ജോസഫ് മൈക്കിള്‍
ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് മൂന്നു വര്‍ഷം തികയുകയാണ്. യുദ്ധത്തിന് നടുവില്‍ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ദുരിത ജീവിതം പറയുകയാണ് 25 വര്‍ഷമായി ഉക്രെയ്‌നില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്ന്‍ പ്രസിഡന്റ് നേരിട്ട് പൗരത്വം നല്‍കിയ പ്രഥമ വനിതയാണ് സിസ്റ്റര്‍ ലിജി.
”തീഗോളമാണ് റോക്കറ്റുകള്‍. ഒരു തരി വീണാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഭസ്മമാകും. മൂന്നുപ്രാവശ്യം മഠത്തിനു മുകളിലൂടെ റഷ്യന്‍ റോക്കറ്റുകള്‍ ഇരമ്പിപാഞ്ഞുപോയി. മതിലനപ്പുറം വെറും നാല് മീറ്റര്‍ മാത്രം മാറി അവയിലൊന്നു പതിച്ചു. മറ്റൊരിക്കല്‍ ഒരു റോക്കറ്റ് മുറ്റത്തുവന്ന് വീണെങ്കിലും പൊട്ടിയില്ല. ഉക്രെയ്ന്‍ സൈന്യമെത്തി നിര്‍വീര്യമാക്കുകയായിരുന്നു. മഠത്തിന്റെ കോമ്പൗണ്ടില്‍ ഓള്‍ഡ് ഏജ് ഹോം ഉണ്ട്. തടികൊണ്ട് നിര്‍മിച്ച കെട്ടിടമാണ്. ഒരു തരി തീ വീണിരുന്നെങ്കില്‍ ഒന്നും ബാക്കി ഉണ്ടാകുമായിരുന്നില്ല.” യുദ്ധത്തിന്റെ ദുരിതങ്ങളെക്കുറിച്ച് പറയുകയാണ് സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി.
2022 ഫെബ്രുവരി 24നാണ് റഷ്യ ഉക്രെയ്‌ന് എതിരെ യുദ്ധം ആരംഭിച്ചത്. അതിനും രണ്ട് ദിവസം മുമ്പാണ് സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി കേരളത്തില്‍നിന്നും ഉക്രെയ്‌നിലേക്ക് മടങ്ങിയത്. റഷ്യ യുക്രെയ്‌നെ ആക്രമിക്കാന്‍ സാധ്യത ഉണ്ടെന്ന വിവരം ഉക്രെയ്ന്‍ എംബസിയാണ് സിസ്റ്റര്‍ ലിജിയെ അറിയിച്ചത്. സ്വന്തം സുരക്ഷിതത്വം നോക്കി കേരളത്തില്‍ തുടരുന്നതിന് പകരം സിസ്റ്റര്‍ ഉക്രെയ്‌നിലേക്ക് മടങ്ങുകയായിരുന്നു. എസ്‌ജെഎസ് സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഫ്രഞ്ച് സഭയായ സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് സഭാംഗമായ സിസ്റ്റര്‍ ലിജിയുടെ കര്‍മമേഖല 25 വര്‍ഷമായി ഉക്രെയ്‌നാണ്. ഉക്രെയ്‌നിലെ സഗാര്‍പാത്തിലാണ് എസ്‌ജെഎസ് സമൂഹത്തിന്റെ മഠം. യുദ്ധഭൂമിയിലെ അനുഭവങ്ങള്‍ വിവരിക്കുന്ന സിസ്റ്റര്‍ ലിജി രചിച്ച ‘കോള്‍ഡ് ടു ഉക്രെയ്ന്‍’ എന്ന പുസ്തകം ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിന്റെ പ്രസാധകര്‍ കോഴിക്കോട് സോഫിയാ ബുക്‌സാണ്.
വാര്‍ത്തകളില്‍ ഇടംപിടിച്ച കന്യാസ്ത്രീ
യുദ്ധം തുടങ്ങിയതു മുതല്‍ അവര്‍ മഠത്തിന്റെ വാതിലുകള്‍ ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നിട്ടു. സഹായം ആവശ്യമുള്ള ആര്‍ക്കും വരാമെന്ന അറിയിപ്പും നല്‍കി. യുദ്ധത്തെ തുടര്‍ന്ന് മടങ്ങാനൊരുങ്ങിയ മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഒരുക്കുന്നതിന് സിസ്റ്റര്‍ നേതൃത്വം നല്‍കി. ആ സമയത്ത് ഉക്രെയ്‌നില്‍ ഏതാണ്ട് 50,000 ഇന്ത്യാക്കാര്‍ ഉണ്ടായിരുന്നു. അതില്‍ നല്ലൊരു ശതമാനം കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു. കൂടാതെ, വളരെയധികം ആളുകള്‍ക്ക് അഭയമൊരുക്കി. ജനിച്ച ഒരു ദിവസമായ കുഞ്ഞു മുതല്‍ 90 വയസായ മുത്തശിമാര്‍വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സിസ്റ്റേഴ്‌സ് സ്വന്തം മുറികള്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കി. ധ്യാനകേന്ദ്രത്തിന്റെ പണി ആരംഭിച്ചപ്പോഴാണ് യുദ്ധം തുടങ്ങിയത്. ആ കെട്ടിടം വീടുകള്‍ നഷ്ടപ്പെട്ടവരെ താമസിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.
സെലന്‍സ്‌കിയുടെ ചോദ്യത്തിന്
ഉത്തരമുണ്ടോ?
ഉക്രെയ്‌നെ വിദേശ രാജ്യങ്ങള്‍ സഹായിക്കുന്നതുകൊണ്ടല്ലേ യുദ്ധം നീളുന്നത് എന്നൊരു സംശയം പലരും ഉന്നയിക്കാറുണ്ട്. 1991-ല്‍ യുഎസ്എസ്ആര്‍-ന്റെ തകര്‍ച്ചയെ തുടര്‍ന്ന് സ്വതന്ത്രമായ ഉക്രെയ്‌ന്റെ കൈവശം ആണവായുധങ്ങള്‍ അടക്കം വലിയൊരു ആയുധ ശേഖരം ഉണ്ടായിരുന്നു. ഒരു ചെറിയ രാജ്യത്തിന്റെ കൈയില്‍ ഇത്രയും ആയുധങ്ങള്‍ ഇരുന്നാല്‍ ലോകത്തിന് അപകടകരമാകുമെന്ന് പറഞ്ഞ്, 1992-ല്‍ ബെസ്റ്റ് മെമ്മോറാണ്ഡം എന്ന പേരില്‍ റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു കരാര്‍ ഉണ്ടാക്കി. അതു പ്രകാരം ഉക്രെയ്‌ന്റെ കൈവശമുള്ള ആയുധങ്ങള്‍ റഷ്യക്ക് കൈമാറി. ഒരു കാരണവശാലും റഷ്യ ഉക്രെയ്‌നെ ആക്രമിക്കില്ലെന്നൊരു വ്യവസ്ഥ കരാറില്‍ ഉണ്ടായിരുന്നു.
റഷ്യ ഉക്രെയ്‌നെ ആക്രമിച്ചാല്‍ തങ്ങള്‍ ഉക്രെയ്‌നെ സഹായിക്കുമെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങളുടെ രേഖാമൂലമുള്ള ഉറപ്പും കരാറിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അമേരിക്കയോടും ബ്രിട്ടനോടും നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ് എന്നു ചോദിക്കുന്നത്. ഉക്രെയ്‌ന് സംരക്ഷണകവചമൊരുക്കാന്‍ ആ രാജ്യങ്ങള്‍ക്ക് കടമയുണ്ട്. ആ കരാര്‍ അന്നു ഉണ്ടാക്കിയില്ലായിരുന്നെങ്കില്‍ റഷ്യക്ക് ആണവായുധങ്ങള്‍ കൈമാറുമായിരുന്നില്ല. ഉക്രെയ്‌ന് ആണവായുധങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ റഷ്യ ആ രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. ഉക്രെയ്‌നില്‍ വീണ പല റോക്കറ്റുകളും ഉക്രെയ്ന്‍ റഷ്യയിലേക്ക് വിട്ടത് ലക്ഷ്യംതെറ്റി പതിക്കുകയായിരുന്നു എന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. ഉക്രെയ്‌ന്റെ കൈവശം ഇരുന്ന, കരാര്‍ പ്രകാരം മുമ്പ് റഷ്യക്ക് കൈമാറിയ ആയുധങ്ങളാണ് അവ. ആ ആയുധങ്ങളാണ് റഷ്യ ഇപ്പോള്‍ ഉക്രൈയ്‌നെതിരെ പ്രയോഗിക്കുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉക്രെയ്‌നെ സഹായിക്കുന്നത് ഔദാര്യമല്ല. മറിച്ച്, കടമയാണ്.
റഷ്യയുടെ ക്രിസ്മസ് ‘സമ്മാനം’
ക്രിസ്മസിന് നമ്മള്‍ പടക്കംപൊട്ടിക്കുമ്പോള്‍ റഷ്യക്കാര്‍ മിസൈലുകളാണ് വിക്ഷേപിക്കുന്നതെന്ന് സിസ്റ്റര്‍ ലിജി പറയുന്നു. ക്രിസ്മസ് കാലത്ത് ഒരു ദിവസം മിസൈലും റോക്കറ്റും ഡ്രോണുമായി 188 എണ്ണമാണ് ഉക്രെയ്‌നിലേക്ക് തൊടുത്തുവിട്ടത്. ഉക്രെയ്ന്‍ മുഴുവനായിരുന്നു അവരുടെ ലക്ഷ്യം. എയര്‍ ഡിഫന്‍സ് 130 എണ്ണം പൂര്‍ണമായി നിര്‍വീര്യമാക്കി. റഷ്യയില്‍നിന്നും വരുന്ന റോക്കറ്റുകളും മിസൈലുകളെയും നശിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ദിവസംകൊണ്ട് ഉക്രെയ്ന്‍ തകര്‍ന്നടിയും. റഷ്യന്‍ പട്ടാളം പിടിച്ചെടുത്ത കുറെ പ്രദേശങ്ങള്‍ ഉക്രെയ്ന്‍ സൈന്യം തിരിച്ചുപിടിച്ചു. പിന്‍വാങ്ങുന്ന സ്ഥലങ്ങളില്‍ മൈനുകള്‍ നിക്ഷേപിച്ചിട്ടാണ് റഷ്യന്‍ പട്ടാളം മടങ്ങുന്നത്. അവയൊക്കെ നിര്‍വീര്യമാകണമെങ്കില്‍ നൂറ്റാണ്ടുകള്‍ കഴിയണമെന്നാണ് കണക്ക്. അതിനാല്‍ യുദ്ധം അവസാനിച്ചാലും പരിണിതഫലം വലുതായിരിക്കും.
പുരുഷന്മാരെ കാണാനില്ല
പുരുഷന്മാര്‍ ഇല്ലാത്ത ദേശമായി ഉക്രെയ്ന്‍ മാറിയിരിക്കുന്നു. അവരെല്ലാം യുദ്ധത്തിലാണ്. ടാക്‌സി അടക്കം സ്ത്രീകളാണ് ഓടിക്കുന്നത്. യുദ്ധം തുടങ്ങുമ്പോള്‍ ഉക്രെയ്ന്‍ ജനസംഖ്യ 4.3 കോടി ആയിരുന്നു. ഇപ്പോഴത് ഏതാണ്ട് 2.5 കോടിയായി ചുരുങ്ങിയിരിക്കുന്നു. മരിച്ചവരുടെ എണ്ണം കൃത്യമായി എവിടെയുമില്ല. പതിനായിരങ്ങളെ അടക്കിയിരിക്കുന്ന സെമിത്തേരികളുണ്ട്. മിലിട്ടറി ആശുപത്രികളിലെ കാഴ്ചകള്‍ കരളലിയിക്കുന്നവയാണ്. കൈ ഇല്ലാത്തവര്‍, കാല്‍ നഷ്ടപ്പെട്ടവര്‍, കാഴ്ചപോയവര്‍ തുടങ്ങിയവരുടെ നീണ്ടനിര കാണാം. 20-35നും ഇടയില്‍ പ്രായമുള്ളവരാണ് അവരില്‍ അധികവും.
റഷ്യയില്‍നിന്നും മിസൈലുകള്‍ വരുന്നതിന്റെ തൊട്ടുമുമ്പ് അപകടസൈറനുകള്‍ മുഴങ്ങും. സൈറന്‍ കേട്ടാല്‍ 7-8 മിനിറ്റുകള്‍ക്ക് ഉള്ളില്‍ അവ എത്തും. യുദ്ധത്തിന്റെ തുടക്കകാലങ്ങളില്‍ സൈറണ്‍ മുഴങ്ങുമ്പോള്‍ എല്ലാവരും ബങ്കറുകളിലേക്ക് ഓടുമായിരുന്നു. ഇനി സുരക്ഷിതമാണെന്നുള്ള അടുത്ത സൈറന്‍ മുഴങ്ങിയതിനുശേഷമേ മടങ്ങിയിരുന്നുള്ളൂ. മൊബൈല്‍ ഫോണിലുള്ള ആപ്പില്‍ സുരക്ഷിതമാണെന്നുള്ള മെസേജും വരും. സൈറന്‍ കേള്‍ക്കുമ്പോള്‍ വാഹനങ്ങളിലാണെങ്കില്‍ തിരികെ മടങ്ങുകയോ പൊതുയിടങ്ങളിലെ ബങ്കറുകളില്‍ അഭയംതേടുകയോ ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തുന്നില്ല. കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സാധാരണപോലെ പോകുന്നു. മൂന്നു വര്‍ഷമായില്ലേ, മനുഷ്യര്‍ക്ക് ജീവിക്കണമല്ലോ.
ഡോക്ടറുടെ ശമ്പളം 10,000
ഉക്രെയ്‌ന്റെ പ്രകൃതിവിഭവങ്ങള്‍ ആ രാജ്യത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാണ് റഷ്യന്‍ ഇടപെടലുകള്‍. യൂറോപ്പിലെ ഗോതമ്പിന്റെ കലവറയാണ് ഉക്രെയ്ന്‍. റഷ്യക്കാര്‍ ഗോതമ്പു പാടങ്ങള്‍ നശിപ്പിക്കുന്നത് പതിവാണ്. ഉക്രെയ്‌നില്‍ ഗ്യാസിന്റെ വന്‍ശേഖരം ഉണ്ടെങ്കിലും അതൊന്നും വ്യവസായിക അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ റഷ്യ അനുവദിക്കുന്നില്ല. ഇപ്പോള്‍ റഷ്യയാണ് യൂറോപ്പിന് ഗ്യാസ് കൊടുക്കുന്നത്. ഉക്രെയ്‌ന്റെ ഭൂമിക്കടിയിലൂടെയാണ് ഗ്യാസ് പൈപ്പുകള്‍ പോകുന്നത്. ഉക്രെയ്ന്‍ യൂറോപ്പിന്റെ ഭാഗമായാല്‍ യൂറോപ്പിന് റഷ്യന്‍ ഗ്യാസ് വേണ്ടാതെവരും. ഉക്രയ്ന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍, റഷ്യയുടെ അതിര്‍ത്തി യൂറോപ്പ് ആയി മാറും. അതു ഭയന്നിട്ടാണ് ഉക്രെയ്‌നെ തടയാന്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സിക്ക് മുമ്പ് ഉക്രെയ്ന്‍ ഭരിച്ചിരുന്ന രണ്ടു പ്രസിഡന്റുമാരും റഷ്യയുടെ കളിപ്പാവകളായിരുന്നു.
സെലന്‍സ്‌കി ഉക്രെയ്ന്‍ പ്രസിഡന്റായി അധികാരം ഏല്ക്കുമ്പോള്‍ ഒരു ഡോക്ടറുടെ ശരാശരി ശമ്പളം 10,000 ഇന്ത്യന്‍ രൂപമാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത് 40,000 ആയി വര്‍ധിച്ചു. എല്ലാ മേഖലയിലും അതിനനുസരിച്ചുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മികച്ച റോഡുകള്‍ അടക്കം ഭൗതിക സാഹചര്യങ്ങള്‍ ഏറെ വളര്‍ന്നു. ഉക്രെയ്ന്‍ നാറ്റോയില്‍ ചേരാന്‍ ഒരുങ്ങിയതുകൊണ്ടല്ലേ യുദ്ധം തുടങ്ങാന്‍ കാരണമായതെന്നത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. നിശ്ചിത ഇടവേളകളില്‍ റഷ്യ ഉക്രെയ്‌നെ ആക്രമിക്കുന്നതു പതിവാണ്. സ്വയരക്ഷയ്ക്കുവേണ്ടിയാണ് നാറ്റോയില്‍ ചേരാന്‍ ആഗ്രഹിക്കുന്നത്.
ആശുപത്രികളിലേക്കും ബോംബുകള്‍
യുദ്ധ നിയമങ്ങള്‍ തെറ്റിച്ചാണ് റഷ്യ യുദ്ധം നടത്തുന്നത്. കുട്ടികളുടെ ആശുപത്രികളുടെ മുകളില്‍ നിരവധി തവണ റോക്കറ്റുകള്‍ പതിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍ മിസൈലുകള്‍ പതിച്ച് നിരവധി ഗര്‍ഭിണികള്‍ മരിച്ചു. നഴ്‌സറികള്‍, പട്ടാള ആശുപത്രികള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് മിസൈലുകള്‍ അയക്കുന്നു. 2വര്‍ഷം നിര്‍ബന്ധിത സൈനിക സേവനം നിയമമാണ് ഈ രാജ്യത്ത്. യുദ്ധത്തിന്റെ തുടക്ക കാലത്ത് സൈന്യത്തില്‍ വോളണ്ടിയേഴ്‌സ് ആയി പോകാന്‍ തയാറായി അനേകര്‍ മുമ്പോട്ടുവന്നിരുന്നു. നിരവധി പേരെ ആദ്യകാലങ്ങളില്‍ അധികൃതര്‍ തിരിച്ചയച്ചിരുന്നു. ഇപ്പോള്‍ സൈന്യത്തില്‍ ചേരാന്‍ ആളുകളില്ലെന്ന അവസ്ഥയായി. വികലാംഗര്‍ക്കും 18 വയസില്‍ താഴെ മൂന്നോ അതില്‍ കൂടുതലോ മക്കളുള്ള ഗൃഹനാഥന്മാര്‍ക്കും യുദ്ധത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഇളവുനല്‍കിയിട്ടുണ്ട്.
ഏതെങ്കിലും കെട്ടിടങ്ങള്‍ ബോംബിംഗില്‍ തകര്‍ന്നാല്‍, അവയെല്ലാം വളരെ വേഗം പുനര്‍നിര്‍മിക്കുന്നതാണ് ഉക്രെയ്‌നിലെ രീതി. വൈദ്യുതി നിലയങ്ങള്‍ തകര്‍ത്താല്‍ അതിനെ മറികടക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ അവര്‍ ഒരുക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ കീവില്‍ 2വര്‍ഷം മുമ്പ് തകര്‍ത്തതെല്ലാം പുനര്‍നിര്‍മിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു സ്ഥലത്തെ വൈദ്യുതി നിലയം തകര്‍ത്താല്‍ മറ്റൊരിടത്തുനിന്ന് എത്തിക്കും. യുദ്ധകാലത്തുപോലും മികച്ച ഏകോപനമാണ് ഗവണ്‍മെന്റു നിര്‍വഹിക്കുന്നത്. വൈദ്യുതി വിതരണം തടസപ്പെടാന്‍ സാധ്യത ഉണ്ടെങ്കില്‍ അതു മുന്‍കൂട്ടി അറിയിക്കും. ഇപ്പോള്‍ റഷ്യയുടെ മിസൈലുകളെ നിര്‍വീര്യമാക്കാന്‍ ഉക്രെയ്ന്‍ പട്ടാളത്തിനു കഴിയുന്നുണ്ട്.
ചെവിയില്‍ മുഴങ്ങുന്ന വെടിയൊച്ചകള്‍
2022 -ല്‍ യുദ്ധം തുടങ്ങിയതറിഞ്ഞ് 90 വയസുള്ള ഒരു മുത്തശി അവരുടെ മുറിയില്‍ കയറി വാതില്‍ അടച്ചു. പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. അപ്പാര്‍ട്ടുമെന്റില്‍ ഒറ്റക്കു കഴിഞ്ഞിരുന്ന മുത്തശിയെക്കുറിച്ചറിഞ്ഞ് സിസ്റ്റേഴ്‌സ് അവിടെയെത്തി അവരെ സെന്ററിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ഭര്‍ത്താവും ഏകമകളും മരിച്ച അവര്‍ ഒറ്റക്കായിരുന്നു. മകളുടെ മകന്‍ ഓസ്‌ട്രേലിയയിലാണ് ജോലി ചെയ്തിരുന്നത്. ഭയപ്പെട്ടതിന്റെ പിന്നില്‍ വേദനിപ്പിക്കുന്ന ഒരു പിന്നാമ്പുറം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോള്‍ മുത്തശി എട്ടുവയസുകാരിയായിരുന്നു. മാതാപിതാക്കളും 5 വയസും മൂന്നുമാസവും പ്രായമുള്ള സഹോദരന്മാരും ജര്‍മന്‍ പട്ടാളത്തിന്റെ വെടിയേറ്റ് കണ്‍മുമ്പിലായിരുന്നു പിടിഞ്ഞുമരിച്ചത്. ആ കുടുംബത്തെ നിരനിരയായി നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. ആദ്യം വെടിയേറ്റവര്‍ ഈ പെണ്‍കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞുവീണു. അവരുടെ അടിയിലായിപ്പോയതിനാല്‍ വെടിയേല്ക്കാതെ രക്ഷപ്പെടുകയായിരുന്നു. മഠത്തില്‍ എത്തിയപ്പോഴും തൊണ്ണൂറു വയസുകാരിയുടെ കണ്ണുകളില്‍ നിറഞ്ഞുനിന്നിരുന്നത് 8 വയസുകാരിയുടെ പേടിയായിരുന്നു. എല്ലാവരും ഉണ്ടല്ലോ എന്ന ആശ്വാസമാണ് മുത്തശിക്ക് ഇപ്പോള്‍.
ഒന്നുമില്ലെങ്കിലും ഒന്നിനും കുറവില്ല
ഉക്രെയ്‌നിലെ അറിയപ്പെടുന്ന സുവിശേഷകയാണ് സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്‌ന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാ ആഴ്ചകളിലും ധ്യാനങ്ങള്‍ നടത്തിയിരുന്നു. ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതു പരിപാടികള്‍ക്ക് നിരോധനം ഉള്ളതിനാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആരാധനകള്‍, പ്രാര്‍ത്ഥനകള്‍ നടത്തുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥിക്കുന്നതിനായി സിസ്റ്ററിന്റെ അടുത്താണ് എത്തുന്നത്. അതു മാനിച്ചായിരുന്നു ഉക്രെയ്ന്‍ പ്രസിഡന്റ് സിസ്റ്ററിന് പൗരത്വം നല്‍കിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് പയ്യപ്പിള്ളി വീട്ടില്‍ വറീത്-അന്നക്കുട്ടി ദമ്പതികളുടെ ഒമ്പതു മക്കളില്‍ എട്ടാമത്തെ മകളാണ് സിസ്റ്റര്‍ ലിജി. സിസ്റ്ററിന്റെ മൂത്ത സഹോദരി സിസ്റ്റര്‍ ആനീസും ഇതേ സഭയിലെ കന്യാസ്ത്രീയാണ്.
2010 ല്‍ സഭയുടെ ജനറല്‍ ചാപ്റ്ററില്‍ ഉക്രെയ്ന്‍ മിഷന്‍ നിര്‍ത്താന്‍ ആലോചനകള്‍ നടന്നതാണ്. വേദനയോടെ ആ തീരുമാനത്തില്‍ മുമ്പില്‍ നിന്നപ്പോള്‍ വെളിപാടുപോലെ മനസിലേക്ക് വന്ന ചിന്തയായിരുന്നു മഠത്തിനു മുമ്പില്‍ ഒരു നേര്‍ച്ചപ്പെട്ടി വയ്ക്കാനുള്ള തീരുമാനം. ദൈവം നല്‍കിയ ബോധ്യമാണെന്നതില്‍ സിസ്റ്ററിന് സംശയമില്ല. ഉക്രെയ്ന്‍ മിഷന് ചെലവിനുള്ള പണം കണ്ടെത്തിക്കോളാമെന്ന സിസ്റ്ററിന്റെ ഉറപ്പില്‍ മിഷന്‍ തുടരാന്‍ അനുവാദം നല്‍കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ചു മുമ്പോട്ടുപോകുന്നു. മഠത്തിന് പുറത്ത് ഒരു നേര്‍ച്ചപ്പെട്ടി വച്ചിട്ടുണ്ട്. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് അതില്‍ നിക്ഷേപിക്കുന്നു. ഈ യുദ്ധ കാലത്തുപോലും ഒന്നിനും കുറവില്ലെന്നു മാത്രമല്ല, അനേകരെ സഹായിക്കാനും സാധിക്കുന്നു.
പ്രിയപ്പെട്ടവര്‍ യുദ്ധഭൂമിയില്‍
”മലയാളി വിദ്യാര്‍ത്ഥികള്‍ ഉക്രെയ്‌നില്‍ കുടുങ്ങിയ സമയത്ത് കേരളത്തില്‍നിന്നും ശക്തമായ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നിരുന്നു. അവര്‍ സുരക്ഷിതമായി തിരിച്ചെത്തിയപ്പോള്‍ ആശങ്കകള്‍ അകന്നു. എന്നാല്‍, ഉക്രെയ്ന്‍ ജനതയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ മക്കളും ഭര്‍ത്താക്കന്മാരും പിതാക്കന്മാരുമൊക്കെ ഇപ്പോഴും യുദ്ധ ഭൂമിയിലാണ്. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി നിലവിളിച്ചുള്ള പ്രാര്‍ത്ഥനയിലാണവര്‍. കേരളത്തിലുള്ള മാതാപിതാക്കള്‍ അന്ന് കരളുരുകി പ്രാര്‍ത്ഥിച്ചതുപോലെ ഇനിയും ഉക്രെയ്‌നുവേണ്ടി പ്രാര്‍ത്ഥിക്കണം.” സിസ്റ്റര്‍ ലിജി പറയുന്നു.
യൂറോപ്പിലെ ദൈവാലയങ്ങള്‍ ശൂന്യമാണെങ്കില്‍ ഉക്രെയ്‌നിലെ ദൈവാലയങ്ങളില്‍ തിങ്ങിനിറഞ്ഞാണ് വിശ്വാസികള്‍. മാമ്മോദീസ മുങ്ങാത്ത ഒരു ഉക്രെയ്ന്‍കാരനെപ്പോലും കാണാന്‍ കഴിയില്ല.
സോവിയറ്റ് യൂണിയന്റെ കാലത്ത് മതസ്വാതന്ത്ര്യം ഇല്ലായിരുന്നെങ്കിലും ജനഹൃദയങ്ങളിലെ ദൈവവിശ്വാസം കെടുത്തിക്കളയാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നത് തെളിവുകൂടിയാണ് ദൈവാലയങ്ങളിലെ ആള്‍ക്കൂട്ടം. ആ കാലങ്ങളില്‍ വിശ്വാസത്തിനുവേണ്ടി നിരവധി പേര്‍ രക്തസാക്ഷികളായി. അവരുടെ രക്തം വീണ് കുതിര്‍ന്ന മണ്ണില്‍ വിശ്വാസം കരുത്താര്‍ജിക്കുന്ന കാഴ്ചകള്‍ക്കാണ് ലോകം ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്.
യുദ്ധഭൂമിയിലാണെങ്കിലും ഉക്രെയ്ന്‍ പട്ടാളക്കാരുടെ ബാഗുകളില്‍ ജപമാലയും ബൈബിളുമുണ്ട്. മക്കള്‍ പട്ടാളത്തിലേക്ക് പോകുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ ബാഗുകളില്‍ വയ്ക്കുന്നതാണ്. പ്രിയപ്പെട്ടവരുടെ ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥനകളാണ് പട്ടാളക്കാര്‍ക്ക് യുദ്ധഭൂമിയില്‍ ബലമായി കൂടെയുള്ളത്. അതെ, ഇതു ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധമാണെന്നതില്‍ സംശയമില്ല. എന്നിട്ടും, റഷ്യപോലൊരു വന്‍ സൈനിക ശക്തിയുടെ മുമ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉക്രെയ്ന്‍ പിടിച്ചുനില്‍ക്കുന്നത് അവരുടെ പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും കരുത്തിലാണ്.
Leave a Comment
Your email address will not be published. Required fields are marked with *