സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാനും വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 ശിഷ്യൻമാരിൽ പ്പെട്ടവരായിരുന്നു. ”ഇടിമുഴക്കത്തിന്റെ മക്കൾ’ എന്നാണു ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഏറ്റവും അധികം നാൾ ജീവിച്ചിരുന്നവനും ‘രക്തസാക്ഷി’യകാതെ മരിച്ച അപ്പസ്‌തോലനുമാണ് വിശുദ്ധ യോഹന്നാൻ എന്നാണ് വിശ്വസിച്ചുവരുന്നത്. വിശുദ്ധൻമാരായ പത്രോസിനും, യാക്കോബിനുമൊപ്പം വിശുദ്ധ യോഹന്നാനും മാത്രമാണ് ജായ്‌റോസിന്റെ മരിച്ച മകളെ ഉയിർപ്പിക്കുന്ന യേശുവിന്റെ അത്ഭുതത്തിനു സാക്ഷ്യം വഹിച്ചവർ. ക്രിസ്തുവിന്റെ ഗെത്സെമനിലെ യാതനക്ക് ഏറ്റവും അടുത്ത സാക്ഷിയാണ് വിശുദ്ധ യോഹന്നാൻ.
പന്ത്രണ്ടു അപ്പസ്‌തോലൻമാരിൽ വിശുദ്ധ യോഹന്നാൻ മാത്രമാണ് ക്രിസ്തുവിന്റെ പീഡാസഹനങ്ങളിൽ അദ്ദേഹത്തെ കൈവിടാതിരുന്നത്. തന്റെ കുരിശിന്റെ കീഴെ വിശ്വസ്തപൂർവ്വം നിന്ന വിശുദ്ധ യോഹന്നാനെയാണ് യേശു തന്റെ മാതാവിനെ ഏൽപ്പിക്കുന്നത്. മാതാവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം വിശുദ്ധ യോഹന്നാൻ എഫേസൂസിലേക്കു പോയി. സഭാ ഐതിഹ്യമനുസരിച്ച് റോമൻ അധികാരികൾ വിശുദ്ധനെ ഗ്രീസിലെ ദ്വീപായ പടമോസിലേക്ക് നാടുകടത്തി. ഇവിടെ വെച്ചാണ് വിശുദ്ധൻ ‘വെളിപാട്’ സുവിശേഷം എഴുതുന്നത്.
ആദ്യ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഡോമീഷിയൻ ചക്രവർത്തിയുടെ ഭരണ കാലത്ത് റോമിൽ വെച്ച് വിശുദ്ധനെ തിളക്കുന്ന എണ്ണയിലേക്കെറിയുകയും വിശുദ്ധൻ പൊള്ളലൊന്നും കൂടാതെ പുറത്ത് വരികയും ചെയ്തു. അതിനാലാണ് വിശുദ്ധ യോഹന്നാനെ പടമോസിലേക്ക് നാടുകടത്തിയതെന്ന് പറയപ്പെടുന്നു. കൊളോസ്സിയത്തിൽ ഈ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും പറയപ്പെടുന്നു. ഡോമീഷിയൻ ചക്രവർത്തി അറിയപ്പെട്ടിരുന്നത് ക്രിസ്ത്യാനികളെ അടിച്ചമർത്തുന്ന കാര്യത്തിലായിരുന്നു. പുതിയ നിയമത്തിലെ ‘യോഹന്നാന്റെ സുവിശേഷ’ങ്ങളുടെ രചയിതാവ് എന്ന നിലക്കാണ് വിശുദ്ധ യോഹന്നാൻ കൂടുതലായും അറിയപ്പെടുന്നത്. വിശുദ്ധ യോഹന്നാനെ കരുണയുടെ അപ്പസ്‌തോലൻ എന്നും വിളിക്കുന്നു. തന്റെ ഗുരുവിൽ നിന്നും പഠിച്ച ഒരു നന്മ, വിശുദ്ധൻ വാക്കുകളിലൂടെയും, മാതൃകയിലൂടെയും പ്രകടമാക്കി. ക്രിസ്തുവിന്റെ ഈ പ്രിയപ്പെട്ട ശിഷ്യൻ എ.ഡി. 98-ൽ എഫേസൂസിൽ വച്ച് മരണമടഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *