യുദ്ധത്തില്‍ തകര്‍ന്ന ലോകത്തിന് സ്‌നേഹത്തിന്റെ അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നടന്ന കോര്‍പ്പസ് ക്രിസ്റ്റി ആഘോഷങ്ങളില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്കുകയായിരുന്നു പാപ്പാ. ദൈവം നമ്മെ കൈവിടുന്നില്ല. എന്നാല്‍, അവിടുന്ന് എപ്പോഴും നമ്മെ അന്വേഷിക്കുന്നു. അപ്പമായി നമ്മില്‍ അലിഞ്ഞുചേരുവോളം അവിടുന്ന് നമുക്കായി കാത്തിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയ നിരവധി അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാന്‍ ദിവ്യബലി നമ്മെ പഠിപ്പിക്കുന്നു. തന്റെ ശരീരവും രക്തവും നമുക്ക് നല്‍കിയതിലൂടെ നമ്മെ ആവശ്യമുള്ള ആളുകള്‍ക്കും നമുക്ക് ചുറ്റുമുള്ളവര്‍ക്കും നമ്മെത്തന്നെ നല്‍കാന്‍ യേശു പഠിപ്പിച്ചു. ഇന്നത്തെ ലോകത്തിന് വിശുദ്ധ കുര്‍ബാനയുടെ സാന്നിധ്യം അത്യന്തം ആവശ്യമാണ്. യുദ്ധാവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകള്‍ അപ്പത്തിന്റെ ഗന്ധം നിറഞ്ഞ സമാധാനപരമായ സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടത് ആവശ്യമാണ്. അപ്പത്തിന്റെ പുതുമയുള്ള സൗരഭ്യം ഇന്നത്തെ ലോകത്തേക്ക് അടിയന്തിരമായി തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മിപ്പിച്ചു.
നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോര്‍പ്പസ് ക്രിസ്റ്റി തിരുനാളില്‍ പാപ്പാ പങ്കെടുക്കുന്നത്. 2023-ലും 2022-ലും ആരോഗ്യപരമായ കാരണങ്ങളാല്‍ പാപ്പാ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. 2021-ലും 2020-ലും കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. റോമിലെ തെരുവുകളിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം സെന്റ് മേരീസ് മേജര്‍ ബസിലിക്കയില്‍വച്ച് ഫ്രാന്‍സിസ് പാപ്പാ ദിവ്യകാരുണ്യ ആശീര്‍വാദം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *