Follow Us On

16

January

2025

Thursday

ബര്‍ലിന്‍ ഒളിമ്പിക്‌സില്‍ അഭിമാന നേട്ടം കൈവരിച്ച് അന്തിനാട് ശാന്തിനിലയം സ്‌കൂള്‍

ബര്‍ലിന്‍ ഒളിമ്പിക്‌സില്‍ അഭിമാന നേട്ടം കൈവരിച്ച് അന്തിനാട് ശാന്തിനിലയം സ്‌കൂള്‍

പാലാ: ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന 2023 വേള്‍ഡ് സമ്മര്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അഭിമാനമായി അന്തിനാട് ശാന്തിനിലയം സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍. ഹരിചന്ദന പി.എം. ഹാന്‍ഡ് ബോളില്‍ വെള്ളിമെഡലും സഹോദരന്‍ റ്റിനു മോന്‍സി നീന്തലില്‍ ഫ്രീ സ്‌റ്റെയില്‍, ബ്രെസ്റ്റ് സ്‌ട്രോക്ക് എന്നീ ഇനങ്ങളില്‍ സെമിഫൈനലില്‍ ഫസ്റ്റും ഫൈനലില്‍ 8-ാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.

ഇടുക്കി ജില്ലയിലെ വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശികളായ പുത്തന്‍വീട്ടില്‍ മോന്‍സിയുടെയും ജയയുടെയും മക്കളാണ് ഇരുവരും. സഹോദരനായ ഹരിപ്രസാദ് വോളിബോളില്‍ പല ക്യാമ്പുകളില്‍ പങ്കെടുത്തുവെങ്കിലും നിര്‍ഭാഗ്യവശാല്‍ സെലക്ഷന്‍ കിട്ടിയില്ല. ഈ കുടുംബത്തിലെ മൂന്നു മക്കളും ഏതാണ്ട് 11 വര്‍ഷം മുമ്പാണ് കോട്ടയം ജില്ലയിലെ അന്തീനാട് ശാന്തി നിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ എത്തിയത.് അന്നുമുതല്‍ കലയിലും കായികരംഗത്തും മികച്ച പരിശീലനം നേടി ഇവര്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി മാറിയിരിക്കുന്നു. റ്റിനു മോന്‍സി ഈ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഹരിചന്ദന പിഎം പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്കും തയാറെടുക്കുന്നു.

ഈ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി അലീന ഷാജിഫുട്‌ബോളില്‍ ക്യാമ്പില്‍ പങ്കെടുത്ത് അവസാനഘട്ടം വരെ എത്തിയെങ്കിലും ആ കുട്ടിക്കും ഒളിമ്പിക്‌സില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല. രണ്ടു കുടുംബങ്ങളില്‍നിന്നായി നാല് വിദ്യാര്‍ത്ഥികളാണ് ഈ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനുവേണ്ടി പരിശീലനം നേടിയത്. ഇരുവരുടെയും കുടുംബങ്ങള്‍ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. സ്വന്തമായി ഒരു വീട് ഇവര്‍ക്കില്ല.
ഇവര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി ജോസഫ് താങ്ങും തണലുമായി അവരോടൊപ്പം ഉണ്ട്. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത് പ്രോത്സാഹനവും വിജയവും നേടി കൊടുക്കുവാന്‍ കേരള ടീമിന്റെ കോച്ചായി ഈ സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ ജോവീനായും കായികാ അധ്യാപികയായ അല്ലിയമ്മ ജോണും നീന്തല്‍ പരിശീലന കേന്ദ്രത്തിലെ കോച്ചായ റ്റിറ്റി ജേക്കബും മിനിടീച്ചറും ഇവര്‍ക്കൊപ്പം ഉണ്ട്. ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് മികവുറ്റ പരിശീലനം നല്‍കുന്നതില്‍ ഇവിടുത്തെ സ്റ്റാഫ് അംഗങ്ങള്‍ ഏറെ ശ്രദ്ധയും പ്രോത്സാഹനവും നല്‍കിവരുന്നു.

ജര്‍മനിയിലെ ബര്‍ലിനിലാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് അരങ്ങേറിയത്. 22 പേര്‍ കേരളത്തില്‍ നിന്ന് ഈ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തു. 76 സ്വര്‍ണ മെഡലും 75 വെള്ളിമെഡലും 46 വെങ്കലമെഡലും ഇന്ത്യ നേടിയെടുത്തപ്പോള്‍ അതില്‍ ഏഴു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും മലയാളി താരങ്ങളുടെ പേരിലുള്ളതായിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമുയര്‍ത്തിപ്പിടിച്ച ഈ താരങ്ങള്‍ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടു നേടിയ ഈ നേട്ടങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്. സമൂഹത്തില്‍നിന്നും ഗവണ്‍മെന്റില്‍നിന്നും ലഭിക്കുന്ന ചെറിയ അംഗീകാരവും പ്രോത്സാഹനവുംപോലും മുമ്പോട്ടുള്ള ഇവരുടെ കുതിപ്പിന് കരുത്ത് പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?