Follow Us On

24

December

2024

Tuesday

എടുക്കണം ചില പരുക്കന്‍ തീരുമാനങ്ങള്‍

എടുക്കണം ചില പരുക്കന്‍ തീരുമാനങ്ങള്‍

ബൊവനെര്‍ഗെസ്

ആഴ്ചയില്‍ ഒരിക്കലെങ്കിലും ആ കുടുംബസുഹൃത്തുക്കള്‍ ഒന്നിച്ചുകൂടാറുണ്ട്. അത്തരമൊരു കൂടിക്കാഴ്ചയില്‍, നാട്ടുവിശേഷങ്ങള്‍ക്കുശേഷം അതിലൊരാള്‍ അല്പം ഗൗരവത്തോടെ, പതിഞ്ഞസ്വരത്തില്‍ കൂട്ടുകാരനോട് പറഞ്ഞു: നമ്മുടെ മോളെ ഞാന്‍ ഇന്ന് ടൗണില്‍ വച്ച് കണ്ടു.
അതിനെന്താടോ, അവള്‍ ടൗണിലല്ലേ പഠിക്കുന്നത്. മറ്റെയാള്‍ പറഞ്ഞു.
ഇതങ്ങനെയല്ലടോ, അത്ര നല്ലൊരു കാഴ്ചയായി എനിക്കത് തോന്നിയില്ല എന്നായി കൂട്ടുകാരന്‍.
എന്താടോ താന്‍ തെളിച്ചു പറയ്… ആ ആത്മാര്‍ത്ഥ സുഹൃത്ത് അയാള്‍ കണ്ടത് വിശദീകരിച്ചു. കൂട്ടുകാരന്റെ കോളജുവിദ്യാര്‍ത്ഥിയായ മകളെ അന്യമതത്തില്‍പ്പെട്ട യുവാവിനോടൊപ്പം പ്രതീക്ഷിക്കാത്തിടത്തുവച്ച് കാണാനിടയായി. മോളെ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ് എന്നു ഓര്‍മിപ്പിച്ച് അയാള്‍ നിര്‍ത്തി. ഇതുകേട്ട സുഹൃത്തിന്റെ മുഖഭാവം മാറി. അയാള്‍ക്ക് കോപം അടക്കാന്‍ കഴിഞ്ഞില്ല. നിര്‍ത്തെടോ… എന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല, എന്റെ മോളെ എനിക്കറിയാം, താന്‍ കരുതുന്നതുപോലെയല്ല…. തന്റെ അസൂയകൊണ്ടാ താനിങ്ങനെയൊക്കെ പറയുന്നത്…. നിര്‍ത്താതെ പോയി അയാളുടെ വാക്കുകള്‍… അതോടെ വര്‍ഷങ്ങള്‍ നീണ്ട ആ സൗഹൃദം അവസാനിച്ചു, ആത്മാര്‍ത്ഥ സൂഹൃത്തുക്കള്‍ ബദ്ധശത്രുക്കളായി.

ഉറങ്ങിയില്ല, അയാളന്ന്. ഭാര്യയോട് എങ്ങനെ പറയും. മോളോട് ചോദിക്കാന്‍ പറ്റില്ലല്ലോ… അല്ലെങ്കിലും അവളങ്ങനെയൊന്നും ചെയ്യില്ല, ചോദിച്ചാല്‍ അവള്‍ക്ക് സങ്കടമാകും. വേണ്ടാ… എനിക്കവളെ സംശയിക്കാന്‍ കഴിയില്ല. അയാള്‍ അങ്ങനെ ആശ്വസിച്ചു. പക്ഷേ, വൈകാതെ അതുനടന്നു, മകള്‍ അക്രൈസ്തവ യുവാവിനൊപ്പം എങ്ങോ പോയ്മറഞ്ഞു… അന്വേഷണങ്ങളെ വിഫലമാക്കിക്കൊണ്ട്. സ്വന്തം മകളെ അന്ധമായി വിശ്വസിച്ച ആ പിതാവിന് അവള്‍ നഷ്ടമായി, മാനക്കേടും സമൂഹത്തിലും ബന്ധുക്കള്‍ക്കിടയിലും ഒറ്റപ്പെട്ടത് ബാക്കിയുമായി.

ഇത് കേരളത്തില്‍ ഏറ്റവുംകൂടുതലായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന മാരക വൈറസാണ്. കൊറോണപോലെ തിരിച്ചറിയാത്തതുകൊണ്ടും അറിഞ്ഞിട്ടും അറിഞ്ഞെന്ന് നടിക്കാത്തതുകൊണ്ടും മുന്‍കരുതലുകളോ, പ്രതിരോധ നടപടികളോ റൂട്ടുമാപ്പുകളോ ഐസൊലേഷനുകളോ ഇല്ലാതെ ഈ മാഹാവ്യാധി നിര്‍ബാധം പടരുന്നു, അനേകരെ നശിപ്പിക്കുകയും നഷ്ടപ്പെടുത്തുകയും കുടുംബങ്ങളെ തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
‘മതമൊന്നും മാറണ്ടന്നേ, പള്ളിയില്‍ പോകുന്നതിനു തടസമൊന്നുമില്ല, മക്കളെയും പളളീല്‍ കൊണ്ടോക്കോ, തലയില്‍ പള്ളീലെ വെള്ളമൊഴിക്കാണ്ടിരുന്നാല്‍മതി.’ പ്രണയകാലത്തെ മോഹന വാഗ്ദാനങ്ങള്‍.. എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല. എത്രനല്ല പയ്യനും വീട്ടുകാരും അല്ലേ? എന്നു നമുക്കു തോന്നാം. എത്രകാലം പള്ളിയില്‍ പോകും? ഇരു ദിശകളിലേക്കുള്ള രണ്ടുവഞ്ചികളില്‍ കാലുവച്ചു യാത്രചെയ്യുന്നത് ഒന്നു ഭാവനകണ്ടാലോ?.. ഭാവന അധികം നീളുംമുമ്പേ കേള്‍ക്കാം ‘ബ്ലും…!!’ ശബ്ദം.

മക്കളുടെ മിശ്രപ്രണയക്കേസുകള്‍ക്ക് പരിഹാരംതേടി ആഴ്ചയില്‍ ഒന്നിലധികം ക്രൈസ്തവകുടുംബങ്ങള്‍ ധ്യാനകേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉത്തരവാദപ്പെട്ടവര്‍ ഭാരത്തോടെ സാക്ഷ്യപ്പെടുത്തുന്നു. നാം അറിഞ്ഞാലും ഇല്ലെങ്കിലും ഇത് ക്രൈസ്തവരെ, ക്രൈസ്തവ കുടുംബങ്ങളെ തകര്‍ക്കാനുള്ള ആ കൗശലക്കാരന്റെ കൗശലമല്ലാതെന്ത്? എവിടെ നോക്കിയാലും ക്രിസ്ത്യാനിക്കെതിരെയാണ് അവന്റെ പടപ്പുറപ്പാട്. അവരാണ് അവന്റെ ശത്രു. അവരെ നശിപ്പിക്കാന്‍ ‘നുണയനും നുണയുടെ പിതാവുമായ അവന്‍'(യോഹന്നാന്‍ 8/44) ഏതു തന്ത്രവും ഉപയോഗിക്കും. അത് തിരിച്ചറിഞ്ഞ് ചെറുത്തില്ലെങ്കില്‍ ഖേദിക്കേണ്ടിവരുമെന്നുറപ്പ്.
തിന്മ സമീപിക്കുന്നത്, പ്രലോഭിപ്പിക്കുന്നത് ആരിലൂടെയാണെങ്കിലും അതിനുപിന്നിലെ ശത്രുവിനെ തിരിച്ചറിഞ്ഞ് ആട്ടിയോടിക്കണം. എന്തെന്നാല്‍ ”മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്” (യോഹന്നാന്‍ 10/10).
”നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു” (1പത്രോസ് 5/8). അവനെ ചെറുത്തുതോല്പിക്കാന്‍ നമുക്കുകഴിയണം. കഴിയും. ”പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും” (യാക്കോബ് 4/7) എന്ന് തിരുവചനം ഉറപ്പു നല്‍കുന്നുണ്ടല്ലോ.

നല്ലവരായ മക്കള്‍
നമ്മുടെ മക്കള്‍ നല്ലവരാണ് എന്നത് തികച്ചും ശരി. എന്നാല്‍ അവര്‍ ‘അവരെപ്പോലെയും ഇവരെപ്പോലെയു’മൊന്നുമല്ല, വഴിതെറ്റിപ്പോകില്ല, അബദ്ധങ്ങളില്‍ വീഴില്ല, കുരുത്തക്കേടൊന്നും കാണിക്കില്ല’ എന്ന നമ്മുടെ അന്ധ/അബദ്ധവിശ്വാസങ്ങള്‍ തിരുത്തേണ്ടതായിട്ടില്ലേ? ഉണ്ടെന്ന് നമ്മുടെയും മറ്റുള്ളവരുടെയും അനുഭവങ്ങള്‍ അധ്യാപകരായെത്തിയിട്ടില്ലേ?

അവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇനിയെങ്കിലും തയാറാകേണ്ടതില്ലേ? ഇപ്പോള്‍ എല്ലാം കണ്ണടച്ചു വിശ്വസിച്ചാല്‍ പിന്നീട് അവിശ്വസനീയമായ മറ്റു പലതും വിശ്വസിക്കേണ്ടി വന്നേക്കാം. എന്നും എല്ലാക്കാര്യങ്ങളും അന്വേഷിക്കുകയും അറിയുകയും ചെയ്യുന്നതില്‍ വീഴ്ച വരുത്താതിരിക്കണം. പഠന/ജോലി/താമസ സ്ഥലങ്ങള്‍ ഇടയ്ക്ക് സന്ദര്‍ശിക്കുന്നത് കരുതലിന്റെ ഭാഗമാക്കാത്തതെന്ത്? അന്വേഷിക്കണം, ഉത്തരവാദിത്വപ്പെട്ടവരോട്. ‘പ്രായത്തിന്റെ പ്രത്യേകത’യെന്ന സാരമില്ല- വയ്പ് അവസാനിപ്പിക്കുക. പ്രായത്തിന്റെ പ്രത്യേകതകളെ ക്രിയാത്മകമായി, ആദ്ധ്യാത്മികമായി രൂപപ്പെടുത്തുക എന്നതൊക്കെ കരുതലും സ്‌നേഹവുമുള്ള മാതാപിതാക്കളുടെ ലക്ഷണം. മാതാപിതാക്കളെ അനുസരിക്കാന്‍ തയാറല്ലെങ്കില്‍ ഉചിതമായ വ്യക്തികളിലൂടെ ഇടപെടണം.

മക്കളെ ഭയത്തിന് പരിഹാരം
മക്കളെ ഭയപ്പെടുന്നത് ആദ്യമേ നിര്‍ത്തേണ്ടിയിരിക്കുന്നു. തിരുത്തലുകള്‍ നല്കിയാല്‍ അവരെന്തെങ്കിലും ചെയ്താലോ എന്നതാണ് പലരുടെയും ഭയം. എന്തു ചെയ്യാന്‍? നിയന്ത്രണവിധേയമല്ലെങ്കില്‍ ചികിത്സ, കൗണ്‍സലിങ്ങ് എന്നിവയൊക്കെ ഉണ്ടല്ലോ; ആവശ്യമെങ്കില്‍ ആ മാര്‍ഗം സ്വീകരിക്കാന്‍ മടിക്കരുത്. മക്കള്‍ നമ്മുടേതല്ലേ: മറ്റുള്ളവരുടേതല്ലല്ലോ? എന്റെ മക്കള്‍ക്ക് അതൊന്നും ആവശ്യമില്ലെന്നു മൂഢമായി കരുതുന്നെങ്കില്‍ ‘മറ്റുള്ളവരുടെ’ മക്കളോടൊപ്പമാകും (അവര്‍ ഏതു മതമെന്നുപോലുമറിയണമെന്നില്ല) പിന്നീട് അവരെ കാണേണ്ടിവരിക; ഒരിക്കലും കണ്ടില്ലെന്നും വരാം. അങ്ങനെ സംഭവിക്കുകമൂലം പുറത്തിറങ്ങാനോ മറ്റുള്ളവരുടെ മുഖത്തുനോക്കാനോ സാധിക്കാത്ത ക്രൈസ്തവ കുടുംബങ്ങള്‍ എത്ര? അതിനേക്കാള്‍ ഭേദമല്ലേ ഇന്ന് നാം എടുക്കേണ്ട ചില പരുക്കന്‍ തീരുമാനങ്ങള്‍, അത് മക്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

വഴിതെറ്റലുകളോട് അനുകമ്പയേ അരുത്. മക്കളോടാകാം അനുകമ്പ, തെറ്റുകളോടരുത്. അമ്മമാരാണ് ഇക്കാര്യത്തില്‍ വീണുപോകുന്നത്. മക്കളുടെ ചില പദപ്രയോഗങ്ങില്‍ അവര്‍ മൂക്കുകുത്തിവീഴുന്നു. ‘സ്‌നേഹിച്ചു പോയി, ഇത്രയും വര്‍ഷമായില്ലേ, ഇനിയെങ്ങിനെയാ?’ ‘എനിക്കിനി വേറെ വേണ്ടാ, ഞാന്‍ ജീവിച്ചിരിക്കില്ല’ എന്നിങ്ങനെ നീളുമത്. ഉപവാസത്തോടും കണ്ണുനീരോടുംകൂടിയ നിരന്തര പ്രാര്‍ത്ഥനയ്ക്കു വഴിതിരിച്ചുവിടാനാകാത്ത, പൊട്ടിക്കാന്‍ കഴിയാത്ത ബന്ധ-നമേത്? വിശുദ്ധ അഗസ്റ്റിനും വിശുദ്ധ ഫ്രാന്‍സിസുമെല്ലാം മുമ്പിലുയരുന്ന ഉദാഹരണങ്ങളല്ലേ? വേണ്ടാത്തത് വേണ്ടെന്നുവയ്ക്കാനുള്ള തന്റേടം ഇന്നില്ലെങ്കില്‍, ജീവിതത്തില്‍ വേണ്ടാത്ത പലതും വേണ്ടാതെ കയറിവരും. അന്ന് വേണ്ടെന്നു പറയാന്‍ തോറ്റതുതന്നെ.
ഏതു പ്രായത്തിലുള്ളവര്‍ക്കും ഇന്ന് ധ്യാനങ്ങളുണ്ട്. വഴിതെറ്റുംമുമ്പേ, വിശുദ്ധിയിലും നന്മയിലും വളരാന്‍ നല്ലൊരു കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുപ്പിക്കുന്നത് ഏറെ ഫലപ്രദം. അതൊരിക്കലും അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പമാകാതിരിക്കട്ടെ. മറ്റൊന്നുമല്ല, കൂട്ടുകൂടിപ്പോയാല്‍ ധ്യാനത്തില്‍ വിജയിക്കില്ല അത്രതന്നെ. പിന്നീട് ഇത്തരം കാര്യങ്ങളോട് വൈമുഖ്യംതോന്നുക സ്വാഭാവികം.

റീത്തയ്ക്ക് രണ്ടാണ്‍മക്കള്‍. വളര്‍ന്നപ്പോള്‍ അവര്‍ പിതാവിന്റെ ഘാതകരെ വധിക്കാനൊരുങ്ങുന്നു എന്നറിഞ്ഞ അവള്‍ ഉള്ളുനൊന്തു പ്രാര്‍ത്ഥിച്ചു, ‘ദൈവമേ അങ്ങെനിക്കു തന്ന മക്കള്‍ അങ്ങയുടെ മക്കളായി വളരുന്നില്ലെങ്കില്‍ അവരെ അങ്ങ് തിരിച്ചെടുത്തുകൊള്ളുക. എന്റെ മക്കള്‍ കൊലപാതകികളാകുന്നതിനേക്കാള്‍ അവര്‍ മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ റീത്തയുടെ പ്രാര്‍ത്ഥനപോലെ പ്രായപൂര്‍ത്തിയാകുംമുമ്പേ മക്കള്‍ രോഗബാധിതരായി മരണംപുല്‍കി. അവള്‍ കന്യകാലയത്തില്‍ പ്രവേശിച്ച് സന്യാസിനിയായി, വിശുദ്ധയായി; കാസിയായിലെ വിശുദ്ധ റീത്ത.
മക്കള്‍ വിശുദ്ധരായി വളരട്ടെ. അങ്ങനെ നമ്മളും വിശുദ്ധരാകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?