Follow Us On

18

October

2024

Friday

ഉമ്മന്‍ചാണ്ടിയുടെ ധ്യാനപ്രസംഗം

ഉമ്മന്‍ചാണ്ടിയുടെ ധ്യാനപ്രസംഗം

ഫാ. മാത്യു ആശാരിപറമ്പില്‍

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വികാരനിര്‍ഭരമായ അനുസ്മരണങ്ങളും ഹൃദയഹാരിയായ ചിത്രങ്ങളും നിറഞ്ഞ ആ യാത്രയോടൊത്ത് മനസ് നീങ്ങിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ പിന്നീടറിഞ്ഞു, ടിവി കണ്ട പലരുടെയും അനുഭവം ഇതുതന്നെയെന്ന്! ഉമ്മന്‍ ചാണ്ടി കടന്നുപോയി. ജീവിച്ചിരുന്നതിനെക്കാള്‍ ജീവിതങ്ങളെ തൊട്ടും തലോടിയും ഉണര്‍ത്തിയും സ്വാധീനിച്ചും ഒരു പുഴപോലെ ഒഴുകി കടലില്‍ ചേര്‍ന്നു. ആധ്യാത്മികത പുണരുന്ന എല്ലാവരും വര്‍ഷത്തിലൊരിക്കല്‍ ഒരു ധ്യാനംകൂടി ജീവിതത്തെ നവീകരിക്കാറുണ്ട്. വിലാപയാത്രയുടെ മൂന്നു ദിനങ്ങള്‍ ഒരു വാര്‍ഷികധ്യാനംപോലെ എന്നെ നവീകരിച്ചു, പുതിയ ബോധ്യങ്ങള്‍ നല്‍കി.

നാം നല്‍കുന്ന നന്മയും കരുണയും മണ്ണില്‍ വിതയ്ക്കുന്ന വിത്തുകള്‍പോലെയാണ്. എല്ലാം എവിടെയൊക്കെ വീണുവെന്ന് നാം കാണുന്നില്ലെങ്കിലും അതെല്ലാം മുളച്ചുപൊങ്ങും; ചെടികളും മരങ്ങളുമായി ഫലംചൂടി നില്‍ക്കും. അതിനാല്‍ ജീവിതത്തില്‍ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം സാധിക്കുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണം. ഉടനടി നന്ദി പ്രകാശിപ്പിക്കുവാന്‍ അവര്‍ തിരിച്ചുവന്നില്ലെങ്കിലും അവരുടെ മനസുകളില്‍ അതു നിറഞ്ഞുനില്‍ക്കുന്നുണ്ട്. എപ്പോഴെങ്കിലും ഒരു കൂപ്പുകൈ ആയി, ഒരു പുഞ്ചിരിയായി, ഒരു വിതുമ്പലായി, ഒരു കാത്തുനില്‍പായി അത് പുറത്തുവരും. കാണാന്‍ നമ്മള്‍ ഇല്ലെങ്കിലും. ചെയ്തുകൂട്ടിയ നന്മകളും കരുണയുമാണ് ജീവിതത്തിന് മഹത്വം നല്‍കുന്നത്. വാരിപ്പുതയ്ക്കുന്ന അലങ്കാരങ്ങളും പൊങ്ങച്ചങ്ങളും തള്ളലുകളും താല്‍ക്കാലിക വിജയം മാത്രമാണ്. ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന കരുണയുടെ സംഗീതമായി ജീവിതത്തെ ട്യൂണ്‍ ചെയ്യുക.

എത്രയേറെ നന്മയും മഹത്വവും ഉണ്ടെങ്കിലും ആയിരങ്ങള്‍ മനസില്‍ മയില്‍പീലിപോലെ സൂക്ഷിക്കുന്നുണ്ടെങ്കിലും നുണകള്‍ക്കും ഇല്ലായ്മകള്‍ക്കും അനേകരെ സ്വാധീനിക്കാന്‍ കഴിയും. ഇരുട്ടിന്റെ ഗ്രഹണങ്ങള്‍ സൂര്യനെ മറയ്ക്കുന്ന ശനിദശകള്‍ ജീവിതത്തില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പില്‍ തോറ്റ് പടിയിറങ്ങുന്ന ഉമ്മന്‍ചാണ്ടി അപവാദപ്രചരണത്തില്‍ മനസ് ഇരുളടഞ്ഞുപോയ ഒരു ജനത്തിന്റെ അന്ധതയുടെ പ്രതികരണമാണ്. നുണകള്‍ക്കും അപവാദങ്ങള്‍ക്കും ജീവിതങ്ങളെ തകര്‍ക്കാന്‍ കഴിയുന്നു. ഉല്‍പത്തി പുസ്തകത്തിലെ ജോസഫ് എന്ന യുവാവ്, ജയിലില്‍ അടക്കപ്പെടുന്നത് കാമമോഹിതയായ ഒരു സ്ത്രീ ഉണ്ടാക്കിപ്പറഞ്ഞ നുണയുടെ ഫലമാണ് (ഉല്‍പത്തി 39:1-20). ബൈബിളിലെ സംഭവങ്ങള്‍ ഇന്ന് പുതിയ വേഷങ്ങളായി വീണ്ടും അവതരിക്കുന്നു.

ആ സ്ത്രീ ഉണ്ടാക്കിയ ഇല്ലാക്കഥ ചിലര്‍ വിശ്വസിക്കുന്നു. തന്റെ മാനത്തിന്റെ കഥ പറയുന്ന സ്ത്രീകളുടെ ഇത്തരം ആരോപണങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുകയാണ് പൊതുധാരണ. പക്ഷേ സ്ത്രീകള്‍ നുണ പറയുമെന്ന്, ഇത്തരം കാര്യങ്ങളില്‍പോലും കൊടും നുണകള്‍ പറയുമെന്ന് നമ്മള്‍ മനസിലാക്കണം. പല പീഡനക്കേസുകളും കെട്ടിച്ചമച്ചതാണെന്ന് കോടതികള്‍പോലും തിരിച്ചറിഞ്ഞുതുടങ്ങി. പോക്‌സോ കേസുകള്‍പോലും ചിലതെങ്കിലും പ്രതികാരം തീര്‍ക്കാന്‍ പറഞ്ഞുണ്ടാക്കുന്ന കഥകളായി മാറിയിരിക്കുന്നു. നുണകള്‍ ഉണ്ടാക്കി പുറത്തിറക്കുന്ന ഫാക്ടറികളായി ചില വ്യക്തികളും പ്രസ്ഥാനങ്ങളും മാറുകയാണ്. അതുകൊണ്ട് കേള്‍ക്കുന്നത് മുഴുവന്‍ സത്യമാണെന്ന് കണ്ണുമടച്ച് വിശ്വസിക്കരുത്.

സത്യത്തിന് എന്നും ഉയിര്‍പ്പുണ്ടാകും. എല്ലാ ഇരുളുകള്‍ക്കും ഏറിവന്നാല്‍ പന്ത്രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമേയുള്ളൂ. സൂര്യനെപ്പോലും മറയ്ക്കുന്ന മേഘങ്ങള്‍ ഉണ്ടായേക്കാം. അവിടെ എല്ലാം അന്ധകാരമയമായി എന്ന് നിരാശപ്പെടരുത്. പ്രഭാതങ്ങള്‍ വിരിയുകതന്നെ ചെയ്യും. ഏതു സമര്‍പ്പിതജീവിതത്തിലും രോഗത്തിന്റെയും ദുഃഖങ്ങളുടെയും ഇരുളും നൊമ്പരവും കടന്നുവരും. ആരോപണത്തിന്റെയും അപവാദത്തിന്റെയും ഇരുള്‍മേഘങ്ങള്‍ ജീവിതത്തെ തമസ്‌കരിക്കും. ചിലപ്പോള്‍ വീഴ്ചയുടെയും തകര്‍ച്ചയുടെയും പാപത്തിന്റെയും കുറ്റബോധത്തിന്റെയും കൂരിരുള്‍ ചുറ്റിലും പടര്‍ന്നേക്കാം. ചുറ്റിലും ഒന്നും കാണാനാവാത്ത ഇരുള്‍വഴികളില്‍ മനം നിരാശപ്പെടരുത്, തളര്‍ന്നു നില്‍ക്കരുത്. ദൂരെ കര്‍ത്താവിന്റെ പ്രകാശഗോപുരങ്ങളില്‍ ദീപങ്ങള്‍ തെളിയുമെന്ന പ്രത്യാശയോടെ നടക്കുകതന്നെ വേണം. ഒരു മഴയും തോരാതിരുന്നിട്ടില്ല, ഒരു രാവും പുലരാതിരുന്നിട്ടില്ല എന്നുതുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ മനസില്‍ ഉണര്‍ത്തുഗീതമാകട്ടെ.

ജനത്തെ കൂടെ നിര്‍ത്തുക എന്നത് വിസ്മയകരമായ ഒരു കഴിവാണ്. ജീവിതത്തിലും മരണത്തിലും ആ കഴിവില്‍ ഉമ്മന്‍ചാണ്ടി എ പ്ലസ് നേടി. ഇന്ന് പല നേതാക്കന്മാര്‍ക്കും സഭയിലായാലും സമൂഹത്തിലായാലും ജനത്തില്‍നിന്ന് മാറിനില്‍ക്കുവാനാണ് താല്‍പര്യം. രാഷ്ട്രീയത്തിലും സമൂഹത്തിലും ഇത്തരം അകല്‍ച്ച ചിലപ്പോള്‍ ന്യായീകരിക്കുവാന്‍ കഴിഞ്ഞേക്കും. അധികമാകുമ്പോള്‍ അപഹാസ്യമായും തീരും. എന്നാല്‍ ആധ്യാത്മിക നേതാക്കന്മാര്‍ ജനത്തെ ചേര്‍ത്തുനിര്‍ത്തണം. ‘ആടിന്റെ മണമുള്ള ഇടയന്‍’ എന്നൊക്കെ ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത് ഈ കഴിവിനെയാണ്. ജനത്തെ കാണാനും കേള്‍ക്കാനും സംവദിക്കുവാനും സ്പര്‍ശിക്കുവാനും ചേര്‍ത്തുപിടിക്കുവാനും സമയവും ചിന്തയും ക്രമീകരിക്കണം. ഇടവകയിലെ വൈദികര്‍ ചിലപ്പോഴൊക്കെ വിമര്‍ശിക്കപ്പെടുക, ഈ നന്മയുടെ ശീലം ഇല്ലാതെ അധികാരം പ്രയോഗിക്കുമ്പോഴാണ്. ജനക്കൂട്ടത്തില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്നവരാവണം നേതാവ്.

നാലുകാലുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മേശപോലെയാണ് വിശുദ്ധി. ലാളിത്യം, കരുണ, ത്യാഗം, ക്ഷമ എന്നിവയാണ് ആ കാലുകള്‍. അഹങ്കാരമില്ലാതെ ലളിതമായി ജീവിതത്തെ നയിക്കുവാന്‍ പരിശ്രമിക്കുമ്പോള്‍ നാം വിശുദ്ധിയിലേക്ക് വളരുകയാണ്. മനസില്‍ വിശുദ്ധിയുള്ളവന്‍ കരുണയുടെ, നന്മയുടെ സത്പ്രവൃത്തികള്‍ നിരന്തരം ചൊരിഞ്ഞുകൊണ്ടിരിക്കും. സ്വജീവിതത്തിന്റെ സുഖങ്ങളും സ്വാര്‍ത്ഥതകളും ത്യജിക്കുവാനും മറ്റുള്ളവര്‍ക്കുവേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കുവാനും ഒരുവന്‍ തയാറാകുമ്പോള്‍ അവന്‍ യേശുവിന്റെ വിശുദ്ധിയില്‍ പങ്കുചേരുകയാണ്. മറ്റുള്ളവര്‍ തനിക്ക് സമ്മാനിക്കുന്ന വേദനകളും കുരിശുകളും ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയുമ്പോള്‍ ഒരാള്‍ വിശുദ്ധിയുടെ പടവുകളില്‍ കയറിത്തുടങ്ങുന്നു.

ഈ നാലു ഗുണങ്ങളും സുഗന്ധം പരത്തുന്നതിനാലാണ് ഉമ്മന്‍ചാണ്ടി വിശുദ്ധനാണെന്നുവരെ ജനം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ കബറിടത്തിലേക്കുപോലും ആളുകള്‍ ഒഴുകിയെത്തുന്നത്. പലരും പ്രസംഗിക്കുന്നതല്ലാതെ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഈ പുണ്യങ്ങള്‍ എവിടെയെങ്കിലും പൂത്തുനില്‍ക്കുന്നതു കാണുമ്പോള്‍, ജനങ്ങള്‍ ആ വസന്തം കാണാന്‍ ഓടിയെത്തുന്നു. ഇനിയെന്നെങ്കിലും കോട്ടയത്ത് പോയാല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത്ഭുതത്തോടെയും ആദരവോടുംകൂടി കൈകൂപ്പിനിന്ന് ആ അത്ഭുതജന്മത്തെ ഒന്ന് വണങ്ങുവാന്‍ ഒരു മോഹം… ചോദിക്കണം, ഇതെങ്ങനെ സാധിച്ചുവെന്ന്?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?