ജെയിംസ് ഇടയോടി, മുംബൈ
അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ
തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം ഉണ്ടായിരുന്നു. എഞ്ചിനീയറിങ്ങിന്റെ ഫൈനല്‍ പരീക്ഷക്ക് മുമ്പ് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനം കൂടി. ആന്തരിക സൗഖ്യത്തിനും തിരിച്ചറിവുകള്‍ക്കുമൊപ്പം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കും അതു കാരണമായി. പ്രശ്‌ന സങ്കീര്‍ണമായ ജീവിതയാത്രയുടെ തോണിയില്‍ കര്‍ത്താവിനെ അവന്‍ കൂട്ടുപിടിക്കാന്‍ ആരംഭിച്ചത് അവിടംമുതലായിരുന്നു.
ഉയര്‍ന്ന ജോലി, മികച്ച ശമ്പളം
എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് മികച്ച ഒരു കമ്പനിയില്‍ അധികം കഴിയുന്നതിനുമുമ്പുതന്നെ ജോലി ലഭിച്ചു. ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്ന വിധത്തിലുള്ള ഉയര്‍ന്ന ശമ്പളവും പദവിയുമാണ് അവിടെ കാത്തിരുന്നത്. അത്ഭുതങ്ങളുടെ ഒരു ഘോഷയാത്ര അവിടെ തുടങ്ങുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കില്‍ ‘ബിസ്‌നസ് ഇന്റലിജന്റ് ഡേറ്റാ അനാലിസിറ്റായി’ നിയമനം ലഭിച്ചു. ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. രാവിലെ ബാങ്കിന്റെ കാര്‍ വരും. വൈകുന്നേരം വീട്ടില്‍ കൊണ്ടുവന്ന് വിടും.
ആഗ്രഹിച്ചതിലും പ്രതീക്ഷിച്ചതിലും വലിയ സൗഭാഗ്യങ്ങള്‍ തേടിയെത്തിയപ്പോള്‍ ദൈവത്തോടു നന്ദി പറയുന്നതിനൊപ്പം ഇങ്ങനെയൊരു ചോദ്യവും മനസില്‍ ഉയര്‍ന്നു. എന്റെ കഴിവിനും യോഗ്യതകള്‍ക്കുമപ്പുറം ഇത്രയും വലിയൊരു പദവി നല്‍കാന്‍ എന്താണ് കാരണം? ‘അതിന്റെ കാരണം യഥാസമയത്ത് നീ തിരിച്ചറിയുമെന്ന്’ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതുപോലെ ആ ചെറുപ്പക്കാരന് അനുഭവപ്പെട്ടു. ആദ്യകുര്‍ബാന സ്വീകരണ സമയത്ത് ഒരു വൈദികനാകണമെന്ന ആഗ്രഹം ഹൃദയത്തില്‍ നിറഞ്ഞിരുന്നു. പിന്നീടതു മറന്നു. ബാങ്കില്‍നിന്നും തിരിച്ച് വീട്ടിലേക്കു മടങ്ങുമ്പോള്‍ വാഹനത്തിലിരുന്ന് ഭാവിയെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകി. ആ സമയം ലാപ്‌ടോപ്പില്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഈശോ സഭയുടെ പേജിലേക്ക് പ്രവേശിച്ചു.
ദൈവവിളി തിരിച്ചറിഞ്ഞത് കാറില്‍വച്ച്
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിലെ വാക്കുകള്‍ കൃത്യമായി അവിടെ ഉണ്ടായിരുന്നു. ‘-He calls man, to se-ek him,to know him,to love h-im-‘ ആരോ എയ്തുവിട്ട അഗ്നിശരം കണക്കെ ആ വാക്കുകള്‍ ഹൃദയത്തില്‍ തുളച്ചുകയറി. വലിയ ആനന്ദം നിറയുന്നതായി അനുഭവപ്പെട്ടു. ദൈവവിളി ഉറപ്പിച്ച നിമിഷമെന്നാണ് ഫാ. തോമസ് കിഴക്കേപ്പള്ളിവാതുക്കല്‍ ആ സമയത്തെ വിശേഷിപ്പിക്കുന്നത്. കാറില്‍ എസി ഉണ്ടായിരുന്നെങ്കിലും തന്റെ ശരീരം വിയര്‍ത്തൊഴുകുന്നുണ്ടെന്ന് ആ ചെറുപ്പക്കാരന്‍ തിരിച്ചറിഞ്ഞു. മുഖത്തും ഹൃദയത്തിലും നിറഞ്ഞ സന്തോഷം ഡ്രൈവര്‍ അറിയാതിരിക്കാന്‍ ഏറെ കഷ്ടപ്പെട്ടു. ഈശോസഭയുടെ വൊക്കേഷന്‍ പ്രമോട്ടറുമായി ബന്ധപ്പെട്ടു. അവശ്യമായ സഹായവും നിര്‍ദേശങ്ങളും തേടി. ഏതാനും ഈമെയില്‍ ബന്ധങ്ങള്‍ നടന്നതല്ലാതെ അത് അധികം മുമ്പോട്ട് പോയില്ല.
കല്യാണ്‍ രൂപതയിലെ വസായ് സെന്റ് അല്‍ഫോന്‍സാ ഫോറോനാ ഇടവകയിലെ കിഴക്കേപള്ളിവാതുക്കല്‍ ജോളിച്ചന്‍ ജേക്കബ്-ഫിലോമിനാ ദമ്പതികളുടെ രണ്ടു ആണ്‍മക്കളില്‍ മൂത്തവനാണ് ജോജോ എന്നു വിളിക്കുന്ന ഫാ. തോമസ്. സഹോദരന്‍ ജിജോ. ബിസിനസുകാരനും പൊതുപ്രവര്‍ത്തകനുമാണ് ജോളിച്ചന്‍. മാതാപിതാക്കളുടെ ദൈവവിശ്വാസവും അത്മീയജീവിതവും ചെറുപ്പത്തില്‍ ജോജോയെ ഏറെ ആകര്‍ഷിച്ചിരുന്നു. ഇതിനിടയില്‍ ഫിലോമിനയെ ബാധിച്ച ക്യാന്‍സര്‍ രോഗം അവനെ ഏറെ അസ്വസ്ഥപ്പെടുത്തി. മനസിന്റെ തേങ്ങലുകള്‍ ദേഷ്യവും അസ്വസ്ഥതകളുമായി പുറത്തുവരാന്‍ തുടങ്ങി. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ പലപ്പോഴും ദേഷ്യത്തിന് ഇരകളായി. അങ്ങനെ മറ്റുള്ളവരുടെ മുമ്പില്‍ പ്രശ്‌നക്കാരനായി മാറി. എന്നാല്‍, എഞ്ചിനീയറിങ്ങ് പഠനകാലത്തെ ധ്യാനം അവനെ പുതിയൊരു മനുഷ്യനാക്കി മാറ്റി.
മമ്മിയുടെ വേര്‍പാട്
ദൈവവിളിയെക്കുറിച്ചുള്ള തന്റെ ആഗ്രഹം അവന്‍ മമ്മിയുടെ മുമ്പില്‍ തുറന്നുവച്ചു. മകന്‍ വൈദികന്‍ ആകുമല്ലോ എന്നത് അമ്മയെ സന്തോഷിപ്പിച്ചു. 2014 ഫെബ്രുവരി മുതല്‍ ഫിലോമിനയുടെ രോഗം മൂര്‍ച്ഛിക്കാന്‍ തുടങ്ങി. കമ്പനിയുടെ ആനുവല്‍ ഹോളിഡേ പ്രമാണിച്ച് ആ സമയത്ത് സ്റ്റാഫിനുവേണ്ടി ഗോവയിലേക്ക് ടൂര്‍ കമ്പനി പ്ലാന്‍ ചെയ്തു. പ്രശസ്തമായ റിസോര്‍ട്ടിലായിരുന്നു താമസസൗകര്യം ഒരുക്കിയിരുന്നത്. മാര്‍ച്ച് മാസത്തിലെ യാത്രയെക്കുറിച്ച് അമ്മയോടു സംസാരിച്ചു. മമ്മിയുടെ രോഗാവസ്ഥമൂലം പോകാന്‍ അവന് മടിയായിരുന്നു. ഇതറിഞ്ഞ് ഫിലോമിന മകനെ ധൈര്യപ്പെടുത്തി. എന്നാല്‍ ദൈവഹിതം മറ്റൊന്നായിരുന്നു. 2014 ഫെബ്രുവരി 14-ന് ഫിലോമിന നിത്യസമ്മാനത്തിനായി യാത്രയായി.
ഒറ്റപ്പെടലിന്റെയും അനിശ്ചിതത്വങ്ങളുടെയും നടുവിലായി ആ കുടുംബം. യാന്ത്രികമായ ഒരു ഒഴുക്ക്. ആരെയും കാത്തുനില്‍ക്കാതെ മുംബൈയുടെ ദിനരാത്രങ്ങള്‍ കടന്നുപോയി. ചുരുങ്ങിയ ദിവസത്തെ അവധിക്കുശേഷം തോമസ് ഡ്യൂട്ടിക്ക് കയറി. തെല്ലൊരു മടിയോടെ ഗോവക്കുള്ള കമ്പനി ടൂറിനെക്കുറിച്ച് പപ്പയുടെ മുമ്പില്‍ അവതരിപ്പിച്ചു. മമ്മിയുടെ മരണത്തിന്റെ അടുത്ത നാളുകള്‍ ആയിരുന്നിട്ടുപോലും പപ്പ പറഞ്ഞു. സ്റ്റാഫിനുവേണ്ടി കമ്പനി സംഘടിപ്പിക്കുന്നല്ലേ, നീ പോയി വാ. ആ സാഹചര്യത്തില്‍നിന്നും മാറുന്നത് അവന്റെ അപ്പോഴത്തെ അവസ്ഥയ്ക്കും നല്ലതാണെന്ന് പിതാവിന് അറിയാമായിരുന്നു. ഗോവാ ട്രിപ്പ് ഉല്ലാസപ്രദമായിരുന്നെങ്കിലും തോമസിന്റെ മനസ് ആകെ മരവിച്ച അവസ്ഥയിലായിരുന്നു.
പപ്പയുടെ സമ്മതം
തന്റെ ദൈവവിളി ആ ദിവസങ്ങളില്‍ ഉറപ്പിച്ചെങ്കിലും മനസ് വല്ലാതെ അസ്വസ്ഥപ്പെട്ടിരുന്നു. എങ്ങനെ മുമ്പോട്ടു പോകണമെന്നതിന് ഒരു രൂപരേഖയും ഇല്ലായിരുന്നു. ഇത്രയും നല്ലൊരു ജോലി ഉപേക്ഷിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അവനെ ആശങ്കപ്പെടുത്തി. അഗ്നിപര്‍വ്വതംപോലെ മനസ് നീറിപ്പുകഞ്ഞു. ഗോവയില്‍നിന്നും തിരിച്ചെത്തിയതിന്റെ പിറ്റേന്നു രാവിലെ കതകടച്ച് മുറിയില്‍ പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തി. വിതുമ്പുന്ന അധരങ്ങളോടെ ദൈവത്തോടു ചോദിച്ചു: ”ഞാന്‍ എന്ത് ചെയ്യണം? എങ്ങനെ മുമ്പോട്ടു പോകണം?” ഉടനെ ശക്തമായ ഒരു സ്വരം ഉള്ളില്‍ മുഴങ്ങുന്നതായി അനുഭവപ്പെട്ടു. ”നീ ദിവ്യരക്ഷക സന്യാസ സമൂഹത്തില്‍ അംഗമായി ചേരണം.” കുറെ സമയം ബോധരഹിതനെപ്പോലെ തോമസ് നിലത്ത് ചാരി ഇരുന്നു.

ദിവ്യരക്ഷക സഭയെന്ന് കേട്ടിട്ടുണ്ട് എന്നാല്‍ കാര്യമായ അവബോധം ഉണ്ടായിരുന്നില്ല. ഗൂഗിളില്‍ നോക്കി നമ്പര്‍ കണ്ടുപിടിച്ച് ബംഗളൂരുവിലേക്ക് വിളിച്ചു അവിടെ ഫാ. സജ്‌യ് വില്‍സണ്‍ എന്ന വൈദികനെ കിട്ടി. അദേഹം തന്ന നമ്പര്‍ അനുസരിച്ച് മുംബൈയിലെ ചെമ്പൂരിലുള്ള ദിവ്യരക്ഷക സഭയുടെ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് വിളിച്ചു. തന്റെ ദൈവ വിളിയെക്കുറിച്ചും കേട്ട ദൈവികസ്വരത്തെക്കുറിച്ചും വിശദമായി അച്ചനോട് പങ്കുവച്ചു. കാര്യങ്ങള്‍ തീരുമാനമായി.
പപ്പയുടെ അടുക്കല്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അത് കേട്ടപ്പോള്‍ അദേഹം ചോദിച്ചു. ”മമ്മിയുടെ വേര്‍പാടിന്റെ ദുഃഖംകൊണ്ടാണോ? അതോ വിവാഹ ജീവിതത്തോടുള്ള വിരക്തികൊണ്ടാണോ വൈദികനാകാനുള്ള തീരുമാനം?” മറുപടി ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ ഏറെ ശക്തി പകരുന്നതായിരുന്നു. ”എനിക്കറിയില്ല ദൈവം നിന്നെ വിളിച്ചിട്ടുണ്ടോ എന്ന്. എന്നാല്‍ നീ വൈദികനാകാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് നിനക്ക് ശരിയായി ബോധ്യപ്പെട്ടാല്‍ എന്റെ ജീവിതത്തെക്കുറിച്ച് തെല്ലും വിഷമിക്കേണ്ട. അത് ദൈവം നോക്കിക്കൊള്ളും. ദൈവത്തിന് എല്ലാം സാധ്യമാണ്.”
സുഹൃത്തുക്കളുടെ മുമ്പിലെ വിഡ്ഢി
പപ്പായെ തനിയെ വിട്ടിട്ട് പോകാന്‍ പാടില്ല, പലരും പറഞ്ഞു. വിമര്‍ശനങ്ങള്‍ പെരുമഴ പോലെ പെയ്തിറങ്ങി. സഹപ്രവര്‍ത്തകര്‍ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരല്‍ വച്ചു. പലരുടെയും കാഴ്ചപ്പാടില്‍ വിഡ്ഢിയായി മാറി. അതൊന്നും തോമസിനെ പിന്തിരിപ്പിച്ചില്ല. തന്റെ ഉള്ളില്‍ മുഴങ്ങിയത് ദൈവത്തിന്റെ സ്വരമാണെന്ന് അവന് നിശ്ചയം ഉണ്ടായിരുന്നു.
മമ്മി മരിച്ച അതേ വര്‍ഷം 2014 ആഗസ്റ്റില്‍ ദിവ്യരക്ഷക സന്യാസ സമൂഹത്തില്‍ (Congregation of the Most Holy Redeemer) ചേര്‍ന്നു. 2023 ഏപ്രില്‍ 29-ന് പൗരോഹിത്യം സ്വീകരിച്ചു. ഞാനൊരു സാധാരണ ക്രിസ്ത്യാനി മാത്രമാണ്. ദൈവവിളി എന്റെ പുണ്യപ്രവൃത്തികളുടെയോ പ്രാര്‍ത്ഥനകളുടേയോ ഫലമല്ല. തെല്ലും യോഗ്യതയുമില്ല. കര്‍ത്താവിന്റെ കാരുണ്യവും വിളിയും മാത്രമാണ്. ദൈവം വിളിച്ചു. ഞാന്‍ പ്രത്യുത്തരം നല്‍കി. ദൈവവിളിയുടെ ഉറപ്പിനെ സംബന്ധിച്ച സങ്കീര്‍ണതകളിലും വിഷമസന്ധികളിലും ഞാന്‍ ആടിയുലഞ്ഞപ്പോഴും തളരാതെ കാക്കാന്‍ അവിടുന്ന് കൂടെയുണ്ടായിരുന്നു; ഫാ. തോമസ് കിഴക്കേപ്പള്ളിവാതുക്കല്‍ പറയുന്നു.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലുള്ള സെന്റ് ക്ലെമന്‍സ് റിഡംപ്റ്ററിസ്റ്റ് കമ്മ്യൂണിറ്റിയിലാണ് ഫാ. തോമസ് ഇപ്പോള്‍ സേവനം ചെയ്യുന്നത്. ആദ്യമായി കര്‍ത്താവിന്റെ അള്‍ത്താരയില്‍ ബലിയര്‍പ്പകനായി നിന്നപ്പോള്‍, അപൂര്‍ണതകളുടെ മനുഷ്യനായ തന്നെ പൗരോഹിത്യശുശ്രൂഷയിലേക്ക് ഉള്‍ച്ചേര്‍ത്ത മഹാകാരുണ്യത്തിന് മനസില്‍ നന്ദി പറയുകയായിരുന്നു എന്ന് ഫാ. തോമസ് കിഴക്കേപ്പള്ളിവാതുക്കല്‍ പറഞ്ഞു. ജീവിതം മുഴുവന്‍ അങ്ങനെയൊരു പ്രാര്‍ത്ഥനയാക്കി മാറ്റാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയിലാണ് ഈ യുവവൈദികന്‍.
















Leave a Comment
Your email address will not be published. Required fields are marked with *