Follow Us On

18

October

2024

Friday

ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ പാലം

ദൈവത്തിനും  മനുഷ്യര്‍ക്കുമിടയിലെ പാലം

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

മഹാനായ ലെക്കോയ്ഡറാണ് പുരോഹിതന് ഏറ്റവും അനുയോജ്യമായ ഒരു നിര്‍വചനത്തിന് രൂപം നല്‍കിയത് : ‘ഒരു വീട്ടിലും അംഗമല്ലാത്ത, എല്ലാ വീടുകളുടെയും ഭാഗമായ, ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ പാലം…’ അതിമോഹങ്ങളില്ലാത്ത വൈദികരുടെ നേര്‍സാക്ഷ്യം തന്നെയാണ് ലെക്കോയ്ഡറിന്റെ വീക്ഷണം. ഈ വീക്ഷണവുമായി ചേര്‍ന്നുപോകുന്ന ഒരു ജീവിതമാണ് മോണ്‍. അപ്രേം പാലത്തിങ്കലച്ചന്റേത്. ഒരു അള്‍ത്താര ബാലന്‍ എന്ന നിലയില്‍ അച്ചന്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ തീക്ഷ്ണത എന്റെ വൈദികജീവിതവിളിയുടെ ആദ്യപാഠമായിരുന്നു.

ആരായിരുന്നു അപ്രേമച്ചന്‍? മോണ്‍സിഞ്ഞോര്‍ എന്ന് തന്നെ ആരെങ്കിലും വിളിക്കുന്നത് അശ്ശേഷം ഇഷ്ടമില്ലത്തയാള്‍. അപ്രേമച്ചന്‍ അപ്രേമച്ചന്‍ തന്നെ. മാര്‍ ജോര്‍ജ് ആലപ്പാട്ട്, മാര്‍ ജോസഫ് കുണ്ടുകുളം എന്നീ രണ്ടു പിതാക്കന്മാരുടെ ഭരണകാലത്ത് തുടര്‍ച്ചയായി തൃശൂര്‍ രൂപതയുടെ ഫിനാന്‍സ് ഓഫീസറും ആലോചനസമിതി അംഗവുമായിരുന്നു. ഒരു പരാതി ഈ മേഖലയില്‍ ആരുംതന്നെ ചൂണ്ടിക്കാട്ടിയിട്ടില്ല. കച്ചേരിയിലെ കൊച്ചുമുറിയിലിരുന്ന് അന്നത്തെ ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ രൂപതയുടെ കണക്കുകള്‍ കൃത്യമായി ബന്ധപ്പെട്ട സമിതികള്‍ക്കു മുന്‍പില്‍ അച്ചന്‍ അവതരിപ്പിച്ചു. സുതാര്യത അച്ചന്റെ മുഖമുദ്രയായിരുന്നു, വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും.

തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ എന്ന ഗ്രാമത്തിലെ ആലപ്പാട്ടു പാലത്തിങ്കല്‍ കുടുംബാംഗമായ അപ്രേം കാട്ടൂര്‍, പാവറട്ടി ഹൈസ്‌ക്കൂളുകളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കി തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തിരുപ്പട്ടസ്വീകരണശേഷം രൂപതാധികാരികള്‍ കുറച്ചുകാലം മൈനര്‍ സെമിനാരിയില്‍ ലത്തീന്‍ ഭാഷാ പഠനത്തിന്റെ ചുമതല നല്‍കി. മെത്രാന്മാരടക്കം വലിയൊരു ശിഷ്യഗണത്തിന്റെ ഉടമയാണ് അച്ചന്‍. വൈകാതെ രൂപതയുടെ ഫിനാന്‍സ് ഓഫീസറായി ചുമതലയേറ്റു. നീണ്ട നാല്പത് വര്‍ഷത്തെ ആ ശുശ്രൂഷയ്ക്കിടയില്‍ കുര്‍ബാന, മൃതസംസ്‌കാരം, വിവാഹം എന്നിവക്ക് അച്ചന്മാരെ ലഭിക്കാതെ വരുന്ന അവസരത്തില്‍ അച്ചന്‍ ഓടിപ്പോയി അതെല്ലാം നിര്‍വഹിക്കാന്‍ മടികാണിച്ചില്ല. നഷ്ടപ്പെടുന്ന സമയം രാത്രി അധിക ജോലി ചെയ്ത് നികത്തി. യാത്രകളൊക്കെ ബസില്‍, ബസിറങ്ങിയാല്‍ മഴയായാലും വെയിലായാലും നടത്തം. അരമനയില്‍ വാഹനങ്ങളുണ്ടെങ്കിലും അച്ചന്‍ അത്യപൂര്‍വ്വമായി മാത്രമെ ഉപയോഗിക്കാറുള്ളൂ. നാമമാത്രമായ സ്‌റ്റൈപന്‍ഡും കുടുംബാംഗങ്ങള്‍ നല്‍കുന്ന സമ്മാനങ്ങളും സ്വരുക്കൂട്ടി വച്ച് പാവപ്പെട്ടവര്‍ക്കായി നല്‍കിയിരുന്നു.

അപ്രേമച്ചന്റെ നിശബ്ദസേവനം മനസിലാക്കിയ ജോസഫ് കുണ്ടുകുളം പിതാവ് മോണ്‍സിഞ്ഞോര്‍ സ്ഥാനം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. അച്ചന്‍ പിതാവിന്റെ മുമ്പില്‍ മുട്ടുകുത്തി ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. യോഗ്യതയുള്ളവരുടെ ലിസ്റ്റും നല്‍കി. പക്ഷേ പിതാവ് ‘അനുസരണമെന്ന ആയുധ’മെടുത്തപ്പോള്‍ കീഴടങ്ങി. ചുവന്ന അരപ്പട്ട, മുള്ളരഞ്ഞാണ്‍ ധരിക്കുന്ന വേദനയോടെ അണിഞ്ഞു. ആ ഒരൊറ്റ പ്രാവശ്യം. പിന്നെ അച്ചന്‍ ഒരിക്കല്‍പ്പോലും അത് ധരിക്കുകയോ ‘മോണ്‍സിഞ്ഞോ ര്‍’ എന്ന പദം ഉപയോഗിക്കുകയോ ചെയ്തില്ല.

റിട്ടയര്‍മെന്റിനുശേഷവും അദ്ദേഹം വിശ്രമമറിഞ്ഞിട്ടില്ല. പള്ളികളില്‍ ദീര്‍ഘസമയം കുമ്പസാരം, വൈദികര്‍ ലീവിലോ വിദേശസന്ദര്‍ശനത്തിനോ പോകുമ്പോള്‍ പകരം ശുശ്രൂഷ, കുടുംബവഴക്കുകള്‍ ഒത്തുതീര്‍പ്പാക്കല്‍, വായിച്ചുകഴിഞ്ഞ വിശ്വാസപരവും ധാര്‍മികവുമായ മാസികകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും വിതരണം ചെയ്യല്‍ എന്നിവയായിരുന്നു പ്രവര്‍ത്തനങ്ങള്‍. മരണത്തെക്കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച ലഭിച്ച അച്ചന്‍ ഒരാഴ്ച മുമ്പ് തന്നെ തന്റെ മുറിയൊതുക്കി. പുസ്തകശേഖരം സെമിനാരിക്കും, കോണ്‍വെന്റുകള്‍ക്കും, സുഹൃത്തുക്കള്‍ക്കും കൈമാറി. 81 വയസ് തികഞ്ഞ അപ്രേമച്ചന്‍ എന്ന വിശുദ്ധ വൈദികന് രോഗീലേപനം നല്‍കാനുള്ള ഭാഗ്യം, പണ്ട് അദ്ദേഹത്തിന്റെ അള്‍ത്താരബാലനായിരുന്ന എനിക്ക് ലഭിച്ചു. 1998 ജൂണ്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ആത്മാവ് നിത്യപുരോഹിതന്റെ സവിധത്തിലേക്ക് യാത്രതിരിച്ചു. ഏത് വൈദികനും മാതൃകയാക്കേണ്ട അപ്രേമച്ചന്റെ അസാന്നിദ്ധ്യം വല്ലാത്ത ശൂന്യത മനസില്‍ സൃഷ്ടിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?