ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ്
‘കുഞ്ഞുമായി ഫ്ലാറ്റിലേക്ക് കയറി പോയ കുള്ളനെ കുറച്ചു ദിവസത്തേക്ക് ആരും കണ്ടില്ല. മഴയും ഇടിയും വെയിലും ഉള്ള ഒരു വൈകുന്നേരം കുള്ളന്റെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നു. അയാള്‍ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി.. അയാള്‍ എന്നത്തേയും പോലെ കുട ഉയര്‍ത്തി പിടിച്ചിരുന്നു.. കുഞ്ഞ് കരയുന്നുണ്ട്, കുഞ്ഞിനെ മാറോടു ചേര്‍ത്തു ഒരു ഉമ്മ നല്‍കി അയാള്‍ നടന്നു നീങ്ങി. അപ്പോള്‍ അവിടെ കൂടി നിന്ന എല്ലാവരിലും ഒരു വിചിത്ര ബോധോദയം ഉണ്ടായി. ‘ആ മനുഷ്യന്റെ കുടക്കീഴില്‍ ശൂന്യമായ വലിയൊരു സ്ഥലമുണ്ട്… ഭൂമിയിലുള്ള യാതൊന്നിനും നിറയ്ക്കാന്‍ കഴിയാത്ത ശൂന്യത….’ (കുള്ളന്റെ ഭാര്യ എന്ന സിനിമയിലെ അവസാന ഭാഗം).
കുള്ളന്റെ ഭാര്യ ഒരിക്കലെങ്കിലും കാണാന്‍ ശ്രമിക്കേണ്ട ചലച്ചിത്രവിസ്മയമാണ്. സമൂഹം എങ്ങനെയാണ് മനുഷ്യനെ വിധിക്കുന്നതെന്ന് സിനിമ പറയുന്നു. എത്ര പെട്ടന്നാണ് രണ്ടുപേരെക്കുറിച്ച് തങ്ങളുടേതായ കഥകള്‍ നിറയ്ക്കുന്നത്. അത് കേള്‍ക്കാനും പ്രചരിപ്പിക്കാനും ഇഷ്ടമാണ് മനുഷ്യര്‍ക്ക്. കുള്ളന്‍ പോകുന്ന ആ യാത്ര ഒരു ക്യാമറ കണ്ണില്‍ പകര്‍ത്തി എടുക്കുമ്പോള്‍… അതിന്റെ ഒരു പകര്‍പ്പ് മനസിന്റെ ഉള്ളിലേക്ക് കൂടി എടുത്ത് വെച്ചാണ് ഓരോ പ്രേക്ഷകനും പോകുന്നത്. അവസാനം കൈക്കുഞ്ഞുമായി കോരിച്ചൊരിയുന്ന മഴയത്ത് ഭാര്യയുടെ ഉയരത്തിലേക്ക് കുടയും നിവര്‍ത്തി നടന്നുപോകുന്ന കുള്ളന്റെ ആ ദൃശ്യം എങ്ങനെയാണ് നമ്മള്‍ മറക്കുന്നത്. അരമണിക്കൂര്‍ മാത്രമേ സിനിമയുള്ളൂ. നമ്മളെയെല്ലാം മറ്റൊരു ലോകത്തേക്ക് നയിക്കുന്ന ഒരു മാജിക്, അതാണ് കുള്ളന്റെ ഭാര്യ. ആ കാഴ്ച നോക്കിനില്‍ക്കുന്ന എല്ലാവരും ഇന്നിന്റെ പ്രതിനിധികളാണ്. സൊസൈറ്റിയുടെ ആകുലതകളെ തുറന്നു കാണിച്ചുതന്ന സിനിമയാണത്.
മനുഷ്യനെ ഇനിയും നമുക്ക് മനസിലായിട്ടില്ല. അവന്റെ ഉള്ളിനെ ഇനിയും മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാണ് ശരി. എല്ലാത്തിനും നമ്മള്‍ നമ്മുടേതായ വേര്‍ഷന്‍ ഉണ്ടാക്കുകയാണ്. എല്ലാത്തിനും നമ്മുടേതായ ഉത്തരങ്ങള്‍ നേരത്തെ തന്നെ നിര്‍മ്മിക്കപ്പെടുകയാണ്. മനുഷ്യനെ അല്പം കൂടി പഠിക്കാന്‍ തയാറാകണം എന്ന് തോന്നാറുണ്ട്. ഇറങ്ങി ചെല്ലും തോറും ആഴം കൂടുന്ന, എത്തിനോക്കിയാല്‍ കണ്ണെത്താത്ത കിണറുപോലെ എന്തുമാത്രം ഏടുകളാണ് മനുഷ്യന്‍. അവിടെയാണ് യേശു എന്ന മനുഷ്യന്‍ വിസ്മയിപ്പിക്കുന്നത്. അവന്‍ ആരെയാണ് വിധിച്ചിട്ടുള്ളത്..? അവന്‍ ആരെയേലും മാറ്റിനിര്‍ത്തിയിട്ടുണ്ടോ..? നാണിച്ചു തല താഴ്ത്തിപോകും എന്റെ ഉള്ളിലേക്ക് ഞാന്‍ നോക്കുമ്പോള്‍..! എനിക്ക് വിധിക്കാനേ നേരമുള്ളൂ. ഞാനെന്ന ഭാവം മുഴച്ചുനില്‍ക്കുന്ന എന്നില്‍ ഇനി എന്നാണ് യേശു രൂപപ്പെടുന്നത്..? നിലത്ത് എഴുതിക്കൊണ്ട് അവന്‍ പറഞ്ഞതും അത് മാത്രമല്ലേ, ഞാനും വിധിക്കുന്നില്ല..!
‘പൂര്‍ണ വളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോവുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍ ‘ സുഭാഷ് ചന്ദ്രന്‍ തന്റെ നോവലായ ‘മനുഷ്യന് ഒരു ആമുഖം’ തുടങ്ങുന്നത് ഇങ്ങനെയാണ്. നോവല്‍ വായിക്കുന്നതിനിടെ എത്ര തവണയാണ് നമ്മള്‍ നമ്മുടെ വേരിലേക്ക്, വേരിറങ്ങിയ മണ്ണിലേക്ക് തിരിഞ്ഞു നോക്കുന്നത്. വായനയിലുടനീളം നമ്മള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, കാരണമറിയാതെ കണ്ണുകളില്‍നിന്നും തുളുമ്പിയ കണ്ണുനീര്‍, ഉറക്കം കെടുത്തിയ ജീവിത സത്യങ്ങള്‍..!
നോവല്‍ അവസാനിക്കുമ്പോള്‍ നമ്മള്‍ ഓര്‍ത്തുപോകും, ജീവിതം ഇത്ര പിന്നിട്ടിട്ടും ജീവിതത്തിന്റെ അര്‍ഥം, അതിന്റെ ആഴം ഇനിയും മനസിലായിട്ടില്ലല്ലോ എന്ന്. മരിച്ചു കിടക്കുമ്പോഴും നമ്മള്‍ അത്ര വളര്‍ന്നിട്ടൊന്നും ഇല്ല. ഒരിക്കലും വയസല്ല ഒന്നിന്റെയും മാനദണ്ഡം. അനുഭവങ്ങള്‍ പഠിപ്പിക്കുന്ന, ജീവിതം തരുന്ന ചില തിരിച്ചറിവുകള്‍ ഇല്ലാതെ വെറുതെ കടന്നുപോകുന്നവരായി മാറുന്നുണ്ടോ നമ്മള്‍..!
ഉള്ളില്‍ ഒരായിരം കണ്ണീര്‍ കടലുകളുമായി ചിലര്‍ നമ്മുടെ കൂടെ നടക്കുന്നുണ്ട്. ഒരിക്കല്‍ പോലും കരയാതെ, ഒരു പരിഭവം പോലും പറയാതെ അവര്‍ നമ്മുടെ കൂടെയുണ്ട്. ചിലപ്പോള്‍ നമ്മുടെ ഒരു വാക്കിനുവേണ്ടി അവര്‍ കാത്തിരിക്കുകയായിരിക്കും. കൂടെ നടക്കുന്നവരേക്കാള്‍ കൂടെയുണ്ട് എന്ന് പറയാനും പഠിക്കണം. വാക്കുകള്‍ അത്രമേല്‍ നമ്മെ സൗഖ്യപ്പെടുത്തുന്നുണ്ട്. ഒന്ന് കണ്ണടച്ചാല്‍ ഈശോയെ നമുക്ക് ഓര്‍ത്തെടുക്കാം. മറ്റുള്ളവരുടെ കണ്ണുനീര്‍ കണ്ട്, പരിഭവങ്ങള്‍ കേട്ട്, മുറിവുകളില്‍ തൊട്ട്, ചേര്‍ത്തുപിടിച്ച്.. അങ്ങനെ അങ്ങനെ.. അതില്‍ കൂടുതലൊന്നും വേണ്ടന്നെ ഈ ജീവിതത്തില്‍.
Leave a Comment
Your email address will not be published. Required fields are marked with *