Follow Us On

25

November

2024

Monday

ആദിവാസികള്‍ക്കുവേണ്ടി ഉയര്‍ന്ന ശബ്ദം നിലച്ചു

ആദിവാസികള്‍ക്കുവേണ്ടി ഉയര്‍ന്ന ശബ്ദം നിലച്ചു
പാട്‌ന: ബീഹാറിലെ ആദിവാസികള്‍ക്കുവേണ്ടി ഉയര്‍ന്നിരുന്ന ശബ്ദം നിലച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ താരു ആദിവാസി ഗോത്രജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. ജോസഫ് സ്രാമ്പിക്കല്‍ (83) എസ്.ജെ ഓര്‍മയായി. മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെ നീതി നിഷേധിക്കപ്പെട്ടിരുന്ന താരുഗോത്രജനതയ്ക്ക് വോട്ടവകാശം ഉള്‍പ്പെടെ അവകാശസംരക്ഷണത്തിന് ധീരമായി നേതൃത്വം നല്‍കിയത് ഫാ. സ്രാമ്പിക്കല്‍ ആയിരുന്നു.
ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി നീണ്ടകാലം ഫാ. ജോസഫ് സ്രാമ്പിക്കല്‍ പ്രവര്‍ത്തിച്ചു. സാക്ഷരതാപ്രവര്‍ത്തനം, ആരോഗ്യബോധവല്‍ക്കരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. വികസനത്തിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പാവപ്പെട്ട ആദിവാസിഗോത്രക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായുള്ള നിശബ്ദസേവനത്തിലായിരുന്നു ഈ ഈശോ സഭാ വൈദികന്‍. വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്ന താരുഗോത്രക്കാരെ സമരരംഗത്തിറക്കി അവകാശം നേടിയെടുത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഫാ. സ്രാമ്പിക്കലായിരുന്നു.
സവര്‍ണ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും താല്‍പര്യമില്ലായ്മയും വിവേചനവുമായിരുന്നു അവകാശങ്ങള്‍ നിഷേധിക്കാന്‍ കാരണം. ആദിവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാതെയായിരുന്നു വോട്ടവകാശം നിഷേധിച്ചത്. കാലങ്ങളായി തുടര്‍ന്നിരുന്ന രീതിയായിരുന്നു ഇത്. മറ്റു തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാത്തവരായിരുന്നു ഇവര്‍. ഈ സാഹചര്യത്തില്‍ ഫാ. സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ വോട്ടര്‍മാരെല്ലാം ഒരു തിരഞ്ഞെടുപ്പു ദിവസം പോളിങ്ങ് സ്റ്റേഷനുമുമ്പില്‍ എത്തി. പോളിങ്ങ് തുടങ്ങിയപ്പോള്‍ തങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആദിവാസികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഒന്നര മണിക്കൂര്‍ പോളിങ്ങ് തടസപ്പെട്ടു. തുടര്‍ന്ന് ജില്ലാ ഭരണകൂടവുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് ഇവര്‍ക്ക് വോട്ടു ചെയ്യാനുള്ള അനുമതി വാങ്ങുകയായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളാല്‍ കുറച്ചുമാസങ്ങളായി പാട്‌ന ഈശോസഭാ ആസ്ഥാനത്ത് വിശ്രമജീവിതത്തിലായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, പരേതരായ സ്രാമ്പിക്കല്‍ ഉലഹന്നാന്റെയും അന്നമ്മയുടെയും മകനാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?