കിയില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്ന സോഷ്യോളജി പ്രഫസറാണ് ജെയിംസ് നോളന്‍. ‘അമേരിക്കന്‍ കത്തോലിക്കര്‍ ഇടതു ഗോപുരത്തിനുള്ള മണി ഞങ്ങള്‍ക്ക് തന്നാല്‍ അത് അതിശയകരമായിരിക്കും’ എന്ന ഒരു~ഇടവകക്കാരന്റെ വാക്കുളാണ് മണി സ്ഥാപിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കാന്‍ നോളനെ പ്രേരിപ്പിച്ചത്.നോളനെ സംബന്ധിച്ചിടത്തോളം, പദ്ധതിയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്വത്തിന് വ്യക്തിപരമായ മാനവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ന്യൂ മെക്‌സിക്കോയിലെ ലോസ് അലാമോസ് കേന്ദ്രത്തില്‍ മെഡിക്കല്‍ ഡയറക്ടറായിരുന്നു. അവിടെയാണ് ആദ്യ അണുബോംബുകള്‍ വികസിപ്പിച്ചെടുത്തത്. പിന്നീട് അണുബോംബുകള്‍ വര്‍ഷിച്ചതിന് ശേഷം നാഗസാക്കിയിലേക്കും ഹിരോഷിമയിലേക്കും ഒരു രഹസ്യാന്വേഷണ സംഘത്തോടൊപ്പം അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തിരുന്നു.
അങ്ങനെ മസാച്യുസെറ്റ്‌സിലെ വില്യംസ് കോളേജിലെ സോഷ്യോളജി പ്രൊഫസറായ ജെയിംസ് നോളന്‍, അമേരിക്കയിലുടനീളം, പ്രധാനമായും ദൈവാലയങ്ങള്‍ കേന്ദ്രീകരിച്ച്, അണുബോംബിനെക്കുറിച്ച് ഒരു വര്‍ഷം നീണ്ടുനിന്ന പ്രഭാഷണ പരമ്പര ആരംഭിച്ചു. പുതിയ മണിയുടെ നിര്‍മാണത്തിനായി അമേരിക്കന്‍ കത്തോലിക്കരില്‍ നിന്ന് 125,000 ഡോളര്‍ സമാഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യത്തെ ആണവായുധങ്ങള്‍ വികസിപ്പിച്ചെടുത്ത മാന്‍ഹട്ടന്‍ പ്രോജക്റ്റില്‍ മുത്തച്ഛന്‍ പങ്കെടുത്ത ഒരു അമേരിക്കന്‍ പൗരന്‍ രണ്ടാമത്തെ മണി കൂടെ കത്തീഡ്രലില്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയെന്നത് ഈ ഇരട്ടമണിനാദത്തെിന് ക്ഷമയുടെയും പശ്ചാത്തപത്തിന്റെയും ഈണം പകരുന്നു.
മണിയുടെ പുനഃസ്ഥാപനം ‘മനുഷ്യത്വത്തിന്റെ മഹത്വം കാണിക്കുന്നു’ എന്ന് ഉറകാമി കത്തീഡ്രലിന്റെ വികാരി ഫാ.കെനിച്ചി യമമുറ പറഞ്ഞു. ‘ഭൂതകാലത്തിലെ മുറിവുകള്‍ മറക്കുകയല്ല, മറിച്ച് അവയെ തിരിച്ചറിയുകയും കേടുപാടുകള്‍ നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും നടപടിയെടുക്കുകയും അങ്ങനെ ചെയ്യുന്നതിലൂടെ സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം,’ ഫാ.യമമുറ കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *