Follow Us On

16

September

2024

Monday

കരുതലിന്റെ ഭവനങ്ങള്‍ ഉയരുന്നു

കരുതലിന്റെ  ഭവനങ്ങള്‍ ഉയരുന്നു

സ്വന്തം ലേഖകന്‍

ചരിത്രപ്രസിദ്ധമായ പഴനിക്കും പൊള്ളാച്ചിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന കൊച്ചുഗ്രാമമാണ് ഉടുമല്‍പട്ട്. കേരളത്തിന്റെ അതിര്‍ത്തിയായ മൂന്നാറിനും അമരാവതി ഡാമിനും സമീപം സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ ഗ്രാമം തെങ്ങിന്‍തോപ്പുകളാല്‍ സമൃദ്ധമാണ്. അന്നംതേടി അലയുന്ന മനുഷ്യര്‍ ജീവിതമാര്‍ഗം തേടി ഈ കൊച്ചുഗ്രാമത്തിലും എത്തിച്ചേര്‍ന്നു.

അവരുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദൈവാശ്രയബോധത്തിന്റെയും ഫലമായി 2006-ല്‍ ഒരു കൊച്ചുദൈവാലയം വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമധേയത്തില്‍ ഇവിടെ പടുത്തുയര്‍ത്തി. ഇന്ന് ഈ ദൈവാലയത്തില്‍ അംഗങ്ങളായി മുപ്പതോളം കുടുംബങ്ങളുണ്ട്. ഇതില്‍ പത്തു കുടുംബങ്ങള്‍ക്കുമാത്രമാണ് സ്വന്തമായി ഭവനമുള്ളത്.

ബാക്കിയുള്ളവര്‍ കൂലിപ്പണി ചെയ്ത്, വാടകവീട്ടില്‍ താമസിക്കുന്നു. ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജീവിതച്ചെലവും വാടകയും അവരെക്കൊണ്ട് താങ്ങാവുന്നതിനെക്കാള്‍ അപ്പുറമാണ്. കോവിഡ് വന്നതോടുകൂടി ഇവരുടെ ജീവിതമാര്‍ഗം വഴിമുട്ടി. ഇങ്ങനെയിരിക്കെയാണ് ഈ ഇടവകയിലെ ദേവസി വടക്കുംഞ്ചേരി എന്നൊരു അംഗം തന്റെ മകളുടെ വിവാഹത്തിന് സ്വരൂപിച്ചിരുന്ന പണം, വിവാഹം ലളിതമാക്കി ഭവനമില്ലാത്ത പത്ത് കുടുംബങ്ങള്‍ക്ക് നാലുസെന്റ് സ്ഥലം വീതം വാങ്ങി നല്‍കാന്ഡ വിനിയോഗിച്ചത്.

ഇതില്‍ ഇവര്‍ക്ക് വീടുവച്ചുകൊടുക്കുക എന്ന ഉദ്യമം ഏറ്റെടുത്തിരിക്കുന്നത് വികാരി ഫാ. വിനീത് കറുകപറമ്പിലാണ്. ഏപ്രില്‍ 12 വെള്ളിയാഴ്ച ഉദുമല്‌പെട്ട സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ദിവസമായിരുന്നു. അന്നായിരുന്നു ഭവന പദ്ധതിക്ക് തുടക്കംകുറിച്ചത്.
”ഞങ്ങള്‍ ആദ്യമായി ഭവനം പണിയുവാന്‍ പോകുന്നത് രണ്ടു കിഡ്‌നി തകരാറിലായി ജീവിതത്തോട് മല്ലടിക്കുന്ന യുവസഹോദരനുവേണ്ടിയാണ്” ; ഫാ. വിനീത് പറയുന്നു.

”മാസം ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടുമാത്രം മുന്നോട്ടുപോകുന്ന ഈ ഇടവക ദൈവാലയത്തിന് പത്ത് കുടുംബങ്ങള്‍ക്ക് ഭവനം ഒരുക്കിക്കൊടുക്കുക എന്നത് വളരെ കഠിനമാണ്. ആയതിനാല്‍ ദൈവത്തില്‍ മാത്രം ആശ്രയിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ഭവനപദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ഏതൊരു മനുഷ്യന്റെയും പ്രാഥമിക ആവശ്യമാണ് ഭവനം. ഭവനം തേടിയുള്ള ഈ മനുഷ്യരുടെ യാത്രയില്‍ സഹായിക്കാന്‍ ദൈവം അനേകരെ ഒരുക്കിനിര്‍ത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” ; ഫാ. വിനീത് പറയുന്നു.
ഫോണ്‍: 9443662333

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?