Follow Us On

25

November

2024

Monday

മലബാറിന്റെ വികസന നായകന്‍

മലബാറിന്റെ വികസന നായകന്‍

പ്ലാത്തോട്ടം മാത്യു

തലശേരി രൂപതയുടെ പ്രഥമ മെത്രാനും ആഗോള കത്തോലിക്കാ സഭയില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ക്കുടമയുമായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത് 2006 ഏപ്രില്‍ നാലിനാണ്. മലബാറിലെ കുടിയേറ്റക്കാരുടെ പിതാവായ മാര്‍ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികളുടെ പ്രാരംഭമായി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മൂന്നംഗ കമ്മീഷനെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാര്‍ വള്ളോപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹങ്ങളും അത്ഭുതങ്ങളും പരിശോധിച്ച്, കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാമകരണം സംബന്ധിച്ച തുടര്‍ നടപടികള്‍ രൂപതാധ്യക്ഷന്‍ സ്വീകരിക്കുക.

രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച ഇടയശ്രേഷ്ഠനാണ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി. കത്തോലിക്കാ സഭയില്‍ വ്യക്തിസഭയായി സ്വതന്ത്ര അധികാരങ്ങളോടെ സീറോ മലബാര്‍ സഭാ സ്ഥാപിതമാകുന്നതിനും ഇന്ന് ലോകമെങ്ങും പ്രവര്‍ത്തനസ്വാതന്ത്ര്യമുള്ള നിലയിലേക്ക് വളരുന്നതിനും മാര്‍ വള്ളോപ്പിള്ളി നിസ്തുലമായ സംഭാവനകളാണ് നല്കിയിരിക്കുന്നത്.

മദ്രാസിന്റെ ഭാഗമായിരുന്ന കോഴിക്കോട് ജില്ലയെന്ന അവികസിത മേഖലയെ സാമ്പത്തിക-ഭൗതികരംഗങ്ങളില്‍ വികസനത്തിലേക്ക് നയിക്കുകയും കാര്‍ഷിക വിപ്ലവത്തോടൊപ്പം മറ്റെല്ലാ രംഗങ്ങളിലും സമഗ്രമായ മാറ്റത്തിന് വഴിതെളിയിച്ചതായിരുന്നു മാര്‍ വള്ളോപ്പിള്ളിയുടെ സേവനം. പഴയ മൈസൂരിന്റെ ഭാഗമായിരുന്ന ദക്ഷിണക്കാനം (കാസര്‍ഗോഡ്) മേഖലയുള്‍പ്പെട്ട കേരളപ്പിറവിക്കുശേഷം ഏറ്റവും പിന്നാക്കവും അവഗണിക്കപ്പെട്ടതുമായിരുന്ന മലബാറിന്റെ വികസനത്തിനും അവകാശ സംരക്ഷണത്തിനുമായി ശബ്ദമുയര്‍ത്തുകയും ഭരണനേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്ത മാര്‍ വള്ളോപ്പിള്ളി എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് നേടി.

ജപമാല ചൊല്ലിയുള്ള യാത്രകള്‍
വിദ്യാര്‍ത്ഥിയായിരിക്കെമുതല്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തോടുചേര്‍ന്ന ജീവിതമാണ് മാര്‍ വള്ളോപ്പിള്ളി നയിച്ചിരുന്നത്. മുട്ടിന്മേല്‍നിന്ന് ജപമാലകളും മറ്റു പ്രാര്‍ത്ഥനകളും സ്ഥിരമായി അര്‍പ്പിച്ചിരുന്ന അദ്ദേഹം സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ കാല്‍മുട്ടിന് രോഗം ബാധിച്ചു. പരിശോധനയില്‍ തുടര്‍ച്ചയായി മുട്ടിന്മേല്‍നിന്നുള്ള പ്രാര്‍ത്ഥനയുടെ ഫലമായുണ്ടായതായിരുന്നു രോഗമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും സര്‍ജറി നടത്തേണ്ടിവരികയും ചെയ്തിരുന്നു. വാഹനയാത്രയില്‍ തുടര്‍ച്ചയായി ജപമാലയും മറ്റു പ്രാര്‍ത്ഥനകളും നടത്തിയിരുന്നതായി ദീര്‍ഘകാലം സഹായിയും ഡ്രൈവറും തിരുക്കര്‍മങ്ങളില്‍ ശുശ്രൂഷകനുമായിരുന്ന അപ്പച്ചന്‍ കളരിക്കല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജീവിച്ചിരിക്കെതന്നെ പിതാവ് പ്രാര്‍ത്ഥിച്ച് രോഗശാന്തി നല്‍കിയ അനുഭവം ഉണ്ടായിട്ടുണ്ട്. രൂപതാധ്യക്ഷനായി ഭാരിച്ച ജോലിത്തിരക്കുള്ളപ്പോഴും ആദ്യകാലത്ത് അതിഥികളുടെ താമസമുറിയില്‍ വെള്ളം കൊണ്ടുപോയി കൊടുക്കുകയും അവരുടെ സൗകര്യങ്ങള്‍ നേരിട്ട് നോക്കിനടത്തുകയും ചെയ്തിരുന്നു.

അമ്മയുടെ പ്രാര്‍ത്ഥനകള്‍
പാലാ രൂപതാ സ്ഥാപനത്തിനുമുമ്പ് ചങ്ങനാശേരി രൂപതയിലായിരുന്ന കുടക്കച്ചിറയില്‍ 1911 ഓഗസ്റ്റ് നാലിനായിരുന്നു മാര്‍ വള്ളോപ്പിള്ളിയുടെ ജനനം. ശ്രീലങ്കയിലെ കാണ്ടി പേപ്പല്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി 1945 ജൂലൈ 24-ന് പട്ടം സ്വീകരിച്ചു.
പട്ടം സ്വീകരിച്ചശേഷം മൂന്നുമാസത്തെ തുടര്‍പഠനത്തിനുശേഷമായിരുന്നു ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നാട്ടിലേക്ക് തിരിച്ചെത്തിയത്. മാതൃ ഇടവകയായ കുടക്കച്ചിറ സെന്റ് ജോസഫ് ദൈവാലയത്തില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചപ്പോള്‍, വാര്‍ധക്യത്തിന്റെ അവശതകള്‍ ഉണ്ടായിട്ടും അമ്മയും പങ്കെടുത്ത് വിശുദ്ധ കുര്‍ബാന മകനില്‍നിന്ന് സ്വീകരിക്കുകയുണ്ടായി. മകന്‍ വൈദികനായി പ്രഥമ ദിവ്യബലിയര്‍പ്പിക്കുന്നതുവരെ എത്ര അവശതകളുണ്ടെങ്കിലും എല്ലാ ദിവസവും രാവിലെ ദൈവാലയത്തില്‍ പോയി ദിവ്യബലിയില്‍ സംബന്ധിച്ച് പ്രാര്‍ത്ഥിക്കുമെന്ന ദൃഢനിശ്ചയത്തിലായിരുന്ന അമ്മയ്ക്ക് അതു പാലിക്കുവാന്‍ ദൈവം കൃപ കൊടുത്തു..

അല്‍ഫോന്‍സാമ്മയ്‌ക്കൊപ്പം
ഫാ. വള്ളോപ്പിള്ളിക്ക് മാര്‍ കാളാശേരി പിതാവ് ആദ്യനിയമനം നല്‍കിയത് ഭരണങ്ങാനം സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനായാണ്. അക്കാലത്ത് അവിടെ മഠത്തില്‍ വിശ്രമജീവിതം കഴിച്ചിരുന്ന അല്‍ഫോന്‍സാമ്മയെ കാണാനും മഠത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനും ആ യുവവൈദികന് അവസരം ലഭിച്ചു. അള്‍ത്താരയ്ക്കടുത്ത മുറിയിലിരുന്ന് ദിവ്യബലിയില്‍ പങ്കെടുക്കുന്ന അല്‍ഫോന്‍സാമ്മയ്ക്ക് ദിവ്യകാരുണ്യ ഈശോയെ കൊണ്ടുപോയി കൊടുക്കാനും സാധിച്ചു.
വൈകാതെ ചങ്ങനാശേരി സെമിനാരിയില്‍ ആധ്യാത്മികഗുരുവും അധ്യാപകനുമായി ഫാ. വള്ളോപ്പിള്ളി നിയമിതനായി. അക്കാലത്ത് അവിടെ ശിഷ്യന്മാരായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ മാത്യു വട്ടക്കുഴി, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ പിന്നീട് ബിഷപ്പുമാരായി. ഇത്രയേറെ വൈദികര്‍ക്ക് പട്ടംനല്‍കിയ മറ്റൊരു ബിഷപ് ഉണ്ടോയെന്ന് സംശയം.

മലബാറിലേക്ക്
തലശേരി രൂപത രൂപീകൃതമായപ്പോള്‍ 1955 ഒക്‌ടോബര്‍ പത്തിന് രൂപതയുടെ പ്രഥമ മെത്രാനായി നയോഗിക്കപ്പെട്ടു. 1955മുതല്‍ 2006വരെ 51വര്‍ഷത്തോളം മെത്രാനും 1989 മെയ് ഒന്നുവരെ മൂന്നര പതിറ്റാണ്ടുകാലം രൂപതാധ്യക്ഷനുമായിരുന്നു അദ്ദേഹം. രൂപതാധ്യക്ഷസ്ഥാനത്തുനിന്ന് വിരമിച്ചശേഷവും നിരവധി ഡീക്കന്മാര്‍ക്ക് പട്ടം നല്‍കി വൈദിക ശുശ്രൂഷയ്ക്കായി ഉയര്‍ത്തുകയുണ്ടായി. ബാല്യകാലാനുഭവങ്ങള്‍ മുതല്‍ മെത്രാനായിരിക്കെയുള്ള ഓരോ അനുഭവങ്ങളും സംഭവങ്ങളും പിതാവ് അവസാന കാലത്തും ഓര്‍മിക്കുകയും വ്യക്തമായി പറയുകയും ചെയ്തിരുന്നു. രൂപതാസ്ഥാപനത്തിനുശേഷം വൈകാതെ മംഗലാപുരം രൂപതയുടെ ഭാഗമായിരുന്ന ചിറ്റാരിക്കല്‍ (തോമാപുരം), പാലാവയല്‍ ഉള്‍പ്പെട്ട സൗത്ത് കാനറയും മൈസൂര്‍, മംഗലാപുരം രൂപതാതിര്‍ത്തികള്‍കൂടി തലശേരിയിലേക്ക് കൂട്ടിച്ചേര്‍ത്തു.

1995 മെയ് 18-ന് തലശേരി അതിരൂപതയായി ഉയര്‍ത്തപ്പെടുകയും മാര്‍ ജോര്‍ജ് വലിയമറ്റത്തെ ആര്‍ച്ചുബിഷപ്പായി നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ അഞ്ചു സാമന്തരൂപതകളാണ് തലശേരി അതിരൂപതയില്‍ ഉള്ളത്. മാനന്തവാടി, താമരശേരി, ബെല്‍ത്തങ്ങാടി, ഭദ്രാവതി, മാണ്ഡ്യ. സീറോ മലബാര്‍ സഭയില്‍ ഏറ്റവും കൂടുതല്‍ സാമന്തരൂപതകളുള്ളത് തലശേരിയിലാണ്.
ഭാരതപ്പുഴയ്ക്കും പമ്പാനദിക്കുമിടയില്‍ പരിമിതപ്രദേശം പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ടായിരുന്ന സുറിയാനി രൂപതകള്‍ക്ക് ലോകമാസകലം പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കുന്നതിനും സീറോ മലബാര്‍ സഭ സ്വതന്ത്ര അധികാരത്തോടെ പ്രവര്‍ത്തിക്കുന്നതിനും വഴിയൊരുക്കിയ ദൈവികപദ്ധതിയില്‍ മാര്‍ വള്ളോപ്പിള്ളിയെയും ദൈവം ഉപകരണമാക്കുകയായിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?