Follow Us On

23

November

2024

Saturday

പ്രിയരേ നിങ്ങള്‍ക്ക് വിട…

പ്രിയരേ നിങ്ങള്‍ക്ക് വിട…

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

പണ്ട് സ്‌കൂളില്‍ പഠിച്ച ഒരു കവിത ഇപ്പോഴും
മനസിലുണ്ട്. അത് ഇങ്ങനെയാണ്:

രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും
ഉഷസെങ്ങും പ്രകാശിച്ചിടും
ദേവന്‍ സൂര്യനുദിക്കുമീ
കമലവും കാലേ വിടര്‍ന്നീടുമേ
ഏവം മൊട്ടിനകത്തിരു-
ന്നളി മനോരാജ്യം പൂകിടുമേ
ദൈവത്തിന്‍ മനമാരുകണ്ടു
പിഴുതാദന്തീന്ദ്രണ പത്മിനീം.

ഇത് ഒരു വണ്ടിന്റെ കഥയാണ്. വണ്ട് പൂവുകള്‍തോറും പാറിനടന്ന് തേന്‍ കുടിച്ച് ജീവിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം തേന്‍ കുടിക്കാന്‍ പോയി ഇരുന്നത് ഒരു താമരപ്പൂവിന്റെ അകത്താണ്. ആ പൂവിലെ തേന്‍ കുടിച്ച് അടുത്ത പൂവിലേക്ക് പോകാന്‍ വണ്ട് ഒരുങ്ങി. പക്ഷേ അതിനകം സൂര്യന്‍ അസ്തമിക്കുകയും താമരപ്പൂവ് കൂമ്പിപ്പോവുകയും ചെയ്തിരുന്നു. അതിനാല്‍ പുറത്തേക്ക് പോകാന്‍ കഴിയാതെ അന്നുരാത്രി വണ്ട് ആ താമരപ്പൂവിന് അകത്ത് തനിച്ചായി. അങ്ങനെ രാത്രി തനിച്ചിരിക്കുമ്പോള്‍ വണ്ട് നെയ്തുകൂട്ടിയ സ്വപ്‌നങ്ങളാണ് ഈ കവിത. വണ്ട് ഭാവന കാണുകയാണ്: ഈ രാത്രി അവസാനിക്കും. സൂര്യന്‍ ഉദിക്കും. നേരം വെളുക്കും. താമരപ്പൂവ് വീണ്ടും വിടരും. ഞാന്‍ പുറത്തേക്ക് പോയി ജീവിതം ആസ്വദിക്കും. ഇതാണ് വണ്ടിനെപ്പറ്റി വണ്ട് കണ്ട സ്വപ്‌നം. എന്നാല്‍ ഈ വണ്ടിനെപ്പറ്റി ദൈവത്തിന് മറ്റൊരു സ്വപ്‌നം ഉണ്ടായിരുന്നു. അത് നടപ്പാക്കാന്‍ ദൈവം ഒരു കാട്ടാനയെ പറഞ്ഞുവിട്ടു. ഈ ആന തീറ്റ തിന്നുതിന്ന് വരുമ്പോള്‍ ഈ താമരപ്പൂവ് നില്‍ക്കുന്ന കുളത്തിന്റെ കരയിലെത്തി. അനേകം താമരപ്പൂക്കള്‍ പറിച്ചുതിന്നതോടൊപ്പം വണ്ടിരിക്കുന്ന പൂവും പറിച്ചുതിന്നു. നേരം വെളുക്കും; താമരപ്പൂവ് വിടരും; ഞാന്‍ പോയി ജീവിതം ഇനിയും ആസ്വദിക്കും എന്ന് വണ്ട് സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്ന അതേസമയത്ത് ആനയുടെ വായിലൂടെ വണ്ടിന്റെ ജീവിതംതന്നെ ചതഞ്ഞരഞ്ഞ് ഇല്ലാതായി. കവി പറയുകയാണ്; ദൈവത്തിന്‍ മനമാരുകണ്ടു!

കുവൈറ്റിലെ തീപിടുത്തത്തില്‍ ഇതെഴുതുമ്പോള്‍ 51 പേര്‍ മരിച്ചിട്ടുണ്ട്. അവരില്‍ 24 പേര്‍ മലയാളികളാണ്. കുറേപ്പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ടെലവിഷനില്‍ കണ്ടു. മരിച്ചവരുടെ വീടുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. മൃതശരീരങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന രംഗങ്ങള്‍ കണ്ടു. റിപ്പോര്‍ട്ടര്‍മാരും സ്റ്റുഡിയോയില്‍ ഉള്ളവരും പറയുന്ന വിവരണങ്ങള്‍ കേട്ടു. അപ്പോള്‍ പലപ്പോഴും കണ്ണ് നിറഞ്ഞു. മനസ് ഭാരപ്പെട്ടു. ഒന്നും ചെയ്യാതെ ഇതിനെപ്പറ്റിയോര്‍ത്ത് പലപ്പോഴും ഇരുന്നു. മരിച്ചവര്‍ ആരെയും എനിക്കറിയില്ല. എന്നിട്ടും ഒരു വല്ലാത്ത ദുഃഖം. അറിയാതെ കണ്ണുകളില്‍ ഒരു നനവ്.

അങ്ങനെയാണെങ്കില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖം എത്രമാത്രമായിരിക്കും. ഗള്‍ഫില്‍ പോയവരും അവരുടെ കുടുംബാംഗങ്ങളും എത്രമാത്രം ജീവിതപ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ ആയിരുന്നു. സ്ഥലവും വീടും ഇല്ലാത്തവര്‍, കടബാധ്യത ഉള്ളവര്‍, ജീവിക്കുവാന്‍ വരുമാനമില്ലാത്തവര്‍, മക്കളുടെ പഠനം, വിവാഹം തുടങ്ങി പലതും മുന്നില്‍കണ്ട് പണമില്ലാതെ വിഷമിച്ചവര്‍. ഇതിനെല്ലാം പരിഹാരം കണ്ടത് വിദേശജോലിയാണ്. അങ്ങനെ എത്രയോ കാലത്തെ പരിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമായിരിക്കും അവര്‍ക്ക് വിദേശത്ത് പോകാന്‍ കഴിഞ്ഞത്. അതോടെ പോയവരും നാട്ടില്‍ ഉള്ള കുടുംബാംഗങ്ങളും വീണ്ടും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. കുടുംബത്തെ രക്ഷപെടുത്തണം. സ്ഥലം, വീട്, കടം വീട്ടണം. മക്കളെ പഠിപ്പിക്കണം. അവരുടെ വിവാഹത്തിനായി വല്ലതും കരുതിവയ്ക്കണം. കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവന്ന് സ്വസ്ഥമായി ജീവിക്കണം. ഒരുപാട് സ്വപ്‌നങ്ങള്‍; പദ്ധതികള്‍. എല്ലാം ഏതാനും മണിക്കൂറുകള്‍കൊണ്ട് തീര്‍ന്നു.

സ്വപ്‌നങ്ങള്‍ മാത്രമല്ല, ഈലോക ജീവിതംതന്നെയും ഇല്ലാതായി അകാലത്തില്‍ വേര്‍പെട്ടുപോയ പ്രിയ സഹോദരന്മാരേ വിട. തീപിടുത്തത്തിനും മരണത്തിനും ഇടയിലുള്ള കുറച്ചുസമയം നിങ്ങള്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ വ്യഥകളുടെ ഒരംശം എനിക്കും അനുഭവപ്പെടുന്നു. നിങ്ങളുടെ വിശുദ്ധീകരണത്തിനായി നിങ്ങള്‍ കൊടുത്ത വിലയുടെ ബാക്കിയാണ് ആ സഹനം. സഹനം കഴിഞ്ഞാല്‍ പിന്നെ മഹത്വമാണ്. നിങ്ങള്‍ ഇപ്പോള്‍ ദൈവത്തോടൊപ്പം മഹത്വത്തില്‍ ആണെന്ന് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ഞങ്ങളുടെ മനസിനെ തണുപ്പിക്കുന്നത്.

എന്നാല്‍, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കാര്യമോ? അവരുടെ വ്യഥകള്‍ പലതരമാണ്. കുടുംബാംഗം മരിച്ചതിന്റെ വ്യഥ, ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടെയും അപ്പന്‍ നഷ്ടപ്പെട്ട മക്കളുടെയും വ്യഥ, കുടുംബത്തിന്റെ ചുമടുതാങ്ങി ഇല്ലാതായതിന്റെ വ്യഥ, വരുമാനം നിലച്ചതിന്റെ വ്യഥ, കടം ആര് വീട്ടും എന്ന വ്യഥ, വീട് എങ്ങനെ പണിയുമെന്ന വ്യഥ, മക്കളുടെ ഭാവികാര്യങ്ങള്‍ എങ്ങനെ നടത്തുമെന്ന വ്യഥ, പുതിയ വീട്ടിലേക്ക് കേറി താമസിക്കുമ്പോള്‍ അത് പണിയാന്‍ കഷ്ടപ്പെട്ടവന്‍ കൂടെയില്ലല്ലോ എന്ന വ്യഥ, ഏകാന്തതയുടെ, അനാഥത്വത്തിന്റെ വ്യഥ… അങ്ങനെ എന്തെല്ലാം വ്യഥകള്‍. എന്ന്, എങ്ങനെ ഈ വ്യഥകള്‍ അവസാനിക്കും? ദൈവം ദൈവത്തിന്റേതായ വഴികളില്‍ വ്യഥയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കും; ആരിലൂടെയെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കും.

സാവകാശം ദൈവകൃപയാല്‍ എല്ലാം ശാന്തമാകും. എല്ലാത്തിനും പരിഹാരമുണ്ടാകും- ഇതാണെന്റെ വിശ്വാസം. കുവൈറ്റ് ഗവണ്‍മെന്റും കമ്പനി ഉടമകളും കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും മറ്റ് നിരവധി സ്ഥാപനങ്ങളും വ്യക്തികളെല്ലാംവഴി ദൈവം പ്രവര്‍ത്തിക്കും. ഇതാണെന്റെ വിശ്വാസം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും സാധിക്കുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമെല്ലാം സഹകരിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കണം.

അപകടത്തെത്തുടര്‍ന്ന് നാനാവിധ സേവനങ്ങള്‍ ചെയ്ത അനവധി പേരുണ്ട്. കുവൈറ്റ് ഗവണ്‍മെന്റ്, ഇന്ത്യന്‍ എംബസി, സന്നദ്ധ പ്രവര്‍ത്തകര്‍, കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റ് തുടങ്ങി എല്ലാവരോടും നല്ലതും സമയോചിതവുമായ സേവനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു; അവരെല്ലാവരെയും അഭിനന്ദിക്കുന്നു. മൃതദേഹങ്ങള്‍ വിട്ടുകിട്ടി ഭവനങ്ങളില്‍ എത്തിക്കുന്നതുവരെയുള്ള വിവിധങ്ങളായ സേവനങ്ങള്‍ വളരെയധികം പ്രശംസയര്‍ഹിക്കുന്നു. കൊച്ചി വിമാനത്താവളത്തില്‍ മൃതശരീരങ്ങളോട് സര്‍ക്കാര്‍ അങ്ങേയറ്റം ആദരവും ബഹുമാനവും കാണിച്ചു. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും അങ്ങനെതന്നെ കാണിച്ചു. ഇതെല്ലാം കുടുംബാംഗങ്ങള്‍ക്ക് വല്ലാത്തൊരു ആശ്വാസത്തിന് കാരണമായിട്ടുണ്ട്.
പ്രിയരേ, ഒരിക്കല്‍കൂടി നിങ്ങള്‍ക്ക് വിട. നിങ്ങള്‍ സമാധാനത്തില്‍ കഴിയട്ടെ. നിങ്ങള്‍ക്കുവേണ്ടിയും കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും ധാരാളംപേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അവരുടെകൂടെ ഞാനും ഉണ്ട്, എളിയ പ്രാര്‍ത്ഥനയുമായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?