പെരുവണ്ണാമൂഴി: ജനങ്ങളെ ആത്മീയതയില്‍ ശക്തിപ്പെടുത്തി നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ നല്‍കുന്നതാണ് ശാലോമിന്റെ ഏറ്റവും വലിയ സംഭാവന എന്ന് താമരശേരി രൂപതാധ്യക്ഷനും ശാലോമിന്റെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി പടത്തുകടവിലെത്തിയ മാര്‍ ഇഞ്ചനാനിയില്‍ ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു. നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ നഷ്ടപ്പെടുന്നത് ഈ കാലഘട്ടത്തിലെ വലിയ പ്രതിസന്ധിയാണെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
നമ്മെ ഏല്പിച്ചിരിക്കുന്ന ശുശ്രൂഷകളില്‍ പ്രകാശം ഉണ്ടാകണമെങ്കില്‍ നിത്യതയെക്കുറിച്ചുള്ള ചിന്തകള്‍ ഹൃദയത്തില്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ലോകത്തിലെ മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍പോലെ അതു മാറും. നിത്യതയയെക്കുറിച്ച് പറയാതെ സ്‌നേഹംമാത്രം മതിയെന്ന തെറ്റായ ചിന്താഗതികളിലേക്ക് സമൂഹം മാറുന്നുണ്ട്. പഠനങ്ങളില്‍പ്പോലും അപ്രകാരം സംഭവിക്കുന്നു. നിത്യതയിലേക്കുള്ള യാത്രയിലാണ് സ്‌നേഹം പങ്കുവയ്ക്കുന്നതെന്നു തിരിച്ചറിയാതെ പോകുന്നു; മാര്‍ ഇഞ്ചനാനിയില്‍ ഓര്‍മിപ്പിച്ചു.
അനുഗ്രഹത്തിന്റെയും കൃപയുടെയും ശുശ്രൂഷകളിലൂടെ കര്‍ത്താവ് കൈപിടിച്ചു നടത്തുമ്പോള്‍ നാം അവിടുത്തെ ഉപകരണങ്ങളായി തീരുകയാണെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. തിന്മയുടെ ശക്തികള്‍ എപ്പോഴും പിന്നാലെ ഉണ്ടെന്ന് ഓര്‍മിക്കണം. അവര്‍ ചിലപ്പോള്‍ മാലാഖമാരുടെ വേഷത്തിലായിരിക്കും. മാംസത്തോടും രക്തത്തോടുമല്ല നാം യുദ്ധം ചെയ്യുന്നതെന്ന് പൗലോസ്ശ്ലീഹ നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ടെന്ന് മാര്‍ ഇഞ്ചനാനിയില്‍ ചൂണ്ടിക്കാട്ടി. ഒരേ ഹൃദയവും ഒരേ ആത്മാവുമുള്ള കുടുംബാരൂപിയാണ് ശാലോമിനെ എന്നും ശക്തിപ്പെടുത്തുന്നത്.
ആ പ്രവര്‍ത്തനങ്ങള്‍ നിത്യതയെ ലക്ഷ്യംവച്ചാകുമ്പോള്‍ കൂടുതല്‍ ശക്തിയും കരുത്തും ലഭിക്കും. ശാലോം സഭയില്‍ നല്‍കുന്ന വലിയ ശുശ്രൂഷകള്‍ക്ക് ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്നു മാര്‍ ഇഞ്ചനാനിയില്‍ ആശംസിച്ചു.
പടത്തുകടവ് ഹോളിഫാമിലി ഇടവക വികാരി ഫാ. ഫ്രാന്‍സിസ് വെള്ളമാക്കല്‍, ഷെവലിയാര്‍ ബെന്നി പുന്നത്തറ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ശാലോം മാനേജിംഗ് ട്രസ്റ്റി കെ.ജെ മാത്യു സ്വാഗതം ആശംസിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *