റവ. ഡോ. മെക്കിള്‍ കാരിമറ്റം
ദൈവപുത്രനായ യേശുക്രിസ്തു മരിച്ച് മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്ന് വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്നുണ്ട്. എന്താണ് ഈ മൂന്നാം ദിവസത്തിന്റെ പ്രത്യേകത? സുവിശേഷങ്ങളിലെ വിവരണങ്ങള്‍ അനുസരിച്ച് യേശു മരിച്ചത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്. ഞായറാഴ്ച അതിരാവിലെ കബറിടം ശൂന്യമായി കാണപ്പെട്ടു. കൃത്യമായി കണക്കുകൂട്ടിയാല്‍ മരണവും ഉത്ഥാനവും തമ്മില്‍ 36 മണിക്കൂറിന്റെ അകലമേയുള്ളൂ. മൂന്നുദിവസമില്ല, ഒന്നര ദിവസംമാത്രം! അപ്പോള്‍ മൂന്നാം ദിവസം എന്നതു ശരിയാണോ?
ചോദ്യകര്‍ത്താവുതന്നെ സമ്മതിക്കുന്നതുപോലെ, പൊതുവായ ഉപയോഗം അനുസരിച്ച് യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്ന പ്രസ്താവന ശരിയാണ്. കാരണം വെള്ളി, ശനി, ഞായര്‍ എന്നീ മൂന്നു ദിവസങ്ങളുടെ ഇടവേളയുണ്ട്. എന്നാല്‍ ‘മൂന്നാം ദിവസം’ എന്ന പദപ്രയോഗം ബൈബിളില്‍ കൃത്യമായൊരു കാലഗണനയ്ക്കുപരി മറ്റു ചിലതു സൂചിപ്പിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മൂന്നാം ദിവസം എന്ന പദപ്രയോഗം പ്രത്യക്ഷപ്പെടുന്ന മറ്റു ബൈബിള്‍ ഭാഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കും.
ഗലീലിയുടെ ദേശാധിപതിയായ ഹേറോദേസ് അന്തിപ്പാസ് കൊല്ലാന്‍ ആലോചിക്കുന്നു. അതിനാല്‍ വേഗം നാടുവിട്ടുപോകണം എന്ന നിര്‍ദേശവുമായി തന്നെ സമീപിച്ച ഫരിസേയര്‍ക്ക് യേശു നല്‍കുന്ന മറുപടിയില്‍ മൂന്നാം ദിവസം എന്ന പ്രയോഗം ശ്രദ്ധേയമാണ്. ”നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍. ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കും” (ലൂക്കാ 13:32). ആദ്യവായനയില്‍ മൂന്നാം ദിവസം എന്നത് കണിശമായൊരു കാലഗണനയെ സൂചിപ്പിക്കുന്നതായി തോന്നാം. എന്നാല്‍ തുടര്‍ന്നു വരുന്ന വിശദീകരണം മറ്റൊരു സൂചന നല്‍കുന്നു: ”എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ജറുസലെമിനു പുറത്തുവച്ച് പ്രവാചകന്‍ വധിക്കപ്പെടുക സാധ്യമല്ല” (ലൂക്കാ 13:33).
മൂന്നാം ദിവസം, മറ്റെന്നാള്‍ എന്ന ഒരേ അര്‍ത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്നു വ്യക്തം. മറ്റെന്നാള്‍ എന്നത് കണിശമായ കാലസൂചനയാണ്. എന്നാല്‍ മൂന്നാംനാള്‍ എന്നത് ദൈവശാസ്ത്രപരമായൊരു പദപ്രയോഗമാണ്. ദൈവം നിശ്ചയിക്കുന്ന സമയം, ദൈവം പ്രത്യേകവിധത്തില്‍ ചരിത്രത്തില്‍ ഇടപെടുന്ന നിമിഷം എന്നാണ് ‘മൂന്നാം ദിവസം’ എന്ന പദപ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത്. യേശു എവിടെ പ്രവര്‍ത്തിക്കണം, എത്രനാള്‍ പ്രവര്‍ത്തിക്കണം, എവിടെ, എപ്പോള്‍, എങ്ങനെ മരിക്കണം എന്നൊക്കെ ദേശാധിപതിയായ ഹേറോദേസോ മറ്റേതെങ്കിലും മനുഷ്യവ്യക്തിയോ അല്ല, പിതാവായ ദൈവമാണ് നിശ്ചയിക്കുന്നത്. പിതാവ് നിശ്ചയിച്ച ദിവസമാണ് മൂന്നാം ദിവസം.
പഴയ നിയമത്തിലെ ചില പ്രയോഗങ്ങളും ഈ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതായി കാണാം. വടക്കന്‍ രാജ്യമായ ഇസ്രായേലിലേക്ക് അവസാനമായി അയക്കപ്പെട്ട പ്രവാചകനാണ് ഹോസിയാ. ബി.സി. 722-ല്‍ അസീറിയായുടെ ആക്രമണത്താല്‍ രാജ്യം നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഹോസിയാ പ്രവാചകദൗത്യം നിറവേറ്റിയത്. ഒന്നിനു പുറകേ ഒന്നായി ആഞ്ഞടിക്കുന്ന ദുരന്തങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്ന ജനം തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറയുന്നു, മാനസാന്തരപ്പെടുന്നു, അതിനാല്‍ ദൈവം തങ്ങളെ ദുരന്തങ്ങളില്‍നിന്നു മോചിപ്പിക്കും എന്നു വിശ്വസിക്കുന്നു. ഈ വിശ്വാസപ്രകടനത്തിലാണ് മൂന്നാം ദിവസം എന്ന പദപ്രയോഗം കാണുന്നത്.
”വരുവിന്‍, നമുക്ക് കര്‍ത്താവിലേക്കു മടങ്ങിപ്പോകാം… അവിടുന്ന് നമ്മെ പ്രഹരിച്ചു. അവിടുന്നുതന്നെ മുറിവുകള്‍ വച്ചുകെട്ടും. രണ്ടുദിവസത്തിനുശേഷം അവിടുന്ന് നമുക്ക് ജീവന്‍ തിരിച്ചുതരും. മൂന്നാം ദിവസം അവിടുന്ന് നമ്മെ ഉയിര്‍പ്പിക്കും” (ഹോസി. 6:1-2).
ഇവിടെ മൂന്നാം ദിവസം എന്ന പദപ്രയോഗം കൃത്യമായൊരു കാലഗണനയല്ല അവതരിപ്പിക്കുന്നത് എന്നു വ്യക്തം. ദൈവംതന്നെ ശിക്ഷ പിന്‍വലിച്ച്, മോചനം നല്‍കും. അതു താമസിയാതെ ഉണ്ടാകും. ദൈവം നിശ്ചയിക്കുന്ന സമയമാണ് മൂന്നാം ദിവസം. അതു ദൈവം തന്റെ ശക്തിയും കരുണയും പ്രകടമാക്കുന്ന, രക്ഷയുടെ ദിവസമായിരിക്കും. ഹോസിയായിലൂടെ നല്‍കപ്പെടുന്ന ഈ പ്രവചനത്തില്‍ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു വ്യംഗ്യമായൊരു സൂചനയും കാണാം.
സീനായ് ഉടമ്പടിയുമായി ബന്ധപ്പെട്ട് മൂന്നാം ദിവസം എന്ന പദപ്രയോഗം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ദൈവം മോചിപ്പിച്ച ജനം ചെങ്കടല്‍ കടന്ന്, മരുഭൂമിയിലൂടെ യാത്ര ചെയ്ത്, സീനായ് മലയുടെ അടിവാരത്തില്‍ പാളയമടിച്ചു. അവിടെവച്ചാണ് ഒരു ഉടമ്പടിയിലൂടെ ദൈവം അവരെ സ്വന്തം ജനമായി സ്ഥാപിച്ചത്. ഉടമ്പടി ഉറപ്പിക്കാന്‍വേണ്ടി ഇറങ്ങിവരുന്ന ദൈവികസാന്നിധ്യത്തില്‍ നില്‍ക്കാന്‍വേണ്ടി ജനം തങ്ങളെത്തന്നെ ഒരുക്കണം എന്ന് മോശവഴി ദൈവം നല്‍കുന്ന നിര്‍ദേശത്തില്‍ ‘മൂന്നാം ദിവസം’ എന്ന പദപ്രയോഗം രണ്ടുതവണ പ്രത്യക്ഷപ്പെടുന്നു.
”അപ്പോള്‍ കര്‍ത്താവ് മോശയോടു പറഞ്ഞു: നീ ജനത്തിന്റെ അടുത്തേക്കുപോയി ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക… മൂന്നാം ദിവസം അവര്‍ തയാറായിരിക്കണം. എന്തെന്നാല്‍ മൂന്നാം ദിവസം ജനം മുഴുവന്‍ കാണ്‍കെ കര്‍ത്താവ് സീനായ് മലയില്‍ ഇറങ്ങിവരും” (പുറ. 19:10-11). ദൈവം ഇറങ്ങിവരുന്ന, അഥവാ ദൈവത്തിന്റെ ശക്തമായ സാന്നിധ്യം അനുഭവവേദ്യമാകുന്ന സമയമാണ് മൂന്നാം ദിവസം.
ദൈവം ചരിത്രത്തില്‍ ഏറ്റം ശക്തവും നിര്‍ണായകവുമാംവിധം ഇടപെട്ട അവസരമാണ് മൂന്നാം ദിവസം. അതാണ് യേശുവിന്റെ പുനരുത്ഥാനം, ഒരു പുതിയ സൃഷ്ടിയുടെ തുടക്കം. ദൈവം എല്ലാം നവീകരിക്കുന്നതിന്റെ തുടക്കമാണ് യേശുവിന്റെ പുനരുത്ഥാനം. ഈ അര്‍ത്ഥത്തില്‍ ‘മൂന്നാം ദിവസം’ എന്ന പ്രയോഗം എന്നും പ്രസക്തമാണ്. ഈ ലോകത്തില്‍ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ മൂന്നാം ദിവസം ദൈവം നിര്‍ണായകമായി ഇടപെടും. അതിനാല്‍ നിരാശ വേണ്ട. എനിക്കും ഒരു മൂന്നാം ദിവസമുണ്ടാകും എന്ന് യേശുവിന്റെ മൂന്നാം ദിവസം അനുസ്മരിപ്പിക്കുന്നു, ഉറപ്പു നല്‍കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *