Follow Us On

22

July

2025

Tuesday

നല്ല അപ്പന്റെ ഓര്‍മ്മ

നല്ല അപ്പന്റെ  ഓര്‍മ്മ

ഫാ. ഫിലിപ്‌സ് തൂനാട്ട്

ഉല്‍പ്പത്തിയുടെയും ജീവശ്വാസത്തിന്റെയും തെളിവുകളായി ജീവന്റെ നേര്‍ത്ത ഹൃദയ തുടിപ്പുകള്‍ ഭൂമിയെ തൊട്ടുകടന്നുപോകുന്നു. അതെ, ഇതെല്ലാമൊരു പുറപ്പാടാണ്. ഇതിനിടയില്‍ സമാഗമങ്ങളുടെ ഈ ഭൂമികയില്‍ ഉരുകിത്തീരുന്ന തിരിയായും വേദനകളെ മായ്ക്കുന്ന മഷിത്തണ്ടായും മുറിവുകളെ ഉണക്കുന്ന പച്ചമരുന്നായും ഉഷ്ണത്തെ ഋതുഭേതമാക്കുന്ന പച്ചപ്പായും ചില ജന്മങ്ങള്‍ ദൈവത്തെ തങ്ങളുടെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ ജീവന്‍ കൊടുക്കുന്നു. അതെ ഈ ധ്യാനങ്ങളില്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച യൗസേപ്പിതാവെന്ന നല്ല അപ്പന്‍ നമ്മുടെയും മനം തൊടുന്നു.

ഇല്ലായ്മകളുടെ മണ്‍പാതകളില്‍ നമ്മുടെ നസ്രായക്കാരനും ദൈവമാതാവിനും അത്താഴമാകുവാന്‍ തന്റെ വിയര്‍പ്പും ചോരയുംകൊണ്ട് സങ്കീര്‍ത്തനം രചിച്ച മഹാത്യാഗത്തിന്റെ ഓര്‍മ്മ. നമ്മുടെ പരീക്ഷകളിലും ജീവിത പരീക്ഷണങ്ങളിലും സഹായിക്കാന്‍ ദൈവം നമുക്കുതന്ന ഒരപ്പന്റെ ചാവരുള്‍.
അവന്‍ വളര്‍ത്തുന്നവനാണ്, പഴയനിയമ വേദപുസ്തകത്തിലെ യൗസേപ്പിനെപ്പോലെ ദൈവസ്‌നേഹത്തിന്റെ കലവറകള്‍ തുറന്നുതരുന്നവന്‍, നിനക്ക് തിരുസഭയുടെ വന്ദനം.

യൗസേപ്പിതാവിന്റെ സ്മരണകളിലൂടെ ഈ ദിനരാത്രികള്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നു. നല്ല അപ്പന്മാരുടെ ഓര്‍മകളുടെ മണമുണ്ട് ഈ ദിനങ്ങള്‍ക്ക്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കോവിഡിന്റെ ഇരുള്‍ദിനങ്ങളെ പ്രത്യാശയുടെ റാന്തല്‍ വിളക്കാക്കുവാന്‍ പാടിയ ഗീതം യൗസേപ്പിതാവിന്റെ സ്‌തോത്രഗീതമായിരുന്നു. യൗസേപ്പിതാവ് എക്കാലവും പ്രത്യാശയുടെ സുവിശേഷമാണ്. അതെ നല്ല അപ്പന്റെ ഓര്‍മ്മയാണ് നമുക്കും യൗസേപ്പിതാവ്.

അപ്പന്മാരായി ആരും പിറവികൊള്ളുന്നില്ല, തന്റെ സ്വപ്‌നങ്ങളെ മാറ്റിവച്ചു വീണുപോകാമായിരുന്ന ഈ മണ്‍പാതകളില്‍ കൂടെ നടക്കാനും സ്വപ്‌നം കാണിക്കാനും വീഴാതിരിക്കാനൊരു കൈത്താങ്ങുതരാനും പ്രോത്സാഹനത്തിന്റെ വഴികാട്ടാനും മനസില്‍ മഴവില്ലുതീര്‍ക്കാനും മനസുകാട്ടിയെവരൊക്കെ സുവിശേഷത്തിലെ നമ്മുടെ യൗസേപ്പിതാവിനെപ്പോലെ നല്ല അപ്പന്മാരുടെ ഓര്‍മയാണ്. നിശബ്ദത ജീവിതങ്ങള്‍, ഇല്ലായ്മകളുടെ നടുമുറ്റങ്ങളില്‍ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് സങ്കീര്‍ത്തനം രചിച്ച ഇവര്‍ ചരിത്രപുരുഷന്മാരാണ്. ഈ ദിനങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു കടന്നുപോകുന്ന സമരായക്കാര്‍ക്കുള്ളതാണ്.

യൗസേപ്പിതാവ് നമുക്കെന്നും ആവേശമാണ.് രക്ഷാകരവീഥികളിലെ ചരിത്ര പുരുഷനുമാണ്. യൗസേപ്പിതാവിന്റെ വണക്കമാസത്തിരികള്‍ കത്തിച്ചും, പ്രാര്‍ഥിച്ചും നമുക്കും മിശിഹായുടെ പീഡാസഹനങ്ങളെയും ഉദ്ധാനത്തിരുനാളിനെയും ധ്യാനിക്കാം. ഒപ്പം പ്രത്യാശയുടെ ലില്ലിപ്പൂക്കളുമായി ക്രിസ്തുവിന്റെ തിരുഹൃദയം സ്വന്തമാക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?