കീവ്/ഉക്രെയ്ന്‍: ഉക്രെയ്ന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 10,582 പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ യുദ്ധം ഉക്രെയ്‌നില്‍ വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം.
ഉക്രെയ്‌നിലെ മൂന്നിലൊന്ന് ജനങ്ങളും ഭവനങ്ങള്‍ വിട്ടുപേക്ഷിച്ച് അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ അഭയാര്‍ത്ഥികളായി മാറിയ ഒരു കോടി 40 ലക്ഷം ജനങ്ങളില്‍ 60 ലക്ഷം ജനങ്ങള്‍ ഉക്രെയ്ന്‍ വിട്ടു. ഉക്രെയ്‌നില്‍നിന്നും പലായനം ചെയ്തവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഭര്‍ത്താക്കന്‍മാര്‍ കൂടെയില്ലാതെ മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന ഇവര്‍ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉക്രെയ്ന്‍ ഗ്രീക്ക് ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് വത്തിക്കാന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
യുദ്ധത്തില്‍ സാരമായി പരിക്കേറ്റ രണ്ട് ലക്ഷത്തോളം വരുന്ന മുന്‍ പട്ടാളക്കാരാണ് മറ്റൊരു വലിയ പ്രതിസന്ധി. ഇവരില്‍ 50,000 പേരെങ്കിലും യുദ്ധത്തില്‍ കാലോ കയ്യോ നഷ്ടപ്പെട്ടവരാണ്. ഇവരുടെ ചികിത്സയും പരിചരണവും യുദ്ധത്തില്‍ വീര്‍പ്പുമുട്ടുന്ന ഉക്രേനിയന്‍ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ താങ്ങാവുന്നതിലധികമാണെന്ന് ആര്‍ച്ചുബിഷപ് പറയുന്നു. കൂടാതെ യുദ്ധത്തില്‍ കാണാതായ 35,000 ആളുകളുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള യാതൊരു വിവരവുമില്ലാതെ വലിയ വേദനയിലാണ് ഇവരുടെ കുടുംബാംഗങ്ങള്‍ ഒരോ ദിവസവും തള്ളിനീക്കുന്നത്.
യുദ്ധം ആരംഭിച്ചതിന് ശേഷം 20,000 ത്തോളം കുട്ടികളെയാണ് റഷ്യന്‍ സൈന്യം ബലമായി റഷ്യയിലേക്ക് നാടുകടത്തിയത്. വത്തിക്കാന്റെ ഇടപെടല്‍ വഴിയായും മറ്റും ഇതില്‍ 388 കുട്ടികളെ തിരികെയെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും തങ്ങളുടെ മക്കള്‍ കൂടെയില്ലാത്ത അവസ്ഥയില്‍ ഒറ്റപ്പെട്ട് കഴിയുന്ന മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണെന്ന് ആര്‍ച്ചുബിഷപ് പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷം 1,20,000 വിവാഹമോചനങ്ങളാണ് ഉക്രെയ്‌നില്‍ നടന്നത്. യുദ്ധത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും പുരുഷന്‍മാര്‍ യുദ്ധമുഖത്ത് തുടരുകയും ചെയ്യുന്ന സാഹചര്യം കുടുംബങ്ങളില്‍ വലിയ ഒറ്റപ്പെടലാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏത് നിമിഷവും സംഭവിക്കാവുന്ന മരണവും പ്രതീക്ഷിച്ച് രണ്ട് വര്‍ഷമായി യുദ്ധമുഖത്ത് തുടരുന്ന ഉക്രെയ്‌നിലെ ജനങ്ങളെ മറക്കരുതെന്നും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരണമെന്നും ആര്‍ച്ചുബിഷപ് വത്തിക്കാന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *