ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
2023-ലെ ക്രിസ്മസിന് പല പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകള്‍ എല്ലാംകൂടി ഒന്നിച്ചുകൂട്ടിയാല്‍ ഇങ്ങനെ പറയാം: അശാന്തിയുടെ നടുവില്‍ നിന്നുകൊണ്ടുള്ള ഒരു ക്രിസ്മസ് ആണിത്. ഈ അശാന്തിക്ക് പല കാരണങ്ങളുണ്ട്.
വ്യക്തിപരമായി ഒരുപാടുപേര്‍ അശാന്തിയിലാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. മോശമായ സാമൂഹ്യ അന്തരീക്ഷം, കലുഷിതമായ കുടുംബാന്തരീക്ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍, മക്കളോ മാതാപിതാക്കളോ ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സ്വയം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍, വന്നുഭവിച്ച ദുരന്തങ്ങള്‍, മറ്റുള്ളവര്‍ വരുത്തിവച്ച ദുരന്തങ്ങള്‍, രോഗപീഡകള്‍ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ മനുഷ്യരുടെ ശാന്തത നഷ്ടപ്പെടുത്തുന്നു.
മതപരമായ വിഷയങ്ങളാണ് അശാന്തി കൊണ്ടുവരുന്ന വേറൊരുസെറ്റ് കാരണങ്ങള്‍. സ്വന്തം ആത്മീയ ജീവിതത്തിന്റെ തകര്‍ച്ച ഉദാഹരണമാണ്. നല്ല ദൈവവിശ്വാസമുള്ള ഒരാളും സാധാരണ ദൈവവിശ്വാസം ഉള്ള ഒരാളും ദൈവവിശ്വാസം ഇല്ലാത്ത ഒരാളും ദൈവവിശ്വാസം നഷ്ടപ്പെട്ട ഒരാളും അനുഭവിക്കുന്ന അശാന്തിയുടെ അളവ് വ്യത്യസ്തമാകാം. നല്ല വിശ്വാസമുള്ള വ്യക്തി പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും മനസ് അധികം പതറാതെ പിടിച്ചുനില്‍ക്കും. മറ്റുള്ളവര്‍ കൂടുതല്‍ പതറിപ്പോകും; കൂടുതല്‍ അശാന്തി അനുഭവിക്കും.
മതത്തിന്റെ പേരില്‍ നടക്കുന്ന അനീതികളും വഴക്കുകളുമാണ് അശാന്തി കൊണ്ടുവരുന്ന മതപരമായ മറ്റൊരു പ്രശ്‌നം. മതങ്ങള്‍ തമ്മില്‍ അശാന്തി ഉണ്ട്. ഒരേ മതത്തിനുള്ളില്‍ അശാന്തിയുണ്ട്. വിശ്വാസികളുടെ മനസില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് സീറോ മലബാര്‍ സഭയില്‍.
ഇത്തരം അസ്വസ്ഥതകളുടെ നടുവില്‍നിന്നുകൊണ്ട് എങ്ങനെ ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ് ആത്മനിറവോടെ, മനസിന്റെ സന്തോഷത്തോടെ ആഘോഷിക്കുവാന്‍ പറ്റും. യുദ്ധം നയിക്കുന്നതിന്റെ രസം പലര്‍ക്കും ഉണ്ടാകാം; പക്ഷേ ദൈവം നല്‍കുന്ന സമാധാനം പലര്‍ക്കും നഷ്ടപ്പെടും.
സാമ്പത്തിക പ്രതിസന്ധികളാണ് അശാന്തി കൊണ്ടുവരുന്ന മറ്റൊരു കാര്യം. വന്‍ കടബാധ്യതകള്‍, കടം വീട്ടാന്‍ നിവൃത്തിയില്ലാത്ത അവസ്ഥ, ദൈനംദിന ചെലവുകള്‍പോലും നടത്താന്‍ വരുമാനം ഇല്ലാത്ത അവസ്ഥ, മക്കളുടെ പഠനം, വിവാഹം എന്നിവ നടത്തുവാന്‍ പണമില്ലാത്ത അവസ്ഥ, തൊഴില്‍ ഇല്ലാത്ത അവസ്ഥ, തൊഴില്‍ നഷ്ടപ്പെട്ട സ്ഥിതി, വളരെ കുറഞ്ഞ വരുമാനം, അതിനിടയ്ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍, ചികിത്സാ ആവശ്യങ്ങള്‍ ഇങ്ങനെ നിരവധി സാമ്പത്തിക പ്രശ്‌നങ്ങള്‍ മനുഷ്യരുടെ സമാധാനം നഷ്ടപ്പെടുത്തുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അശാന്തി ഉണ്ടാക്കുന്ന മറ്റൊരു കാരണം. സംസ്ഥാനത്തിന്റെ കാര്യം നോക്കിയാലും രാജ്യത്തിന്റെ കാര്യം നോക്കിയാലും മനുഷ്യരെ അസ്വസ്ഥരാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മനുഷ്യര്‍ തമ്മില്‍ ഉണ്ടായിരുന്ന കൂട്ടായ്മയുടെയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ചൈതന്യം കുറഞ്ഞിരിക്കുന്നു. ഐക്യത്തിനെക്കാള്‍ പ്രാധാന്യം ഭിന്നതയ്ക്ക് ആണെന്നു തോന്നിപ്പോകും.
രാജ്യാന്തര കാര്യങ്ങള്‍ പരിശോധിച്ചാലും അശാന്തി അനേക സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം ഒരു സമാധാനക്കേടാണ്. ക്രിസ്തു ജനിച്ച രാജ്യംതന്നെ യുദ്ധത്തിലും സഹനത്തിലും ഭീഷണിയിലും ആള്‍നാശത്തിലും ഭയത്തിലും സമാധാനക്കേടിലുമാണ്. ഇസ്രയേലും പല അയല്‍രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നില്‍ക്കുകയാണ്.
യുദ്ധങ്ങള്‍ മനുഷ്യര്‍ക്ക് ഉണ്ടാക്കുന്ന വേദനകള്‍ അതികഠിനമാണ്. മനുഷ്യനന്മയ്ക്കുവേണ്ടി ചെലവാക്കേണ്ട പണമാണ് യുദ്ധത്തിനുവേണ്ടി ഉപയോഗിക്കുന്നത്. യുദ്ധംമൂലം ഉണ്ടാകുന്ന മലിനീകരണം അതിഭയങ്കരമാണ്. വഴിയിലോ പൊതുസ്ഥലത്തോ വെയ്സ്റ്റ് ഇട്ടാല്‍ വലിയ ശിക്ഷ പല രാജ്യങ്ങളിലും ഉണ്ട്. അത് ആവശ്യവുമാണ്. എങ്കിലേ പലരും വെയ്സ്റ്റ് മാനേജ്‌മെന്റും പൗരധര്‍മവും പഠിക്കൂ. അതേസമയം നിരന്തരമായ വെടികള്‍, ബോംബുകള്‍, വാഹനങ്ങള്‍ കത്തിക്കല്‍, കെട്ടിടങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയവമൂലം ഉണ്ടാകുന്ന മലിനീകരണം എത്ര ഭയാനകമാണ്.
രാജ്യത്ത്, ലോകത്ത് ആകമാനവുമുള്ള ക്രിമിനലുകള്‍ ഉണ്ടാക്കുന്ന അശാന്തിയും വളരെ വലുതാണ്. അക്രമങ്ങള്‍, പിടിച്ചുപറി, മോഷണം, കൊലപാതകങ്ങള്‍, മയക്കുമരുന്ന് വ്യാപാരം, ആയുധ കള്ളക്കടത്ത്, കുഴല്‍പ്പണം, കള്ളനോട്ട് ഇടപാടുകള്‍ ഇങ്ങനെ നൂറായിരം പരിപാടികള്‍ വേറെ.
ഇങ്ങനെ പലവിധത്തില്‍ വ്യക്തികളും കുടുംബങ്ങളും രാജ്യവും ലോകവുമെല്ലാം അശാന്തി അനുഭവിക്കുന്ന ഒരു കാലത്താണ് ഈ വര്‍ഷത്തെ ക്രിസ്മസ്. ക്രിസ്തു ജനിച്ച നാടുതന്നെ യുദ്ധത്തിന്റെ ഭീഷണിയിലും വലിയ സഹനത്തിലുംകൂടി ക്രിസ്മസ്‌കാലത്ത് കടന്നുപോകുന്നത് ഒരുപക്ഷേ ആദ്യമായിട്ട് ആയിരിക്കും.
റോമാ ലേഖനം രണ്ടാം അധ്യായത്തില്‍ വിശുദ്ധ പൗലോസ് പറഞ്ഞു: ജ്ഞാനികള്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിത്തീര്‍ന്നു. ഇന്ന് അനേകരുടെ കാര്യം അങ്ങനെയാണ്. അനേകരുടെ അസമാധാനത്തിന്റെ കാരണം അവരോ മറ്റുള്ളവരോ കാണിച്ച, കാണിച്ചുകൊണ്ടിരിക്കുന്ന ഭോഷത്തമാണ്.
യേശു ജനിച്ചപ്പോള്‍ മാലാഖമാര്‍ പാടി: അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി; ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം. ഭൂമിയില്‍ ആയിരിക്കുമ്പോള്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുന്നവരിലാണ് ദൈവം പ്രസാദിക്കുന്നത്; അവര്‍ക്കാണ് സമാധാനം ലഭിക്കുക.
അതിനാല്‍ മനുഷ്യര്‍ ദൈവത്തിന് കൊടുക്കുന്ന മഹത്വവും അവര്‍ അനുഭവിക്കുന്ന സമാധാനവും തമ്മില്‍ ഒരു ബന്ധം ഉണ്ട്. മനുഷ്യര്‍ ദൈവത്തില്‍നിന്ന് അകലുംതോറും തെറ്റുകള്‍ കൂടും; തെറ്റുകള്‍ കൂടുംതോറും ദൈവത്തിന് നല്‍കേണ്ട മഹത്വം കുറയും. ദൈവത്തിന് നല്‍കുന്ന മഹത്വം കുറയുന്തോറും വീണ്ടും അശാന്തി കൂടിക്കൊണ്ടിരിക്കും.
ലോകത്തില്‍ അസമാധാനം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് പറ്റില്ല. എന്നാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാന്‍ പറ്റും. വ്യക്തിപരമായി നമുക്ക് യേശുവിനോടു ചേര്‍ന്നുനില്‍ക്കാന്‍ പറ്റും. അപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയിലും ദൈവം നമുക്ക് സമാധാനവും ശാന്തിയും പ്രത്യാശയും നല്‍കും.
2024 നമുക്കും ലോകത്തിനും 2023-നെക്കാള്‍ നന്മ നിറഞ്ഞത് ആകട്ടെയെന്ന് ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. എല്ലാം സാധ്യമായ ദൈവത്തിന് ലോകത്തെ നവീകരിക്കുവാന്‍ കഴിയുമെന്ന് വിശ്വസിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ്-പുതുവത്സര ആശംസകളും പ്രാര്‍ത്ഥനകളും!
Leave a Comment
Your email address will not be published. Required fields are marked with *