കോതമംഗലം: പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജനലക്ഷങ്ങളിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം പകർന്ന പ്രമുഖ ആത്മീയചിന്തകൻ സാധു ഇട്ടിയവിര (101) നിര്യാതനായി. കോതമംഗലം ഇരുമലപ്പടി പെരുമാട്ടിക്കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് (മാർച്ച് 15) വൈകീട്ട് 4.00ന് നാലിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം ധർമ്മഗിരി സെന്റ് ജോസഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
101-ാം ജന്മദിനത്തിന് രണ്ടു ദിവസം ശേഷിക്കെയാണ് വിയോഗം. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തിയിട്ടുണ്ട്. മലയാളത്തിൽ 50 പുസ്തകങ്ങളും ഇംഗ്ലീഷിൽ 75 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ് ജേതാവുമാണ്.
1960ൽ പ്രസിദ്ധീകരിച്ച ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികളാണ് വിറ്റഴിഞ്ഞത്. പത്ത് ഇന്ത്യൻ- വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു. സമാഹരിക്കപ്പെടാത്തതായി 7000 ലേഖനങ്ങളുമുണ്ട്. അര ലക്ഷത്തോളം പ്രസംഗങ്ങളും നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് അൽബേറിയൻ ഇന്റർനാഷണൽ, ദർശന, ബിഷപ്പ് മങ്കുഴിക്കരി, ബിഷപ്പ് വയലിൽ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ജന്മശതാബ്ദിയോട് അനുബന്ധിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഫാമിലി ആൻഡ് ലെയ്റ്റി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും സാധു ഇട്ടിയവിരയെ ആദരിച്ചിരുന്നു. ഭാര്യ: ലില്ലിക്കുട്ടി തിരുവല്ല മണലേൽ കുടുംബാംഗം. മകൻ: ജിജോ ഇട്ടിയവിര (അധ്യാപകൻ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, കോതമംഗലം). മരുമകൾ: ജെയ്‌സി ജോസ്.
Leave a Comment
Your email address will not be published. Required fields are marked with *