Follow Us On

25

November

2024

Monday

വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം

വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം
ഇടുക്കി: ഇടുക്കി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ഫെസ്തും വെര്‍ബി’ വചന മഹാസംഗമം വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി മാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ബൈബിള്‍ കയ്യെഴുത്ത് മത്സരത്തിന് രൂപതാ മാതൃവേദി നേതൃത്വം നല്‍കുന്നു. ഓരോ വര്‍ഷവും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഈ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം പേരാണ് ബൈബിള്‍ കയ്യെഴുത്തില്‍ പങ്കാളികളായത്. കുട്ടികളും യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും വൃദ്ധരുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ശാരീരിക വൈകല്യമുള്ളവരും ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതാന്‍ ശ്രമിച്ചു എന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
വ്യത്യസ്ഥമായ നിയോഗങ്ങളോടെ ബൈബിള്‍ എഴുതി ദൈവപരിപാലന അനുഭവിച്ചവര്‍ നിരവധിയാണ്.  ബൈബിള്‍ കയ്യെഴുത്തില്‍ പങ്കെടുത്തവരുടെ സംഗമം അവിസ്മരണീയമായി. തങ്ങള്‍ സ്വന്തമായി പകര്‍ത്തിയെഴുതിയ ബൈബിളുമായി എത്തിച്ചേര്‍ന്ന നൂറുകണക്കിന് ആളുകള്‍ ആയിരമേക്കര്‍ സെന്റ് തോമസ് പളളിയില്‍ നിന്നും ഭക്തിപൂര്‍വ്വം പ്രദക്ഷിണമായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനൊപ്പം സമ്മേളന വേദിയില്‍ എത്തി. തങ്ങള്‍ എഴുതിയ ബൈബിള്‍, പ്രതിഷ്ഠിച്ച വി.ഗ്രന്ഥത്തില്‍ സമര്‍പ്പിച്ച് അവര്‍ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ചു. ബൈബിള്‍ പ്രതിഷ്ഠക്ക് വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന സമ്മേളനം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കേള്‍ക്കുകയും അറിയുകയും എഴുതുകയും ചെയ്ത വചനത്തെ ജീവിതത്തോട് ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പങ്കെടുത്തവരെയെല്ലാം അദ്ദേഹം സഭയുടെ നാമത്തില്‍ അഭിനന്ദിച്ചു. വരും നാളുകളിലും വചനം ധ്യാനിക്കുന്നതിനും പഠിക്കുന്നതിനുമുള്ള വ്യത്യസ്ഥമായ പദ്ധതികള്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ശ്രദ്ധിക്കുമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. വചനത്തോടുള്ള സമ്പര്‍ക്കം വിശ്വാസത്തിലും ആത്മീയതയിലുമുള്ള വളര്‍ച്ചയുടെ പ്രകടമായ അടയാളമാണന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മാതൃവേദി രൂപതാ പ്രസിഡന്റ് ഷേര്‍ളി ജൂഡി അധ്യക്ഷത വഹിച്ചു. ഫാ. റോയി കണ്ണന്‍ചിറ മുഖ്യപ്രഭാഷണം നടത്തുകയും സിഎംഐ മുവാറ്റുപുഴ പ്രൊവിന്‍സുമായി ചേര്‍ന്നുനടത്തിയ വചന കൊയ്ത്ത് മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
മാതൃവേദി രൂപതാ ഡയറക്ടര്‍ ഫാ.ജോസഫ് കാരിക്കൂട്ടത്തില്‍,  ഫാ. ജോര്‍ജ് കരിവേലിക്കല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, സിസ്റ്റര്‍ ട്രീസാ എസ്.എച്ച്, ആഗ്‌നസ് ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?