കാര്‍ത്തൗം/സുഡാന്‍: വിമത സൈന്യവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ ്സ് (ആര്‍എസ്എഫ്) സുഡാനിലെ എല്‍-ഫാഷര്‍ നഗരം കീഴടക്കിയതിനെ തുടര്‍ന്ന്  സുഡാനില്‍ അരങ്ങേറുന്നത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന നിഷ്ഠൂരമായ വംശഹത്യ.’ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക, അഭയാര്‍ത്ഥി പ്രതിസന്ധി’എന്നാണ് ഐക്യരാഷ്ട്രസഭ സുഡാനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. വംശീയ അടിസ്ഥാനത്തില്‍ പുരുഷന്മാരും ആണ്‍കുട്ടികളും, ശിശുക്കളും കൊല്ലപ്പെടുകയും സ്ത്രീകള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന  സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്രസമൂഹത്തിന് വലിയ വീഴ്ച സംഭവിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം യുദ്ധത്താല്‍ തകര്‍ന്ന സുഡാനില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു, സാധാരണ ജനങ്ങള്‍ക്കെതിരായ ഭീകരമായ അക്രമത്തെ അപലപിച്ച പാപ്പ മാനുഷിക സഹായത്തിനുള്ള തടസങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടു.’സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വിവേചനരഹിതമായ അക്രമം, പ്രതിരോധമില്ലാത്ത സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍, മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുതരമായ തടസ്സങ്ങള്‍ എന്നിവ മാസങ്ങളായി സംഘര്‍ഷത്തില്‍ തളര്‍ന്നുപോയ ഒരു ജനതയ്ക്ക് ദുരിതം സൃഷ്ടിക്കുന്നു,’ പാപ്പ പറഞ്ഞു. വെടിനിര്‍ത്തലിനും മാനുഷിക ഇടനാഴികള്‍ അടിയന്തിരമായി തുറക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇരുപക്ഷത്തോടും പാപ്പ ആഹ്വാനം ചെയ്തു.
ഡാര്‍ഫറിലെ ഒരു ആശുപത്രിക്ക് പുറത്ത് എടുത്ത മൃതദേഹങ്ങളുടെയും രക്തം പുരണ്ട നിലത്തിന്റെയും ഉപഗ്രഹ ചിത്രങ്ങള്‍ ഉള്‍പ്പെടെ, സുഡാനില്‍ സിവിലിയന്മാരെ വന്‍തോതില്‍ കൂട്ടക്കൊല ചെയ്തതിന്റെ തെളിവുകളാണ്  പുറത്തുവരുന്നത്. 18 മാസത്തെ ഉപരോധത്തെത്തുടര്‍ന്ന് ഞായറാഴ്ചയാണ് സുഡാന്‍ സൈന്യം എല്‍ ഫാഷര്‍ വിമത പോരാളികള്‍ക്ക്  അടിയറവ് വച്ചത്. എല്‍ ഫാഷറിലെ സൗദി മറ്റേണിറ്റി ആശുപത്രിയില്‍ 460-ലധികം രോഗികളും അവരുടെ കുടുംബാംഗങ്ങളും വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സുഡാന്റെ ഔദ്യോഗിക സൈനിക വിഭാഗമായ സുഡാനീസ് സായുധ സേനയും വിമതവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധം ഏകദേശം 150,000 ആളുകളുടെ ജീവന്‍ അപഹരിക്കുകയും 14 ദശലക്ഷം പേരെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തതായി  യുഎസ് ആസ്ഥാനമായുള്ള കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ ഗ്ലോബല്‍ കോണ്‍ഫ്‌ലിക്റ്റ് ട്രാക്കര്‍ വ്യക്തമാക്കുന്നു.
വടക്കുകിഴക്കന്‍ ആഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് സുഡാനില്‍ ഏകദേശം 50 ദശലക്ഷം ജനങ്ങളുണ്ട്, അവരില്‍ 90.7% മുസ്ലീങ്ങളാണ്. 2019 ല്‍, പ്രസിഡന്റ് ഒമര്‍ അല്‍-ബഷീറിനെ അട്ടിമറിച്ചതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട സ്വേച്ഛാധിപത്യ ഭരണത്തിന്  സുഡാനില്‍ വിരാമമായത്.  എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം, സൈനിക നേതാവ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍-ബുര്‍ഹാനും അര്‍ധസൈനിക കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ദഗലോയും സിവിലിയന്‍ നേതാക്കളെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2023 ഏപ്രിലില്‍ ഇരുവരുടെയും നേതൃത്വത്തില്‍ സൈന്യം ചേരി തിരിഞ്ഞ് പരസ്പരം പോരടിക്കാന്‍ തുടങ്ങിയതോടെ, രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീഴുകയായിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *