Follow Us On

16

January

2025

Thursday

മണിപ്പൂര്‍ കലാപം ക്രിസ്ത്യാനിയായതുമൂലം രാജ്യസ്‌നേഹം കുറയുന്നില്ല: ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍

മണിപ്പൂര്‍ കലാപം ക്രിസ്ത്യാനിയായതുമൂലം രാജ്യസ്‌നേഹം കുറയുന്നില്ല: ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍

ന്യൂഡല്‍ഹി: ക്രിസ്ത്യാനിയായതുമൂലം രാജ്യസ്‌നേഹം ഒരുതരത്തിലും കുറയുന്നില്ലെന്ന് അദിലാബാദ് രൂപത ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍. മണിപ്പൂര്‍ കാലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിനുമുള്ള തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
മാതൃരാജ്യത്തോടുള്ള വിശ്വസ്തതയെയും അതിന്റെ നേതാക്കളോടുള്ള ബഹുമാനത്തെയും ക്രിസ്തീയ വിശ്വാസം പ്രോത്സാഹിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സ്വന്തം മതവിശ്വാസം പുലര്‍ത്തി വിദേശ രാജ്യങ്ങളില്‍ സമാധാനപരമായി ജീവിക്കുമ്പോള്‍, എന്തുകൊണ്ടാണ് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് മാതൃരാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്തത്? ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കും മറ്റേതൊരു പൗരനെയും പോലെ, സ്വതന്ത്രമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശമുണ്ട്; ബിഷപ് ചൂണ്ടിക്കാട്ടി.

രണ്ട് മാസത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്ന് സ്ത്രീകള്‍ക്ക് നേരെ നടത്തിയ ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ അതിക്രമങ്ങള്‍ ഇന്ത്യയുടെ ആത്മാവിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. സംസ്ഥാനത്ത് നീണ്ടുനില്‍ക്കുന്ന അക്രമങ്ങളില്‍ മതപരമായ ഘടകങ്ങളൊന്നുമില്ലെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ട അധികാരികളുടെ വിശദീകരണങ്ങള്‍ പരാജയപ്പെടുന്നു. ഇത് എല്ലാ അര്‍ത്ഥത്തിലും മതപരമായ പീഡനമാണ്. ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും കുടിയിറക്കപ്പെടുകയും ദൈവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും കത്തില്‍ പറയുന്നു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും പോലീസിന്റെയും ഭാഗത്തുനിന്ന് കര്‍ശനമായ നടപടികളില്ലാത്തതാണ് മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് ഇന്ധനം പകരുന്നത്. വംശീയ സംഘട്ടനമായി ഇപ്പോഴത്തെ അക്രമത്തെ വിവരിക്കാനുള്ള ദുരുദ്ദേശ്യത്തോടെയുള്ള ശ്രമങ്ങള്‍ കലാപകാരികള്‍ക്ക് അക്രമം തുടരാനുള്ള പ്രോത്സാഹനം നല്‍കുന്നു. എന്നാല്‍ വംശീയ ഭിന്നതകളുടെ പേരില്‍ അക്രമം നടത്താമോ? വംശീയ സംഘട്ടനമായാലും തടയേണ്ടതല്ലേ?, ബിഷപ് ചോദിക്കുന്നു.
മണിപ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ ചെയ്ത തെറ്റ് എന്താണ്? കുടിയിറക്കപ്പെട്ടവര്‍ ചെയ്ത തെറ്റ് എന്താണ്? ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത നിസഹായരായ സ്ത്രീകള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ നീതിക്കുവേണ്ടി നിലവിളിക്കുന്നു. അവരുടെ നിലവിളി രാജ്യത്തുടനീളം അലയടിക്കുകയാണ്. ഒരു ക്രിസ്ത്യാനിയെന്ന നിലയിലും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ക്രിസ്ത്യന്‍ പീഡനങ്ങളെയും താന്‍ ശക്തമായി അപലപിക്കുന്നതായി ബിഷപ് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?