Follow Us On

12

May

2025

Monday

തനിയെ

തനിയെ

കാല്‍വരി മലയില്‍ തനിച്ച്  വെയിലും മഴയും കൊണ്ട്  നില്‍ക്കുന്നത് കുഞ്ഞുനാളില്‍ കണ്ടപ്പോ ഴൊക്കെ ക്രൂശിതനോട് വല്ലാത്ത സഹതാപവും അനുകമ്പയും തോന്നിയിട്ടുണ്ട്… ഇതാര്‍ക്കുവേണ്ടി യാണു നീ ആ മരക്കുരിശില്‍ ഇങ്ങനെ ചോരയും നീരുമൊഴുക്കി വേദന സഹിക്കുന്നതെന്നു ആ ക്രൂശിതനോട് ചോദിച്ചിട്ടുണ്ടായിരുന്നു…

മുതിര്‍ന്നപ്പോഴാണ് തനിച്ച് നില്‍ക്കുന്നവന്റെ മഹത്വം മനസിലായത്. ചില നേരങ്ങളില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം എന്ന് പഠിപ്പിച്ചത് ക്രൂശിതനാണ്. നിഴലുപോലെ കൂടെ നിന്നവര്‍ പോലും സങ്കട സന്ധ്യയില്‍ നമ്മെ തനിച്ചാക്കു മ്പോള്‍ തളരാതിരിക്കാന്‍ നീ തനിയെനിന്ന് പഠിച്ചു തുടങ്ങണം എന്നാണ് ക്രൂശിതന്‍ പറയാതെ പറയുന്നത്. സൈക്കിള്‍ ചവിട്ടി പഠിച്ചവര്‍ക്കറിയാം… സീറ്റിന്റെ പുറകില്‍ ഒരു കൈ സഹായം കുറച്ചു നാളെ ഉണ്ടാകൂ എന്ന്… കുറച്ചു കഴിഞ്ഞാല്‍ ആ കൈ നമ്മെ വിട്ടുപോകും പിന്നെ തനിച്ചു സവാരി ചെയ്‌തേ മതിയാകൂ… എനിക്ക് കൂട്ടിനു നീ വേണം എന്ന് പറഞ്ഞ് തുടങ്ങിയാല്‍ സൈക്കിള്‍ ചവിട്ടാന്‍ വാര്‍ധക്യമായാലും നാം പഠിച്ചെടുക്കുകയില്ല.

സെമിനാരിയില്‍ തനിച്ച് നില്‍ക്കാന്‍ എനിക്ക് കഴിയില്ല അമ്മേ.. ഞാന്‍ വീട്ടിലേക്കു വരികയാണ് എന്ന് കത്തെഴുതിയതിന് അമ്മ മറുപടി അയച്ചത് ഇപ്പോഴും എന്റെ കൈയിലുണ്ട്… മോനെ നീ തനിച്ചാവുമ്പോള്‍ ക്രൂശിലേക്ക് നോക്കുക… അവനും തനിച്ചാണ്.. പിന്നീട് ഒരിക്കലും തനിച്ചായി പോയ് എന്ന് അമ്മയോട് സങ്കടം പറഞ്ഞിട്ടില്ല… സെമിനാരിയില്‍ തനിച്ചായിരുന്നില്ല.. ആ തച്ചന്‍ എനിക്ക് കൂട്ടായി അവിടെയുണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നു.
മറ്റുള്ളവരെ നേര്‍വഴിക്കു നടത്താന്‍ ഒരു നല്ല നേതാവിനേ കഴിയൂ.. ഒരു നല്ല നേതാവാകാന്‍ വേണ്ട ക്വാളിറ്റി തനിച്ചു നില്‍ ക്കാന്‍ പഠിക്കുക എന്നതാണ്.. ക്രിസ്തു ആടുകളുടെ വാതിലാണ് എന്ന് സുവിശേഷകര്‍ ആലങ്കാരികമായി പറഞ്ഞ് വെച്ചതല്ല.. അവന്‍ തനിയെ നിന്ന് നേതൃഗുണം സ്വന്തമാക്കിയതാണ്.
ഇനിമേല്‍ തനിച്ചായിപ്പോയി എന്ന് ആരും പറയരുത്.. നിന്നെക്കൊണ്ട് ദൈവം ചില പ്രവൃത്തികള്‍ ചെയ്യിക്കാനാണ് നിന്നെ തനിച്ചു നിര്‍ത്തുന്നതെന്നു ഈ നോമ്പില്‍ ക്രൂശിതനെ നോക്കി നീ പഠിക്കണം.

ഗാന്ധി ക്രിസ്തുവില്‍ നിന്നും പഠിച്ചെടുത്ത പുണ്യവും മറിച്ചല്ല. സ്വാതന്ത്ര പുലരിയിലും പുള്ളിക്കാരന്‍ നവാഗലിയില്‍ തനിച്ചിരുന്നത്, വീണ്ടും നേടിയെടുക്കേണ്ട സ്വാതന്ത്ര്യത്തെ കുറിച്ച് ഭാരതത്തെ ബോധ്യപ്പെടുത്താനാണെന്നു പറയുന്നു. വായിച്ചിട്ടില്ലെങ്കില്‍ മധുസൂദനന്‍ നായരുടെ ‘ഗാന്ധി’ എന്ന കവിത വായിക്കണം ചങ്ങാതി. കവിത  തുടങ്ങുന്നത് തന്നെ, തനിച്ചായ ഗാന്ധിയുടെ ഊര്‍ജ്ജത്തെ പുകഴ്ത്തിയാണ്..
തനിയെ നടന്നു നീ പോകുക… തളര്‍ന്നാലും ഇടറാതെ നിന്‍ ജീവഗാനം.. അനുഗാമി ഇല്ലാത്ത പതികര്‍….

ഒരാള്‍ക്ക് ആഴമായ ദൈവാനുഭവം നേടണമെങ്കില്‍ ക്രൂശിതനെ പ്പോലെ തനിച്ചു നിന്നേ തരമുള്ളൂ.. ബുദ്ധന്‍  നല്ലൊരു ഉദാഹരണ മാണ്.  കൊട്ടാരത്തിന്റെ കൂട്ടായ്മയില്‍ അവനു ഒരു ബോധോദയവും  കിട്ടിയില്ല. ഒരുനാള്‍ താലി കെട്ടിയ പെണ്ണിനേയും സ്വന്തമായ സിംഹസനവും എല്ലാം ഉപേക്ഷിച്ച് തനിച്ചിരുന്നപ്പോള്‍ മാത്രമാണ് ബുദ്ധന് ജ്ഞാനത്തിന്റെ കതിരും Enlightment Experience ഉം സ്വന്തമാക്കാനായത്. ഏലിയായുടെ ജീവിതത്തിലും സംഭവിക്കുന്നത് മറ്റൊന്നുമല്ല. തനിച്ചിരുന്നു ഗുഹക്കുള്ളില്‍ പ്രാര്‍ത്ഥിച്ചപ്പോഴാണ് ഏലിയാ ദൈവസ്വരം കേട്ടതും ദൈവാനുഭവത്തില്‍ സ്‌നാനപ്പെട്ടതും.

മോശക്ക് കല്പനകളുടെ  താളിയോലകള്‍ കിട്ടിയതും മോശ സീനായ് മലയില്‍ തനിച്ചിരുന്നു പ്രാര്‍ത്ഥിച്ചപ്പോഴാണ്.. പ്രിയ ചങ്ങാതി, ഇനി പറയൂ ക്രിസ്തു വെയിലും മഴയും കൊണ്ട് കാല്‍വരിയില്‍ നിന്നത് വെറുതെയാണോ?.. തെരുവ് നാടക ശൈലിയില്‍ നമുക്കും പറയാം… അല്ല മാലോകരെ… അല്ല.. അവന്‍ തനിച്ചു നില്‍ക്കാന്‍ ഇഷ്ടപ്പെട്ടത് കൊണ്ടാണ് കാല്‍വരി തിരഞ്ഞെടുത്തത്…കുഞ്ഞേ, ചില നേരങ്ങളില്‍ നീയും തനിച്ചാവാന്‍ പ്രാര്‍ത്ഥിക്കണം…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?