Follow Us On

27

November

2024

Wednesday

വന്യമൃഗശല്യം; ഉറക്കംനടിക്കുന്ന ഭരണകൂടത്തിന് താക്കീതായി ഇടുക്കിയില്‍ പ്രതിഷേധ റാലി

വന്യമൃഗശല്യം; ഉറക്കംനടിക്കുന്ന ഭരണകൂടത്തിന് താക്കീതായി ഇടുക്കിയില്‍ പ്രതിഷേധ റാലി
ഇടുക്കി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും  ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ നടത്തിയ ബഹുജന റാലി ജനസമുദ്രമായി. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി പൂപ്പാറയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നടന്ന പ്രതിഷേ ധസമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
 ഇടുക്കിയിലെ ജനത കയ്യേറ്റക്കാരല്ല അവര്‍ കുടിയേറ്റ ക്കാരാണെന്നും മണ്ണില്‍ കനകം വിളയിച്ച കര്‍ഷകരാണ് യഥാര്‍ത്ഥ പരിസ്ഥിതി സ്‌നേഹികളും മനുഷ്യ സ്‌നേഹികളും എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റ  മൃതപ്രായമായവരുടെയും ശയ്യാവലമ്പികളായവരുടെയും എണ്ണം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്ന കൃഷിയിടങ്ങളുടെയും ദേഹണ്ഡങ്ങളുടെയും കണക്ക് ആരും പരിഗണിക്കുന്നില്ല. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. മുന്നണി ബന്ധങ്ങള്‍ക്ക് അതീതമായി രാഷ്ട്രീയപാര്‍ട്ടികള്‍ ഈ വിഷയം പരിഗണിക്കുകയും ശാശ്വത പരിഹാരം ഉണ്ടാക്കുകയും ചെയ്യണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.
നീതിക്കുവേണ്ടി പോരാട്ടം നടത്തുന്ന ജനപ്രതിനിധികള്‍ക്കും പ്രദേശവാസികള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ മാര്‍ നെല്ലിക്കുന്നേല്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വന്യമൃഗങ്ങളെ കാട്ടില്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയമായ നടപടികള്‍ സ്വീകരിക്കണമെന്നും വനത്തിന്റെ പരിധിയില്‍ ഒതുങ്ങാത്ത വിധം വര്‍ദ്ധിച്ചിരിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുവാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണം എന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വന്യമൃഗ ആക്ര മണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം 50 ലക്ഷം ആക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍,  കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട്, ജെറിന്‍ പട്ടാംകുളം, അലക്‌സ് തോമസ്, ആഗ്‌നസ് ബേബി,സാബു കുന്നുംപുറം, ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, ഫാ.തോമസ് പുത്തന്‍പുരയില്‍, ഫാ. ജോബി വാഴയില്‍ ,ഫാ. ജോബി മാതാളികുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?