Follow Us On

08

September

2024

Sunday

സുഡാന്‍ വലിയ തകര്‍ച്ചയുടെ വക്കില്‍; പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനവുമായി മാര്‍പാപ്പ

സുഡാന്‍ വലിയ തകര്‍ച്ചയുടെ വക്കില്‍; പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനവുമായി മാര്‍പാപ്പ

കാര്‍ത്തൗം: ആഭ്യന്തരയുദ്ധവും പട്ടിണിയും പിടിമുറുക്കിയ സുഡാനില്‍ പാരാമിലിട്ടറി സംഘമായ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തില്‍ ഒരു ഗ്രാമത്തിലെ നൂറുപേര്‍ കൊല്ലപ്പെട്ടു.  അല്‍ ജസീറ സംസ്ഥാനത്തെ വാദ് അല്‍ നൗര ഗ്രാമത്തില്‍ നടത്തിയ ഹീനമായ ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അപലപിച്ചു.  2023 ഏപ്രില്‍ 15 ന് ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു കോടിയോളം ജനങ്ങള്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. രാജ്യത്തെ 1.8 കോടി ജനങ്ങള്‍ പട്ടിണിയിലും 36 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന അവസ്ഥയിലുമാണ്. സുഡാനി സായുധ സേനയായ എസ്എഎഫും പാരാമിലിട്ടറി വിഭാഗമായ ആര്‍എസ്എഫും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ രാജ്യം അതീവ സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

65 ശതമാനം ജനങ്ങള്‍ക്കും ആരോഗ്യമേഖലയുടെ സേവനങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ലോകാരോഗ്യസംഘടനയും അപായമണി മുഴക്കിയിട്ടുണ്ട്. കോളറ, മലേറിയ, ഡങ്കിപനി തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ ഭീഷണിക്ക് പുറമെ മറ്റ് രോഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും ലഭ്യമല്ലാത്ത സാഹചര്യവും സ്ഥിതി രൂക്ഷമാക്കുന്നു. സുഡാനില്‍ ആയുധങ്ങള്‍ നിശബ്ദമാകുന്നതിനും യുദ്ധത്തിന് ശാശ്വതമായ പരിഹാരം സാധ്യമാകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ഐക്യരാഷ്ട്രസഭക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത പടിഞ്ഞാറന്‍ സുഡാനിലെ എല്‍ ഫാഷറില്‍ എട്ട് ലക്ഷത്തോളം സിവിലിയന്‍ ജനത അതിശക്തമായ ഏറ്റുമുട്ടലിന്റെ നടുവില്‍ കുടുങ്ങി കിടക്കുകയാണ്. രാജ്യത്ത് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണദൗര്‍ലഭ്യം നേരിടുന്നതിനാല്‍ ഈ വര്‍ഷം സ്‌കൂളുകളും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ആഭ്യന്തര അഭയാര്‍ത്ഥികളായി മാറിയവര്‍ക്ക് പുറമെ 20 ലക്ഷത്തോളം ജനങ്ങള്‍ അയല്‍ രാജ്യങ്ങളായ ചാദ്, സൗത്ത് സുഡാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ വലിയ ട്രോമയിലൂടെയും ദുര്‍ബലമായ സാഹചര്യത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?