Follow Us On

09

May

2025

Friday

മതപരിവര്‍ത്തനത്തിന് വധശിക്ഷ നിര്‍ദേശം; ആശങ്ക പെരുകുന്നു

മതപരിവര്‍ത്തനത്തിന് വധശിക്ഷ നിര്‍ദേശം;  ആശങ്ക പെരുകുന്നു

ഭോപ്പാല്‍: മതപരിവര്‍ത്തനത്തിന് വധശിക്ഷ നല്‍കുന്നതിനെക്കുറിച്ച് പദ്ധതിയിടുകയാണെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രസ്താവന ക്രൈസ്തവരെ പരക്കെ ആശങ്കപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.
സിസിബിഐ വൈസ് പ്രസിഡന്റും ബാംഗ്ലൂരിലെ ആര്‍ച്ചുബിഷപ്പുമായ പീറ്റര്‍ മച്ചാഡോ ഈ പരാമര്‍ശങ്ങളില്‍ നിരാശ പ്രകടിപ്പിച്ചു. ‘രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഇടയില്‍ ഇത് ഞെട്ടല്‍ സൃഷ്ടിക്കുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം അപലപിക്കപ്പെടേണ്ടതും നിയമപരമായ വ്യവസ്ഥകള്‍ക്കനുസൃതമായി ശിക്ഷിക്കപ്പെടേണ്ടതുമാണെങ്കിലും, നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്.’ തന്റെ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ‘എന്തായാലും, രാജ്യത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് എളുപ്പമല്ല. അതേസമയം പൗരന്മാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന മതം നിയമപരമായി സ്വീകരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ നിയമപരമായ വ്യവസ്ഥകള്‍ പ്രകാരം മനുഷ്യാവകാശ നിഷേധവുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രസ്താവന എരിതീയിലേക്ക് എണ്ണ ഒഴിക്കുന്നതിന് സമമാണെന്ന് ഓള്‍ ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ പ്രസിഡന്റായ ജെറി പോള്‍ വിലയിരുത്തി. ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെന്നും ഓരോ പൗരനും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുവാനും ആചരിക്കാനും പ്രചരിപ്പിക്കുവാനും അവകാശമുണ്ടെന്നും കത്തോലിക്ക നേതാവായ ദാനിയേല്‍ ജോണ്‍ പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നൊന്നില്ല. കാരണം. പരിവര്‍ത്തനം നടക്കുന്നത് ഹൃദയത്തിലാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നത് തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവരെ പീഡിപ്പിക്കുവാനായി കണ്ടെത്തിയ മാര്‍ഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?