കെ.ജെ മാത്യു
മാനേജിംഗ് എഡിറ്റര്‍
ഒരു ക്രിസ്മസ്‌കൂടി വരുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഉള്ളില്‍ നിക്ഷേപിക്കപ്പെട്ടത് അമൂല്യമായ ഒരു നിധിയായിരുന്നു- അനശ്വരമായ ആത്മാവ്. അതിന്റെ സൗന്ദര്യത്തെക്കാള്‍ അവനെ ആകര്‍ഷിച്ചത് മണ്ണിന്റെ ഹരംപിടിപ്പിക്കുന്ന ഗന്ധമാണ്. അങ്ങനെ ലക്ഷ്യം നഷ്ടപ്പെട്ട് സാന്ദ്രമായ തമസില്‍ മണ്ണില്‍ അലയുന്ന മനുഷ്യനെത്തേടി പ്രകാശം താണിറങ്ങി, അതാണ് ക്രിസ്മസ്. ഇനി ആരും ഇരുട്ടിനെ ഭയപ്പെടേണ്ടതില്ല. കാരണം ഇരുട്ടിനെ കീഴടക്കിയ ദൈവം ഇമ്മാനുവേലായി നമ്മോടുകൂടെ വസിക്കുന്നു. മണ്ണിന്റെ വേദനകള്‍ അറിയാതെ വിണ്ണിലുറങ്ങുന്നവനാണ് ദൈവമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്തവിധത്തില്‍ മണ്ണിന്റെ സാദൃശ്യത്തില്‍, മാംസം ധരിച്ച് ഒരു ശിശുവായി പുല്‍ക്കൂട്ടില്‍ അവതരിച്ചു. ഇത് പുല്‍ക്കൂട്ടിലെ അന്യാദൃശ്യമായ അത്ഭുതമാണ്.
ഇത് ചരിത്രത്തില്‍ നടന്ന ഒരു മഹാത്ഭുതമായിമാത്രം കാണുന്നത് വലിയൊരു പരാജയമാണ്. നിങ്ങളുടെയും എന്റെയും ഹൃദയം ഒരു പുല്‍ക്കൂടായി രൂപാന്തരപ്പെടണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന യേശു അവിടെ ഇന്ന് വീണ്ടും പിറക്കാനാഗ്രഹിക്കുന്നു. അപ്പോഴാണല്ലോ ക്രിസ്മസ് എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥപൂര്‍ണമാകുന്നത്. ദൈവം കൂടെയുണ്ടെങ്കില്‍ എന്തുകൊണ്ട് എനിക്ക് ദൈവത്തെ കാണുവാന്‍ സാധിക്കുന്നില്ല എന്ന് മനുഷ്യന്‍ ചോദിക്കുന്നു. കാണാന്‍ സാധിക്കാത്തത് ദൈവത്തിന്റെ കുഴപ്പമല്ല, മനുഷ്യന്റേതുമാത്രമാണ്. കാരണം ദൈവിക ദര്‍ശനത്തിന്റെ താക്കോല്‍ അവന്റെ കൈയില്‍ത്തന്നെയാണ്. ”ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും” (മത്തായി 5:8). ദൈവം ദാനമായി നല്‍കിയ ജീവിതത്തെ ദൈവത്തോളം പരിശുദ്ധമായി കാത്തുസൂക്ഷിക്കുവാന്‍ ബദ്ധശ്രദ്ധനായ ഒരു മനുഷ്യന് ദൈവം ഇന്നും എന്നും ഇമ്മാനുവേലാണ്, കൂടെ നടക്കുന്ന ദൈവംതന്നെ.
എന്നാല്‍ വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ ഒരു വേദനയുണ്ട്. ”അവന്‍ സ്വജനത്തിന്റെ അടുത്തേക്ക് വന്നു: എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല” (യോഹ. 1:11). താന്‍ ചങ്കുകൊടുത്ത് സ്‌നേഹിച്ച മനുഷ്യന്‍ തന്നെ തിരസ്‌കരിക്കുന്നു എന്നത് ദൈവത്തിന്റെ എല്ലാക്കാലത്തുമുള്ള ഒരു ആഴമായ വേദനയാണ്. എന്തുകൊണ്ട് ഈ തിരസ്‌കാരം ഇന്നും ആവര്‍ത്തിക്കപ്പെടുന്നു? ആദ്യമനുഷ്യനെപ്പോലെതന്നെ ഇന്നും ഭൂരിഭാഗം മനുഷ്യരും ആകര്‍ഷിക്കപ്പെടുന്നതും നയിക്കപ്പെടുന്നതും ഇന്ദ്രിയചോദനകളാലാണ്. ദൈവം നല്‍കുന്ന പ്രചോദനങ്ങളെക്കാള്‍ മനുഷ്യന് സ്വീകാര്യം ഇന്ദ്രിയങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങളാണ്. ”ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിന് കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നുകണ്ട് അവള്‍ അതു പറിച്ചുതിന്നു” (ഉല്‍പത്തി 3:6). രുചി, കാഴ്ച, ബുദ്ധിയുടെ തെറ്റായ ഉപയോഗം – ഇതൊക്കെത്തന്നെയാണ് ഇന്നും മനുഷ്യനെ ദൈവത്തില്‍നിന്ന് അകറ്റുന്നത്. അവ മനുഷ്യനെ വലിയ തകര്‍ച്ചയിലേക്ക് നയിക്കുന്നു.
ഇക്കാരസ് ഗ്രീക്ക് പുരാണത്തില്‍ മാത്രമല്ല, ഓരോ മനുഷ്യന്റെയും ഉള്ളില്‍ ജീവിക്കുന്ന കഥാപാത്രമാണ്. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ എത്തിപ്പിടിക്കുവാന്‍ അവന്‍ പറന്നുയര്‍ന്നു. പക്ഷേ തന്റെ ചിറകുകള്‍ മെഴുകുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യം അവന്‍ മറന്നുപോയി. ഫലമോ, ചിറക് വെന്തുരുകി സമുദ്രത്തില്‍ വീണു നശിച്ചു. ഇന്ദ്രിയങ്ങളാല്‍ നയിക്കപ്പെടുന്ന മനുഷ്യനും സംഭവിക്കുന്നത് മറ്റൊന്നല്ല.
ക്രിസ്തു ഇല്ലാത്ത ആഘോഷങ്ങളായി ക്രിസ്മസ് ആഘോഷങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഇന്ദ്രിയസുഖങ്ങളാല്‍ നയിക്കപ്പെടുന്ന മനുഷ്യരുടെ എണ്ണം വര്‍ധിച്ചതുകൊണ്ടാണ്. രുചിയും കാഴ്ചയുമാണ് ഇവിടെ പ്രധാനം. ക്രിസ്മസ് പതിപ്പുകളിലെ ഒരു പ്രധാന കോളം ‘ക്രിസ്മസ് സ്‌പെഷ്യല്‍ വിഭവങ്ങള്‍’ ആണല്ലോ! മാത്രവുമല്ല ഒറിജിലിനിനെ തീര്‍ത്തും മറക്കുന്ന ഒരു ഡ്യൂപ്പും ഇന്ന് സര്‍വസാധാരണമാണ് – സാന്റാക്ലോസ്. കണ്ണിന് കൗതുകം നല്‍കുന്ന കാഴ്ചകളാണ് ഇന്ന് പ്രധാനം.
ആദ്യത്തെ പുല്‍ക്കൂട്ടില്‍ ഇല്ലാത്ത ഈ കഥാപാത്രം എവിടെനിന്ന് വന്നു? ഇന്നത്തെ ക്രിസ്മസ് ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രം ഉണ്ണിയീശോ അല്ല, സാന്താക്ലോസ് ആണ്. പല വലിപ്പത്തിലും വര്‍ണങ്ങളിലുമുള്ള നക്ഷത്രങ്ങള്‍ക്കിടയില്‍ ഉണ്ണിയീശോ ഇല്ലെന്നുതന്നെ പറയാം – ഉണ്ടെങ്കില്‍ത്തന്നെ കാണാന്‍ വളരെ ക്ലേശിക്കേണ്ടിവരും. യഥാര്‍ത്ഥത്തില്‍, നക്ഷത്രം ഉണ്ണിയീശോയിലേക്ക് നയിക്കുവാനുള്ള ഒരു മാര്‍ഗം മാത്രമാണ്. ”അത് ശിശു കിടക്കുന്ന സ്ഥലത്തിന് മുകളില്‍ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു” (മത്തായി 2:9-10). ഇവിടെ മാര്‍ഗം ലക്ഷ്യമായി മാറിയിരിക്കുന്നു.
എങ്ങനെ ഈ ദുരവസ്ഥയില്‍നിന്ന് രക്ഷ നേടാം? ക്രിസ്മസിന്റെ ആദ്യ അരൂപിയിലേക്കും സന്ദേശത്തിലേക്കും മടങ്ങിപ്പോവുക. എന്താണ് ആ ആദ്യ അരൂപി? അത് കൊടുക്കലിന്റേതാണ്.
ലോകത്തിന്റെ രക്ഷയ്ക്കായി തന്റെ ഏകജാതനെത്തന്നെ ബലിയായി നല്‍കിയ പിതാവിന്റെ അതുല്യസ്‌നേഹമാണത്. അതില്‍ ഒരു കെനോസിസ് – ശൂന്യവല്‍ക്കരണം ഉണ്ട്. ഇന്ദ്രിയങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു മനുഷ്യന്റെ മനസ് സ്വാര്‍ത്ഥത നിറഞ്ഞതാണ്. ‘എന്റെ സുഖം, എന്റെ സൗകര്യം’ ഇതാണ് അവന്റെ മുന്‍ഗണന. ‘എനിക്ക് എന്തു കിട്ടും?’ എന്ന് അവന്‍ എപ്പോഴും ചിന്തിക്കുന്നു. വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും തകര്‍ച്ചയിലേക്ക് നയിക്കുന്ന ഈ സ്വാര്‍ത്ഥരാക്ഷസനെ കീഴടക്കുക – അതിന് നിരന്തര പരിശ്രമം ആവശ്യമാണ്. കാരണം ഇത് മനുഷ്യന്റെ അടിസ്ഥാനവികാരമാണ്. അതിനുപകരം ദൈവികമായ നിസ്വാര്‍ത്ഥ ചിന്തകളെ മനസില്‍ നട്ടുവളര്‍ത്തുവാന്‍ ശ്രമിക്കുക. ‘എനിക്ക് എന്തുകൊടുക്കുവാന്‍ സാധിക്കും?’ എന്ന് സ്വയം ചോദിക്കുവാന്‍ ആരംഭിക്കുക. ഒരു മനുഷ്യന്‍ അനശ്വരനാകുന്നത് അങ്ങനെ ജീവിക്കുമ്പോഴാണ്.
നൊബേല്‍ സമ്മാനജേതാവായ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ അത്തരത്തില്‍ ജീവിതത്തെ ക്രമപ്പെടുത്തിയ മനുഷ്യനാണ്. കറുത്ത വര്‍ഗക്കാരുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പേരില്‍ 1968-ല്‍ വെടിയേറ്റ് മരിച്ച അദ്ദേഹം, അതിന് രണ്ടുമാസംമുമ്പ് ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”എന്റെ മരണശേഷം, എനിക്ക് ലഭിച്ച നൊബേല്‍ സമ്മാനത്തെക്കുറിച്ചോ നല്‍കപ്പെട്ട മുന്നൂറിലധികം അവാര്‍ഡുകളെക്കുറിച്ചോ നിങ്ങള്‍ പറയേണ്ടതില്ല. മറിച്ച് മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ ശ്രമിച്ചു എന്നുപറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുവാനും നഗ്നരായവര്‍ക്ക് വസ്ത്രം നല്‍കുവാനും ഞാന്‍ ശ്രമിച്ചു എന്ന് ആരെങ്കിലും അന്ന് പറയണം.” അതെ, സ്വീകരിക്കുന്നതല്ല, കൊടുക്കുന്നതാണ് മഹത്വത്തിന്റെ അടയാളം. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ ഈശോയിലേക്ക് നയിക്കുന്ന ഒരു വെള്ളിനക്ഷത്രമാണ്!
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍…!
Leave a Comment
Your email address will not be published. Required fields are marked with *