ഗാസയിലെ സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതുകൊണ്ടോ, മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിക്ഷിപ്ത താത്പര്യങ്ങള്‍കൊണ്ടോ എന്തോ, മുഖ്യധാരാ മാധ്യമങ്ങളിലൊന്നും തന്നെ ചര്‍ച്ചയാകാതെ പോയ റിപ്പോര്‍ട്ടാണ് ലോകമെമ്പാടും 20 കോടിയിലധികം ക്രൈസ്തവര്‍ പീഡനത്തിനിരയാകുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐസിസി) എന്ന സന്നദ്ധ സംഘടന പുറപ്പെടുവിച്ച ‘പെര്‍സിക്ക്യൂട്ടേഴ്‌സ് ഓഫ് ദി ഇയര്‍ 2023’ റിപ്പോര്‍ട്ട്. സാധരണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി പീഡനത്തിനിരയാകുന്നവരെക്കാളുപരി ക്രൈസ്തവരെ പീഡിപ്പിക്കുന്ന പ്രധാന ആശയസംഹിതകളെയും, രാജ്യങ്ങളെയും, സംഘടനകളെയും, വ്യക്തികളൈയും കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് ഇന്ന് ലോകത്ത് ഏറ്റവുമധികം പീഡനങ്ങളിലൂടെ കടന്നുപോകുന്ന സമൂഹം ക്രിസ്തുവില്‍ വിശ്വസിക്കുന്നവരാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നു. ഇന്ന് ക്രിസ്ത്യാനിയായി ജീവിക്കാന്‍ ഏറ്റവും അപകടരമായ രാജ്യം നൈജീരിയയാണെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 മാര്‍ച്ച് നാല് മുതല്‍ ജൂലൈ ആറ് വരെയുള്ള കാലഘട്ടത്തി ല്‍ മാത്രം വ്യത്യസ്ത അക്രമങ്ങളില്‍ 549 ക്രൈസ്തവര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടതിന്റെ കണക്കുകളാണ് ഐസിസിക്ക് ലഭിച്ചത്. ബൊക്കൊ ഹറാം, ഫുലാനി തുടങ്ങിയ തീവ്ര ഇസ്ലാമിക സംഘങ്ങള്‍ ഇവിടെ ക്രൈസ്തവരെ യഥേഷ്ടം കൊല്ലുകയും ബലാത്കാരത്തിനിരയാക്കുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നു.
ഏറ്റവുമധികം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയക്കും ഉത്തരകൊറിയക്കും പിറകിലായി ഇന്ത്യയും ക്രൈസ്തവരെ പീഡിപ്പിക്കുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥും ഇടംപിടിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാവാറില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മതപരിവര്‍ത്തനനിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുക, ഘര്‍വാപ്പസി എന്ന പേരില്‍ നിര്‍ബന്ധിത പുനഃമതപരിവര്‍ത്തനത്തിന് ക്രൈസ്തവരെ വിധേയരാക്കുക, ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് പുറത്താക്കുക, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പിന്നാക്ക സമൂഹങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യം നിഷേധിക്കുക തുടങ്ങിയ കാര്യങ്ങള്‍ രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാന്‍, ചൈന, പാക്കിസ്ഥാന്‍, എറിത്രിയ, അള്‍ജീരിയ, ഇന്തൊനേഷ്യ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളാണ് ക്രൈസ്തവര്‍ക്കെതിരായി ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍.
ക്രൈസ്തവരെ ഏറ്റവുമധികം പീഡിപ്പിക്കുന്ന സംഘടനകളുടെ പട്ടികയില്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്ക് സ്റ്റേറ്റിനോട് വിധേയത്വം പുലര്‍ത്തുന്ന അലൈഡ് ഡെമോക്രാറ്റിക്ക് ഫോര്‍ഴ്‌സസ്(എഡിഎഫ്), സൊമാലിയയില്‍ അല്‍ ക്വയ്ദയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍-ഷബാബ്, നൈജീരിയയിലെ ഫുലാനി തീവ്രവാദികള്‍, ആഫ്രിക്കയിലെ സഹേല്‍ പ്രദേശങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്ക് തീവ്ര സംഘടനകള്‍, അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍, മ്യാന്‍മാറിലെ സൈന്യമായ തത്മദോ എന്നിവ ഉള്‍പ്പെടുന്നു. യോഗി ആദിത്യനാഥിന് പുറമെ ക്രൂരനായ എറിത്രിയന്‍ സ്വേച്ഛാധിപതി ഐസയാസ് അഫ്വെര്‍ക്കി, തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍, ചൈനയില്‍ ദൈവത്തിന് മുകളിലായി ദേശീയവാദം ഉയര്‍ത്തുന്ന പ്രസിഡന്റ് ക്‌സി ജിന്‍പിംഗ്, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ എന്നിവരാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ഉള്ളത്.
ലോകമെമ്പാടും ക്രൈസ്തവ വിശ്വാസികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അവബോധമുള്ളവരാകുന്നതിനൊപ്പം ഇത്തരം പീഡനത്തിനിരയാകുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ് ക്രൈസ്തവപീഡനത്തെക്കുറിച്ചുള്ള ഒരോ റിപ്പോര്‍ട്ടും നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നത്. കൂടാതെ ഇന്ന് വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോകുന്നുണ്ടെങ്കിലും വരും കാലങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മെയും തേടിയെത്താമെന്നുള്ളതിന്റെ ഓര്‍മപ്പെടുത്ത ല്‍ കൂടെയാണ് ഈ റിപ്പോര്‍ട്ട്. ഇസ്ലാമിക്ക് തീവ്രവാദം, മാര്‍ക്‌സിസം എന്നിവയ്‌ക്കൊപ്പം ക്രൈസ്തവ പീഡനത്തിന് കാരണമായി തിന്മയുടെ പ്രവര്‍ത്തനങ്ങളും (പൈശാചിക ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍), റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
”എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.”(എഫേസൂസ് 6:12). യുദ്ധങ്ങളും ആക്രമണങ്ങളും രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനോ, സമ്പത്ത് നേടുന്നതിനോ ഒക്കെ വേണ്ടിയാണ് സാധരണയായി നടക്കാറുള്ളത്. എന്നാല്‍ ക്രൈസ്തവര്‍ പീഡനത്തിനിരയാകുന്ന ഭൂരിഭാഗം ദേശങ്ങളിലും പ്രദേശങ്ങളിലും അവര്‍ ചെയ്ത നന്മയുടെ ഫലം അനുഭവിച്ചവരും അവരുടെ സഹായം സ്വീകരിച്ചവരും ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നവരുമൊക്കെയാണ് അവരുടെ പീഡകരായി മാറുന്നത്. ഇത്തരത്തില്‍ നന്മ ചെയ്യുന്നതിന് തിന്മ പ്രതിഫലമായി നല്‍കാന്‍ പൈശാചിക ശക്തികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക. അതിനാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച്, ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുത്ത് ദുഷ്ടനെതിരായ യുദ്ധത്തിന് നമുക്കും സജ്ജരാകാം.
Leave a Comment
Your email address will not be published. Required fields are marked with *