ആല്‍ബിന്‍ തോമസ്
നാട്ടില്‍ കിട്ടിയ ചെറിയ ജോലികള്‍ ചെയ്ത് മുന്നോട്ടുപോകുന്ന കാലം. കൂടെ പഠിച്ചവര്‍, ജൂണിയര്‍ ആയി പഠിച്ചവരൊക്കെ കാനഡയില്‍നിന്നും യുകെയില്‍നിന്നും എടുക്കുന്ന ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട് കൂടുതല്‍ സമ്മര്‍ദം തന്നുകൊണ്ടിരിക്കുന്നു. പഠനം കഴിഞ്ഞ് നാലുവര്‍ഷം പൂര്‍ത്തിയായി. പക്ഷേ മുന്നോട്ട് പോകാന്‍ ഒരു വഴിയും കാണുന്നുമില്ല. വീട്ടില്‍ വലിയ സാമ്പത്തികം ഇല്ലാത്തതുകൊണ്ടും വലിയ ലോണ്‍ എടുക്കാനുള്ള ഒരു സാഹര്യം നിലവില്‍ ഇല്ലാത്തതുകൊണ്ടും വിദേശരാജ്യ സ്വപ്‌നങ്ങള്‍ പണ്ടേ ഉപേക്ഷിച്ചതാണ്.
പ്രായം 27-ന് അടുത്തു. അങ്ങനെയിരിക്കെയാണ് വീട്ടുകാര്‍ എന്റെ ഈ പോക്കു ശരിയല്ല എന്ന നിഗമനത്തില്‍ എത്തുന്നതും മറ്റെന്തെങ്കിലും ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നതും. അങ്ങനെ നാട്ടില്‍ ഉണ്ടായിരുന്ന ചെറിയ ജോലി ഉപേക്ഷിച്ച് മറ്റു ജോലികള്‍ നോക്കിത്തുടങ്ങി. കേരളത്തിന്റെ പല ഭാഗത്തും ജോലി തേടി ഇറങ്ങിയെങ്കിലും ഒന്നും ശരിയായില്ല. ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്നത് അസഹനീയമായി തോന്നിയപ്പോള്‍ ബംഗളൂരുവില്‍ പോയി നോക്കാമെന്ന് വിചാരിച്ചു. പിറ്റേദിവസം തന്നെ ബസ് ബുക്ക് ചെയ്ത് ബംഗളൂരുവില്‍ എത്തി. ഒരു സുഹൃത്തിന്റെ മുറിയില്‍ താമസമാക്കി. നാട്ടില്‍നിന്നുതന്നെ ഒരു ലോഡ് റസ്യും പ്രിന്റ് ചെയ്‌തെടുത്ത് കൈയില്‍ കരുതിയിട്ടുണ്ട്. എന്തു ജോലിക്കാണ് അപേക്ഷിക്കേണ്ടതെന്ന് വലിയ ധാരണ ഇല്ലാത്തതുകൊണ്ട് കാണുന്ന എല്ലാത്തിനും അയക്കാന്‍ തുടങ്ങി. പല ആഴ്ചകള്‍ കടന്നുപോയി. ഒരു ഇന്റര്‍വ്യൂവിന് പോലും വിളിച്ചില്ല. പിന്നെ കമ്പനികളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ തപ്പിത്തിരഞ്ഞു നടപ്പായി. അങ്ങനെയും നാലുമാസം കടന്നുപോയി. മുപ്പതിനടുത്ത് വാക്ക് ഇന്‍ ഇന്റര്‍വ്യു കഴിഞ്ഞു. കൈയില്‍ കരുതിയ പണവും ഏകദേശം തീരാറായി. അതുകൊണ്ടുതന്നെ ഭക്ഷണം ബംഗളൂരു ഇന്ദിര കാന്റീനില്‍നിന്നു കിട്ടുന്ന പത്തുരൂപയുടെ ഇഡ്ഡലിയില്‍ ഒതുക്കിത്തുടങ്ങി. റൂംമേറ്റിന്റെ കൈയില്‍നിന്ന് കടം മേടിക്കലും ആരംഭിച്ചു.
ഇനി എന്റെ പരിശ്രമംകൊണ്ട് ഒരു ജോലി ഇവിടെ കിട്ടില്ലെന്നും ഇത്രയും കാലം ജീവിച്ചിട്ടും യാതൊരു സ്‌കില്ലും ഇല്ലെന്നും ഞാന്‍ മനസിലാക്കി. എല്ലാ വഴിയും അടയുമ്പോള്‍ ആണല്ലോ പലപ്പോഴും നമ്മള്‍ ദൈവത്തിന്റെ സഹായത്തിനായി ശ്രമിക്കുക. ദൈവം തരാതെ എന്റെ കഴിവുകൊണ്ട് ഒന്നും നേടില്ലെന്ന് എനിക്ക് ബോധ്യമായി. അങ്ങനെ വീട്ടില്‍ വിളിച്ചു പറഞ്ഞു, എനിക്കാവുന്നത്ര ട്രൈ ചെയ്തു. ഇനി ഇവിടെ നില്‍ക്കുന്നില്ല, തിരിച്ചു വരുവാണെന്ന്.
പിറ്റേദിവസം ഞായറാഴ്ച ആയിരുന്നു. രാവിലെ എട്ടുമണിക്കത്തെ കുര്‍ബാനക്ക് റ്റി സി പാളയക്ക് അടുത്തുള്ള സെന്റ് ജോസഫ്‌സ് ദൈവാലയത്തിലാണ് അന്ന് പോയത്. സീറോ മലബാര്‍ ഇടവകയായിരുന്നു അത്. കുര്‍ബാന തുടങ്ങി അല്പം കഴിഞ്ഞു. അച്ചന്‍ വിളിച്ചുപറഞ്ഞു, ‘വികാരിയച്ചന്‍ കുമ്പസാരക്കൂട്ടില്‍ ഉണ്ട്. കുമ്പസാരിക്കേണ്ടവര്‍ക്ക് കുമ്പസാരിക്കാം’ എന്ന്.
ഉച്ചയായപ്പോള്‍ വീട്ടില്‍നിന്ന് മമ്മി ഫോണ്‍ വിളിച്ചു, ”നീ എവിടെയാ, ഇന്നു വരുമെന്നു പറഞ്ഞതല്ലേ?” ഞാന്‍ പറഞ്ഞു, ”എന്റെ പുതിയ ഓഫീസില്‍ ജോലി ചെയ്യുകയാണ്.” പെട്ടെന്ന് ഒരു നിശബ്ദത, പിന്നെ നടന്നതെല്ലാം പറഞ്ഞു.
ഞാന്‍ കുമ്പസാരിച്ചിട്ട് എത്ര മാസം ആയിരുന്നുവെന്നുപോലും എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. എങ്കിലും കുമ്പസാരിക്കാന്‍ ഉള്ളില്‍ ഒരു പ്രേരണ തോന്നി. ഞാന്‍ കുമ്പസാരിക്കാനായി ചെന്നു. ഓര്‍മയില്‍ വന്ന പാപങ്ങളെല്ലാം വൈദികനോട് ഏറ്റുപറഞ്ഞു. വൈദികന്‍ ഉപദേശം തരുന്ന സമയത്ത് എന്നോടു ചോദിച്ചു: ”മോന്‍ ഇവിടെ എന്തുചെയ്യുന്നു?”
ഞാന്‍ പറഞ്ഞു: ”ജോലി അന്വേഷിച്ചു വന്നതാണ്. ജോലിയൊന്നും ആയില്ല. ഇന്ന് വൈകിട്ട് തിരിച്ച് നാട്ടില്‍ പോകും.” അപ്പോള്‍ വൈദികന്‍ എന്നോടു പറഞ്ഞു. കുര്‍ബാന കഴിഞ്ഞ് അച്ചനെ കണ്ടിട്ടുവേണം പോകാന്‍ എന്ന്. കുര്‍ബാന കഴിഞ്ഞ് അച്ചന്‍ എനിക്കൊരു നമ്പര്‍ തന്നു. ഈ നമ്പറില്‍ വിളിച്ച് അച്ചന്‍ പറഞ്ഞിട്ട് വിളിക്കുന്നതാണെന്ന് പറയണം എന്നും പറഞ്ഞു.
ഞാന്‍ റൂമില്‍ എത്തി ആ നമ്പറിലേക്ക് വിളിച്ചു. ബിജു എന്നു പേരുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു അത്. എന്താണ് പഠിച്ചതെന്നുമാത്രമേ അദ്ദേഹം ചോദിച്ചുള്ളൂ. പിന്നെ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ജോലിക്ക് വരാന്‍ പറഞ്ഞു. അദ്ദേഹംഎന്നെ ഓഡിറ്റ് ടീമിലേക്കാണ് തിരഞ്ഞെടുത്തത്. ദൈവം എന്റെ ഇന്റര്‍വ്യൂ കുമ്പസാരക്കൂട്ടില്‍ നടത്തിയതുപോലെ. എല്ലാം പെട്ടന്നായിരുന്നു. തിങ്കളാഴ്ചതന്നെ എന്നെ ട്രെയിനിങ്ങില്‍ ഇരുത്തി. ഉച്ചയായപ്പോള്‍ വീട്ടില്‍നിന്ന് മമ്മി ഫോണ്‍ വിളിക്കുന്നു. ”നീ എവിടെയാ, ഇന്നു വരുമെന്നു പറഞ്ഞതല്ലേ?”
ഞാന്‍ പറഞ്ഞു, ”എന്റെ പുതിയ ഓഫീസില്‍ ജോലി ചെയ്യുകയാണ്.” പെട്ടെന്ന് ഒരു നിശബ്ദത, പിന്നെ നടന്നതെല്ലാം പറഞ്ഞു. പിന്നീടാണ് മമ്മി പറയുന്നത് ഞായറാഴ്ച രാവിലെ ഏകദേശം എട്ടുമണി കഴിഞ്ഞ്, മമ്മി മാതാവിന്റെ ഗ്രോട്ടോയില്‍ നിന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചതും എന്റെ മോന് ഇന്നുതന്നെ ജോലി കിട്ടണമെന്നു മാതാവിന്റെ അടുത്ത് ശാഠ്യം പിടിച്ചതും. ഏകദേശം ഇതേ സമയത്തുതന്നെയാണ് കുര്‍ബാനയ്ക്കിടയില്‍ എനിക്ക് കുമ്പസാരത്തിന് അവസരം കിട്ടുന്നതും.
ഈ സംഭവം നടന്നിട്ട് ഇപ്പോള്‍ നാലുവര്‍ഷം കഴിഞ്ഞു. ആ എക്‌സ്പീരിയന്‍സുവച്ച് പല കമ്പനികളില്‍ ജോലി ചെയ്തു. ഇപ്പോള്‍ റ്റിസിഎസില്‍ ജോലി ചെയ്യുന്നു. ജീവിതത്തിലെ പല തടസങ്ങളും കുമ്പസാരത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു കഴിയുമ്പോള്‍ നീങ്ങിപ്പോകുന്ന അനുഭവം ഞാന്‍ പലതവണ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ വിശ്വാസത്തെ ഏറെ ആഴപ്പെടുത്തിയ സംഭവമായിരുന്നു ഇത്. നമ്മുടെ കഴിവോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ കൃപയാണ് എല്ലാം നമുക്ക് നല്‍കുന്നത് എന്ന തിരിച്ചറിവ് അന്ന് എനിക്കുണ്ടായി.
Leave a Comment
Your email address will not be published. Required fields are marked with *