ദോഹ/ഖത്തര്‍: ക്രൈസ്തവരെയും യഹൂദരെയും ശപിക്കുകയും അവരെ കൊല്ലണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഒരു ബാലിക. അതായിരുന്നു ഖത്തറില്‍ ജനിച്ച ജുവാന്‍ അല്‍ ക്വാവസ്മി. ഹമാസ് സ്ഥാപക നേതാക്കളിലൊരാളായ അബു ജാഫറിന്റെ മകളായ ജുവാന്‍ ക്വാസ്മി വിവാഹത്തിന് ശേഷം ഹമാസ് പോരാളിയായ ഭര്‍ത്താവിനൊപ്പം ഗാസയിലേക്ക് പോയി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജുവാന്റെ മനസില്‍ ചോദ്യങ്ങളുയര്‍ന്നു തുടങ്ങി. തങ്ങളെ എതിര്‍ക്കുന്നവരെ നിഷ്‌കരുണം വധിച്ചിരുന്ന ഹമാസിന്റെ ആശയസംഹിതകളെക്കുറിച്ച് മാത്രമല്ല സത്യദൈവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു ജുവാന്റെ മനസ് നിറയെ. മറ്റ് മനുഷ്യരെ കൊല്ലാന്‍ പറയുന്ന, ധാര്‍മികതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പറയുന്ന ഒരു ദൈവത്തെ അംഗീകരിക്കാന്‍ ജുവാന് സാധിച്ചില്ല. എങ്കിലും ദൈവമുണ്ടെന്ന് വിശ്വസിച്ച ജുവാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി – ”ദൈവമേ, നീ ഉണ്ടെങ്കില്‍, നിന്നെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ദൈവമുണ്ടെന്ന് എനിക്കറിയാവുന്നതിനാല്‍ നിന്നെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” സിബിഎന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അത്ഭുതകരമായി ദൈവം തന്റെ ജീവിതത്തില്‍ ഇടപെട്ട അനുഭവം ജുവാന്‍ ക്വാസ്മി വിവരിച്ചു.
ജുവാന്റെ പ്രാര്‍ത്ഥനയക്കുള്ള ഉത്തരമെന്ന പോലെ യേശു സ്വപ്‌നത്തില്‍ അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. ആ സ്വപ്‌നത്തില്‍ യേശു ജുവാന്‍ അല്‍ ക്വാവസ്മിയോട് അറബ് ഭാഷയില്‍ ഇപ്രകാരം പറഞ്ഞു – ” ഞാന്‍ ദൈവമായ യേശ്വയാണ്. നീ എന്റെ മകളാണ്. ഭയപ്പെടേണ്ട.’ ആ അനുഭവത്തെക്കുറിച്ച് ജുവാന്‍ ഇപ്രകാരം പറയുന്നു, ”അതിന് മുമ്പ് ഒരിക്കലും ഞാന്‍ ക്രൈസ്തവരോട് ഇടപെട്ടിട്ടില്ല. ആരും എന്നോട് യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ആദ്യമായിട്ട് ഒരു വ്യക്തി എന്നെ സ്‌നേഹിക്കുന്നായി അന്ന് എനിക്ക് അനുഭവപ്പെട്ടു. എന്റെ കുടുംബത്തില്‍ ഞാന്‍ സ്‌നേഹം അനുഭവിച്ചിട്ടില്ല. വാസ്തവത്തില്‍ എനിക്ക് കുടുംബാംഗങ്ങളോട് സ്‌നേഹമുണ്ട്. എന്നാല്‍ എനിക്ക് ഒരിക്കലും സമാധാനമുണ്ടായിരുന്നില്ല.”
തുടര്‍ന്ന് യേശ്വ എന്ന പേര് ഗൂഗിളില്‍ തിരഞ്ഞ ജുവാന്‍ ഒരു ഈജിപ്ഷ്യന്‍ ക്രിസ്ത്യാനിയുടെ പേജിലാണ് ആദ്യം എത്തിയത്. ആ പേജ് തുറന്നതും ‘ശത്രുക്കളെ സ്‌നേഹിക്കുവിന്‍’ എന്ന ബൈബിള്‍ വചനമാണ് കണ്ടത്. അതുവരെ ശത്രുക്കളെ ഇല്ലായ്മ ചെയ്യുവാന്‍ പഠിച്ചിരുന്ന ജുവാനെ ആ വചനം ഏറെ ആകര്‍ഷിച്ചു. അതിനാല്‍ ഈ പേജിന്റെ അഡ്മിന് ജുവാന്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. ബൈബിള്‍ വായിക്കാനാണ് ആ അഡ്മിന്‍ ജുവാനോട് ആവശ്യപ്പെട്ടത്. ആയിരക്കണക്കിന് മുസ്ലീങ്ങള്‍ സ്വപ്‌നത്തില്‍ യേശുവിനെ കാണുകയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ആ വ്യക്തി പറഞ്ഞു.
യേശുവില്‍ സത്യദൈവത്തെ കണ്ടെത്തിയ ജുവാന്‍ യേശു മുസ്ലീങ്ങളെ സ്‌നേഹിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു . സിബിഎന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജുവാന്‍ ഇങ്ങനെ പറയുന്നു -‘ അവിടുന്ന് നമ്മളെ വളരെയധികം സ്‌നേഹിക്കുന്നു. ഭയത്തില്‍ നിന്ന് നമ്മള്‍ മുക്തരാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുന്ന് നമ്മളെ സ്വതന്ത്രരാക്കാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ഇനി ഭയപ്പെടേണ്ടതില്ല. നമ്മള്‍ യേശുവില്‍ വിശ്വസിക്കണം.”
















Leave a Comment
Your email address will not be published. Required fields are marked with *