Follow Us On

19

March

2025

Wednesday

ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഷഹബാസ് ഭട്ടിയുടെ പേരിൽ പാക്കിസ്ഥാനിൽ പുതിയ ആശുപത്രി

ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഷഹബാസ് ഭട്ടിയുടെ പേരിൽ പാക്കിസ്ഥാനിൽ പുതിയ ആശുപത്രി

ലാഹോർ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ അരുംകൊല ചെയ്ത പാക് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഷഹബാസ് ഭട്ടിയുടെ നാമധേയത്തിൽ പാക് മണ്ണിൽ പുതിയ ആശുപത്രി. ഫൈസലാബാദ് ജില്ലയിലെ ഖുഷ്പൂരിലാണ് ഷഹബാസ് ഭട്ടിയുടെ പേരിൽ, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനത്തിനായി പുതിയ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത പ്രദേശത്താണ് പുതിയ ആശുപത്രി സ്ഥാപിതമായതെന്നതും ശ്രദ്ധേയം.

ഗർഭിണികളെ അവരുടെ ഗർഭകാലം മുഴുവനും വംശീയമോ മതപരമോ ആയ വിവേചനമില്ലാതെ പരിചരിക്കുക എന്നതാണ് പുതിയ ആരോഗ്യകേന്ദ്രത്തിന്റെ ലക്ഷ്യം. മിഡ്വൈഫുമാർക്ക് പരിശീലന കോഴ്‌സുകൾ നൽകുന്ന ഫൈസലാബാദ് യൂണിവേഴ്‌സിറ്റിയുമായി ചേർന്നാണ് സെന്റർ പ്രവർത്തിക്കുക. ഒരു ഗൈനക്കോളജിസ്റ്റ്, നാല് നഴ്‌സുമാർ, രണ്ട് ഓപ്പറേഷൻ റൂം അസിസ്റ്റന്റുമാർ, മറ്റ് ടെക്‌നിക്കൽ സ്റ്റാഫ് എന്നിവരെ ഇതിനകം നിയമിച്ചിട്ടുണ്ട്. ഗർഭിണികൾക്കു മാത്രമല്ല, അടിയന്ത സന്ദർഭങ്ങളിൽ എല്ലാത്തരം രോഗികൾക്കും ഇവിടെ ചികിത്സ ലഭ്യമാക്കാൻ പദ്ധതിയുണ്ട്.

ഇറ്റലിയിലെ ട്രവിസോ രൂപതയിൽനിന്ന് ഉൾപ്പെടെ പിന്തുണ ലഭിക്കുന്ന ‘മിഷൻ ഷഹബാസ് ഭട്ടി’ എന്ന സന്നദ്ധ സംഘടനയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. മതാന്തര സംവാദത്തിലും വിദ്യാഭ്യാസമേഖലയിലും ഇന്ന് വലിയ സ്വാധീനം ചെലുത്തുന്ന സന്നദ്ധ സംഘടനയാണ് ‘മിഷൻ ഷഹബാസ് ഭട്ടി’. ദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ ഗ്രാമീണ, കരകൗശല വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന അവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സംഘടനകൂടിയാണിത്.

2008ൽ പാകിസ്ഥാൻ നാഷണൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഭട്ടി പിന്നാലെ, ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനുവേണ്ടി രൂപീകൃതമായ വകുപ്പിന്റെ പ്രഥമ മന്ത്രിയായി. പ്രസ്തുത പദവിയിലെത്തുന്ന പ്രഥമ കത്തോലിക്കാ വിശ്വാസികൂടിയായിരുന്നു അദ്ദേഹം.ശത്രുക്കളുടെ അക്രമം മുൻകൂട്ടി കണ്ടുതന്നെയായിരുന്നു അദ്ദേഹം ആ ചുമതല ഏറ്റെടുത്തതും. ന്യൂനപക്ഷങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹം 2011 മാർച്ച് രണ്ടിനാണ് ‘തെഹരീക് ഇ താലിബാൻ’ എന്ന തീവ്രവാദി സംഘടനയുടെ കൊലക്കത്തിക്ക് ഇരയായത്.

മരണത്തിന്റെ അഞ്ചാം വർഷമായ 2016ൽ ഇസ്ലാമാബാദ് രൂപതാ ആരംഭിച്ച നാമകരണ നടപടികൾ പുരോഗമിക്കുകയാണിപ്പോൾ. വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയ ബീവിയുടെ ദുര്യോഗം അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധിക്കപ്പെടാനും പിന്നീട് അവരുടെ നിരപരാധിത്വം തെളിയിക്കപ്പെടാനും കാരണമായത് ഷഹബാസ് ഭട്ടി നടത്തിയ ഇടപെടലുകളായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?