ബംഗളൂരു: കര്‍ണാടക നിയമസഭ പാസാക്കിയ വിദ്വേഷ പ്രസംഗ വിരുദ്ധ നിയമത്തെ കത്തോലിക്ക സഭാ നേതാക്കള്‍ സ്വാഗതം ചെയ്തു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇതൊരു നല്ല നീക്കമാണെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. സമൂഹത്തില്‍ പൊരുത്തക്കേടുകളും പ്രശ്നങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കുന്നതില്‍നിന്ന് ചിലരെ തടയാന്‍ നിയമം സഹായിക്കുമെന്ന് ഡോ. മച്ചാഡോ കൂട്ടിച്ചേര്‍ത്തു. മതന്യൂനപക്ഷങ്ങള്‍ ചെറിയ വിഷയങ്ങളില്‍ അനാവശ്യമായി പീഡിപ്പിക്കപ്പെടുന്ന കാലത്ത് നിയമം വളരെ ആവശ്യമാണെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.
വിദ്വേഷ പ്രസംഗത്തിന് ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 1,00,000 രൂപയായി ഉയരും. ഇരകള്‍ക്ക് നഷ്ടപരിഹാരവും ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
വിദ്വേഷ പ്രചാരണം അക്രമങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമായാല്‍ ഉള്ളടക്കം തടയാനോ നീക്കം ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോടും വെബ്സൈറ്റുകളോടും ഉത്തരവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അധികാരം നല്‍കുന്നുണ്ട്.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് സംസ്ഥാന നിയമസഭ ബില്‍ പാസാക്കിയത്. ബില്‍ അംഗീകാരത്തിനായി ഗവര്‍ണക്ക് അയച്ചിരിക്കുകയാണ്.
ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് നടത്തുന്ന വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കും തടയിടാന്‍ ഈ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *