വിനോദ് നെല്ലയ്ക്കല്‍
രാജ്യത്ത് ആദ്യമായി ‘അതിദാരിദ്ര്യ വിമുക്ത സംസ്ഥാന’മായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ് ആഡംബരപൂര്‍ണ്ണമായി തലസ്ഥാനത്ത് നടന്നത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്തെ അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തി എന്ന പ്രഖ്യാപനംകൂടിയായിരുന്നു അത്. അത്തരമൊരു പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗം സാമൂഹിക നിരീക്ഷകരും സാമ്പത്തിക വിദഗ്ധരും രംഗത്തെത്തുകയും ഇപ്പോഴും വാദപ്രതിവാദങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പൊള്ളയായ പ്രഖ്യാപനമാണ് ഇതെന്നും ഇപ്രകാരമൊരു പ്രഖ്യാപനം കേന്ദ്ര ധനസഹായങ്ങളെ പോലും പ്രതിസന്ധിയിലാഴ്ത്തുമെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ശക്തമാണ്. സംസ്ഥാനത്തിന്റെ പല ഉള്‍മേഖലകളിലും ആദിവാസി മേഖലകളിലും മറ്റും അടിസ്ഥാന സൗകര്യങ്ങള്‍പോലും എത്തിച്ചേരാത്ത ഇടങ്ങളെയും അവിടങ്ങളില്‍ കഴിയുന്ന ആളുകളുടെ അവസ്ഥകളെയും പലരും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഇത്തരം ചര്‍ച്ചകളില്‍ പോലും ഉള്‍പ്പെടാതെപോകുന്ന മറ്റൊരു വലിയ വിഭാഗം മനുഷ്യരുടെ അവസ്ഥ ‘അതിദാരിദ്ര്യ വിമുക്തി’ എന്ന അവകാശവാദത്തെ കൂടുതല്‍ ഗൗരവമായി ചോദ്യം ചെയ്യുന്നുണ്ട്.
അഗതികളും ക്ഷേമ പെന്‍ഷനും
സ്വന്തമായി മേല്‍വിലാസമോ കിടപ്പാടമോ, ആശ്രയിക്കാന്‍ ആരെങ്കിലുമോ ഇല്ലാത്ത, എന്നാല്‍ നിത്യ രോഗികളും അവശരും മുതിര്‍ന്ന പൗരന്മാരും ആയിരിക്കുന്ന കുറെയേറെ മനുഷ്യര്‍. അവര്‍ തങ്ങളുടെ ബന്ധുക്കളോ കുടുംബാംഗങ്ങളോ അല്ലാത്ത ഒരുകൂട്ടം നല്ല മനുഷ്യരുടെ കരുണയില്‍ ജീവിക്കുന്നവരാണ്. അപ്രകാരമൊരു കാരുണ്യഹസ്തം അവര്‍ക്കുനേരെ നീണ്ടിരുന്നില്ലെങ്കില്‍ തെരുവില്‍ കഴിയേണ്ടി വരുമായിരുന്ന, എന്നോ വിശന്നു മരിക്കുമായിരുന്ന കുറേപ്പേര്‍ – അഗതികള്‍. സര്‍ക്കാര്‍ നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ഏതുവിധത്തില്‍ നോക്കിയാലും അതിന് അര്‍ഹതയുള്ള, സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയും കരുതലും ആവശ്യമുള്ള അത്തരക്കാരുടെ എണ്ണം കേരളത്തിലെ വിവിധ അഗതി മന്ദിരങ്ങളിലായി അറുപതിനായിരത്തോളം വരും. 2021 ആഗസ്റ്റിലെ സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഉത്തരവ് (5171/ 2021) പ്രകാരം ഈ മനുഷ്യര്‍ക്ക് അക്കാലം മുതല്‍ ക്ഷേമപെന്‍ഷന്‍ പോലും തടയപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് 2016 ല്‍ നല്‍കിയ ഉത്തരവിനെ മറികടന്നാണ് ധനകാര്യവകുപ്പ് അഗതികള്‍ക്കുള്ള ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കിയത്. ആ തീരുമാനം പുനഃപരിശോധിക്കാനോ ക്ഷേമപെന്‍ഷന്‍ പുനഃസ്ഥാപിക്കാനോ, നാളിതുവരെ നല്‍കിയ അസംഖ്യം അപേക്ഷകളില്‍ ഒന്നുപോലും മുഖവിലയ്ക്കെടുക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ഇന്‍ എയ്ഡ് ലഭിക്കുന്നുണ്ട് എന്ന വിചിത്രമായ ന്യായീകരണമാണ് ക്ഷേമപെന്‍ഷന്‍ നിര്‍ത്തലാക്കിയ ധനകാര്യ വകുപ്പ് നല്‍കിയ വിശദീകരണം. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ധനവ് വരുത്തിയിട്ടില്ലാത്ത 1100 രൂപയാണ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ആരംഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്കോ, ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളില്‍ തന്നെ, പന്ത്രണ്ടു വര്‍ഷങ്ങള്‍ ക്കിടയില്‍ വര്‍ധിച്ച എണ്ണം അന്തേവാസികള്‍ക്കോ ഗ്രാന്റ് ലഭിക്കുന്നില്ല. മറ്റു പല കാരണങ്ങളാല്‍ ഗ്രാന്റ് തടയപ്പെട്ടിരിക്കു ന്നതും അനുവദിക്കാത്തതുമായ സ്ഥാപനങ്ങളും ഒട്ടേറെയുണ്ട്. ഫലത്തില്‍ ഗ്രാന്റ് ലഭിക്കുന്നത് ആകെയുള്ള സ്ഥാപനങ്ങളില്‍ നാലിലൊന്നില്‍ താഴെയുള്ളവയ്ക്ക് മാത്രമാണ്. അവയില്‍ ത്തന്നെ, 2023-24 സാമ്പത്തിക വര്‍ഷത്തെ പോലും ഗ്രാന്റ് ഇനിയും ലഭിക്കാത്ത സ്ഥാപനങ്ങള്‍ പലതുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഗ്രാന്റ് നല്‍കുന്നു എന്ന കാരണത്താല്‍, ക്ഷേമപെന്‍ഷന് ഏറ്റവുമധികം അര്‍ഹതയുള്ള അവശരായ ഒരു വിഭാഗത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്നത്.
ഗ്രാന്റ് ഇന്‍ എയ്ഡും ക്ഷേമ പെന്‍ഷനും
വാസ്തവത്തില്‍, ക്ഷേമ പെന്‍ഷനെയും ഗ്രാന്റിനെയും താരതമ്യപ്പെടുത്തുകയോ, ഒന്ന് ലഭിക്കുന്നതിനാല്‍ മറ്റേതിന് അര്‍ഹതയില്ലെന്ന് പ്രഖ്യാപിക്കുകയോ ചെയ്യുന്നത് തികച്ചും യുക്തിരഹിതവും നീതിരഹിതവുമാണ്. കാരണം, ക്ഷേമ പെന്‍ഷന്‍ എന്നാല്‍, അര്‍ഹരായ ദുര്‍ബ്ബല വിഭാഗത്തിന്റെ സാമൂഹിക സുരക്ഷ ലക്ഷ്യമാക്കി വ്യക്തിപരമായി അവര്‍ക്ക് അനുവദിക്കപ്പെടുന്ന സഹായധനമാണ്. അതേസമയം, അഗതികളും രോഗികളും വൃദ്ധരുമായവരെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിക്കുന്ന ധനസഹായമാണ് ഗ്രാന്റ് ഇന്‍ എയ്ഡ്. ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഓരോ വ്യക്തിക്കും സ്ഥാപനം കണ്ടെത്തേണ്ടി വരുന്ന പണത്തിന്റെ ചെറിയൊരു ശതമാനം പോലുമാകുന്നില്ല സര്‍ക്കാര്‍ നിലവില്‍ നല്‍കിവരുന്ന ഗ്രാന്റ് എന്നതാണ് വാസ്തവം.
സമാനമായ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ചെലവുകള്‍ക്കുവേണ്ടി മാത്രം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുക പതിനായിരത്തോളം രൂപ (ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, സ്ഥാപനത്തിന്റെ മറ്റു നടത്തിപ്പ് ചെലവുകള്‍ എന്നിവ ഒഴികെ) ആണ്. അങ്ങനെയിരിക്കെ, മറ്റു സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ആകെ ഗ്രാന്റ് തുകയായ 1100 രൂപയില്‍ ന്യായമായ വര്‍ധനവ് ഉണ്ടാകുകയും അര്‍ഹമായ സ്ഥാപനങ്ങള്‍ക്കെല്ലാം ഗ്രാന്റ് അനുവദിക്കുകയും വേണം എന്ന ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടിരുന്ന സാഹചര്യത്തിലാണ് അന്തേവാസികള്‍ക്ക് ലഭിച്ചുവന്നിരുന്ന ക്ഷേമപെന്‍ഷന്‍ പോലും നിര്‍ത്തലാക്കപ്പെട്ടത്. ആ നടപടി യാതൊരുവിധ നീതീകരണവും അര്‍ഹിക്കുന്നതല്ല.
അഗതികള്‍ക്കുമേല്‍ പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാരിന്
പലവിധ കാരണങ്ങളാല്‍ ഒറ്റപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്യുന്ന വൃദ്ധരും രോഗികളുമായ പൗരന്മാരുടെയും, അനാഥരുടെയും പലവിധ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്നവരുടെയും മേലുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ആത്യന്തികമായി അത്തരക്കാരുടെ സംരക്ഷണ ചുമതല സര്‍ക്കാരുകളുടേതാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തോട് ചേര്‍ന്നുനിന്ന് സമൂഹത്തിനുവേണ്ടി ഈ വലിയ ജീവകാരുണ്യ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് കേരളത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ രണ്ടായിരത്തിനടുത്തുവരുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും അവിടെ സേവനം ചെയ്യുന്നവരും. ആ സേവന പ്രവൃത്തിയുടെ മഹത്വം ഉള്‍ക്കൊണ്ട് സാധ്യമായ പിന്തുണയും സഹായങ്ങളും നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും അവരില്‍നിന്ന് മുഖം തിരിക്കുന്നതും ആവശ്യങ്ങള്‍ അവഗണിക്കുന്നതും തികച്ചും പ്രതിഷേധാത്മകമാണ്. പൊതുസമൂഹം പലപ്പോഴും തിരിച്ചറിയാതെ പോകുന്ന വലിയൊരു വിഭാഗം ‘അതിദരിദ്രരാ’ണ് പരോക്ഷമായും പ്രത്യക്ഷമായും ഇത്തരത്തില്‍ സര്‍ക്കാരില്‍നിന്ന് കടുത്ത അവഗണനയും നീതിനിഷേധവും അനുഭവിച്ചു കഴിയുന്നത്.
യൂണിയനുകള്‍ ഇല്ലാത്തതോ, പാര്‍ട്ടി അംഗത്വമില്ലാത്തതോ, തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ കഴിയാത്തതോ മൂലം ദുര്‍ബ്ബലരായ കുറെയേറെ മനുഷ്യര്‍ക്ക് അര്‍ഹമായ പരിഗണനയും സഹായവും നിഷേധിക്കപ്പെടുകയും ക്രൂരമായ അവഗണനയ്ക്ക് ഇരയാകുകയും ചെയ്യുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. സാമ്പത്തികമായും സാമൂഹികമായും ആരോഗ്യപരമായും ഏറ്റവും അവശരായ ഒരു വിഭാഗത്തോട് സര്‍ക്കാരിനുള്ള കടമയും ചുമതലയും മറ്റാരുടെയെങ്കിലും തോളില്‍ ഏല്‍പ്പിച്ച് മുഖം തിരിച്ചു നില്‍ക്കുന്ന പ്രവണത തിരുത്തപ്പെടേണ്ടതാണ്. ഒപ്പം, അവര്‍ക്ക് ആവശ്യമായ സംരക്ഷണവും സൗകര്യങ്ങളും ഒരുക്കി നല്‍കുന്ന വലിയൊരു വിഭാഗം നിസ്വാര്‍ത്ഥ സേവകര്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുകയും വേണം. നിലവില്‍ സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കിവരുന്ന അറുപത്തഞ്ച് ലക്ഷത്തോളം പേര്‍ക്കൊപ്പം, ഏറ്റവുമധികം സര്‍ക്കാര്‍ സഹായം അര്‍ഹിക്കുന്ന ഈ അറുപതിനായിരത്തോളം പേരും ഉള്‍പ്പെടുത്തപ്പെടുന്നതോടൊപ്പം , അവരെയും അനാഥരും പലവിധ വെല്ലുവിളികള്‍ നേരിടുന്ന മറ്റു പതിനായിരങ്ങളെയും സംരക്ഷിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മാന്യമായ സാമ്പത്തിക സഹായവും പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോഴേ, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ആശയം അല്‍പ്പമെങ്കിലും അര്‍ത്ഥവത്താകൂ.
















Leave a Comment
Your email address will not be published. Required fields are marked with *