ഫാ. ജോബി പുളിക്കക്കുന്നേല്‍
(ലേഖകന്‍ ഇടുക്കി രൂപതാ മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടറാണ്).
എറണാകുളത്ത് കോളജില്‍ പഠിക്കുന്ന കാലം. ഞായറാഴ്ച ദൈവാലയത്തിലെ തിരക്കുകളെല്ലാം കഴിഞ്ഞ് വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു. പാര്‍ക്കിലെത്തിയപ്പോള്‍ കോളജില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഒരു സംഘം അവിടെ എത്തി. ആ സംഘത്തിലെ ഒരു പെണ്‍കുട്ടി എന്നെ വിളിച്ചു.
”ഫാദര്‍ ഞങ്ങളുടെ കോളജില്‍ എംഎയ്ക്കു പഠിക്കുന്നതല്ലേ? കോളജില്‍വച്ച് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങളുടെ പെയിംഗ് ഗസ്റ്റ് ഹോസ്റ്റലിലെ കുറച്ചു ഫ്രണ്ട്സ് ഫാദറിന്റെ കൂടെയാണ് പഠിക്കുന്നത്.” അവള്‍ പറഞ്ഞു.
”പേര് എന്താണ്.” ഞാന്‍ ചോദിച്ചു.
”മരിയ, വീട് കോട്ടയം ജില്ലയിലാണ്. ഞാന്‍ ഇവിടെ ബി.കോം ഫസ്റ്റ് ഇയറാണ്.” മരിയ ഇടവകയുടെ പേരു പറഞ്ഞു. പ്രസിദ്ധമായ ഇടവകയായിരുന്നു.
ഇത്രയും കേട്ടപ്പോള്‍ സാധാരണ വൈദികര്‍ ചോദിക്കാറുള്ള ഒരു ചോദ്യം ഞാനും ചോദിച്ചു. ”മരിയ, നമ്മുടെ പള്ളിയിലാണോ ഞായറാഴ്ചകളില്‍ വരുന്നത്.”
അല്ല എന്നായിരുന്നു ഉത്തരം.
”അപ്പോള്‍ ഹോസ്റ്റലിനടുത്തുള്ള ലത്തീന്‍ പള്ളിയിലായിരിക്കുമല്ലേ?” എന്റെ ചോദ്യത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അവളുടേത്.
”അല്ല,” എന്നിട്ട് ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. ”സോറി ഫാദര്‍, കഴിഞ്ഞ അഞ്ച് മാസമായി ഞാന്‍ പള്ളിയില്‍ പോയിട്ടില്ല. ഇവിടെ വന്നയിടയ്ക്കു ഒരു മാസം പോയിരുന്നു.”
”പിന്നെ എന്തുപറ്റി?” ജിജ്ഞാസയോടെയായിരുന്നു എന്റെ ചോദ്യം.
”സത്യം പറയാമല്ലോ സമയം കിട്ടുന്നില്ല. പിന്നെ കുറച്ചു താല്പര്യക്കുറവും. മിക്ക ആഴ്ചകളിലും ശനിയാഴ്ചവരെ ക്ലാസുണ്ട്. അതിനുപുറമേ അസൈന്‍മെന്റുകളും. ആകെ ഫ്രീ ആകുന്നത് ശനിയാഴ്ച വൈകുന്നേരമാണ്. അന്നു ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് പുറത്തൊക്കെ പോകും; നൈറ്റ് ലൈഫ്. തിരിച്ചുവരുമ്പോള്‍ രാത്രിയാകും. പെയിംഗ് ഗസ്റ്റ് ആയതു കൊണ്ട് പ്രശ്‌നമില്ല. രാത്രി താമസിച്ചുകിടക്കുന്നതുകൊണ്ട് ഞായറാഴ്ച രാവിലെ 10 മണിയൊക്കെ ആകുമ്പോഴേ എഴുന്നേല്ക്കൂ. പിന്നെ വൈകുേന്നരം ഇതുപോലെ നടക്കാന്‍ പോകും. ചില ഞായറാഴ്ചകളില്‍ ഫ്രണ്ട്‌സിന്റെ വീട്ടിലൊക്കെ പോകും. എന്റെ കൂടെയുള്ള കാത്തലിക്‌സ് പലരും ഞായറാഴ്ച പള്ളിയില്‍ പോകാറില്ല. പിന്നെ ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്, എക്സാം വരുമ്പോള്‍.” ചിരിച്ചു കൊണ്ടായിരുന്നു മറുപടി.
”അവള്‍ വഴിതെറ്റി ഫാദര്‍, ഇനി നോക്കേണ്ട.” അതു പറഞ്ഞ് കൂടെ ഉണ്ടായിരുന്നവര്‍ ഉറക്കെ ചിരിച്ചു.
”മരിയ വേദപാഠം പഠിച്ചതാണോ?” ചിരികള്‍ക്കിടയില്‍ ഞാന്‍ ചോദിച്ചു.
”അതെ, 12-ാം ക്ലാസുവരെ. നല്ല മാര്‍ക്കും ഉണ്ടായിരുന്നു.”
”അതിന്റെ ഒരു ഗുണവും കാണുന്നില്ലല്ലോ.” ഞാന്‍ തമാശയോടെ പറഞ്ഞു.
”എറണാകുളം അല്ലേ ഫാദര്‍, ഇത്രയൊക്കെയെ ഗുണം ഉണ്ടാവൂ.” കൂടെ ഉണ്ടായിരുന്ന ഒരു പയ്യന്‍ സപ്പോര്‍ട്ടു ചെയ്തു.
”ഇവള്‍ നൈറ്റ് ഡാന്‍സ് ബാറിലൊക്കെ പോകാറുണ്ട് ഫാദര്‍.” കൂട്ടുകാരി പറഞ്ഞു.
കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് മരിയ അവളെ വിലക്കി.
”ഞായറാഴ്ചകളില്‍ പള്ളിയില്‍ വരാതിരിക്കരുത്. ആഴ്ചയില്‍ ഒരു മണിക്കൂര്‍ അല്ലേ ഉള്ളൂ.” തിരിഞ്ഞുനടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.
”ട്രൈ ചെയ്യാം.” ചിരിച്ചുകൊണ്ടായിരുന്നു അവളുടെ മറുപടി.
ഉയരുന്ന ചോദ്യങ്ങള്‍
ദൈവാലയത്തിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ് അസ്വസ്ഥമായിരുന്നു. 12 വര്‍ഷം വേദപാഠം പഠിച്ചിട്ടും ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയ്ക്കു പോകാതിയിരിക്കുമ്പോള്‍ മരിയയ്ക്ക് ഹൃദയത്തില്‍ വേദന തോന്നാത്തത് എന്തുകൊണ്ടായിരിക്കും? നമ്മുടെ വിശ്വാസ പരിശീലനത്തില്‍ എവിടെയെങ്കിലും പാളിച്ച പറ്റുന്നുണ്ടോ? അതു ജീവിത ഗന്ധിയല്ലേ? ആരും തിരുത്താനില്ലാത്ത സാഹചര്യങ്ങളില്‍ വിശ്വാസമെന്തേ ചോര്‍ന്നുപോകുന്നു?
നിരവധി യുവജനങ്ങളുമായി സംസാരിച്ചതിന്റെ വെളിച്ചത്തില്‍ ഒരു കാര്യം പറയട്ടെ. നമ്മുടെ പല യുവജനങ്ങളും പ്രതിസന്ധികളെ അതിജീവിക്കാനാവാത്ത വിശ്വാസമാണ് കൊണ്ടുനടക്കുന്നതെന്നു തോന്നുന്നു. പ്രണയബന്ധം തകരുമ്പോഴോ ആഗ്രഹിച്ച അഡ്മിഷന്‍ കിട്ടാതെ ആകുമ്പോഴോ മാതാപിതാക്കളോ അധ്യാപകരോ സുഹൃത്തുക്കളോ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കുമ്പോഴോ ഒക്കെ ജീവിതം അവസാനിപ്പിച്ചേക്കാം എന്നു ചിന്തിക്കുന്ന യുവജനങ്ങളുടെ എണ്ണം കൂടിവരുകയാണ്. പത്തും പന്ത്രണ്ടും വര്‍ഷത്തെ വിശ്വാസ പരിശീലനത്തിനു ശേഷവും ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ തിരിച്ചടികളില്‍ നിരാശരായി ഡിപ്രഷനിലേക്കു വഴുതി വീണ പല യുവതിയുവാക്കളെയും കണ്ടിട്ടുണ്ട്.
21-ാം നൂറ്റാണ്ടിലും
പ്രാര്‍ത്ഥനയോ?
‘ഈ ജീവിതം ഇങ്ങനെയൊക്കെയാണ് അച്ചാ ഇതില്‍ യാതൊരു മാറ്റവും വരാന്‍ സാധ്യതയില്ല’ എന്ന തരത്തില്‍ പ്രതീക്ഷയില്ലാതെ സംസാരിക്കുന്നവരായിരുന്നു അവരില്‍ പലരും. ദൈവത്തെക്കുറിച്ച് സംസാരിച്ചാല്‍ അതൊക്കെ വെറും മിത്തുകള്‍ അല്ലേ എന്ന് ചോദിക്കും. വിശ്വാസവും പ്രാര്‍ത്ഥനയും ഒക്കെ എന്തോ കുറച്ചിലായിട്ട് കാണുന്നവരും ധാരാളമുണ്ട്. എന്താണ് ഈ പ്രതിസന്ധിക്ക് കാരണം?
ഒന്നാമതായി, പഴയകാലത്ത് നമ്മുടെ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയിരുന്ന വിശ്വാസപരിശീലനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു. നമ്മുടെ ചെറുപ്പത്തില്‍ ജപമാലയും വചനവായനയുമെല്ലാം കുട്ടികളായിരുന്നു നടത്തിയിരുന്നത്. ആദ്യകുര്‍ബാന സ്വീകരണത്തിന് മുമ്പ് തന്നെ ജപമാലയും ലുത്തിനിയയും മറ്റു പല നമസ്‌കാരങ്ങളും എനിക്ക് മനഃപാഠമായിരുന്നു. അപ്പനും അമ്മയുമായിരുന്നു ആദ്യ വിശ്വാസപരിശീലകര്‍. എന്നാല്‍ ഇന്നു നമ്മുടെ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ നടത്തേണ്ട വിശ്വാസപരിശീലനം കുറഞ്ഞുവരുന്നുണ്ടോ എന്ന് പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ലോകത്തിന്റേതെല്ലാം നമ്മുടെ കുടുംബങ്ങളിലേക്കും പ്രവേശിച്ചിരിക്കുന്നു. നിരീശ്വരവാദവും ധാര്‍മിക അധഃപതനവും നമ്മുടെ പല കുടുംബങ്ങളിലും രംഗപ്രവേശനം ചെയ്തു കഴിഞ്ഞിരിക്കുന്നു.
ഒരു വീടുവെഞ്ചരിപ്പിന്റെ ഓര്‍മ
നാലു വയസുള്ള ഒരു കുട്ടി കേട്ടാല്‍ അറപ്പുളവാകുന്ന ചീത്തവിളിക്കുന്നത് കേട്ടുകൊണ്ടാണ് ഞാന്‍ ഒരു വീട് വെഞ്ചിരിപ്പിനായി കയറിച്ചെന്നത്. നോക്കിയപ്പോള്‍ 75 വയസില്‍ അധികം പ്രായമുള്ള സ്വന്തം വല്യപ്പനെയാണ് അവന്‍ ചീത്തവിളിക്കുന്നത്. അവന്റെ കളിപ്പാട്ടം എടുത്തുമാറ്റി എന്നതാണ് കാരണം. കുട്ടിയുടെ അപ്പനും അമ്മയും അതു കേട്ട് യാതൊരു കൂസലും ഇല്ലാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അവരോട് അതിനെപ്പറ്റി ചോദിച്ചു. ‘ഞങ്ങള്‍ വാവയെ അങ്ങനെയൊന്നും അടിക്കാറൊന്നുമില്ല അച്ചാ’ എന്നായിരുന്നു മറുപടി.
ഈ കുട്ടി പന്ത്രണ്ടാം ക്ലാസില്‍ എത്തുമ്പോള്‍ വിശുദ്ധനായി തീരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നതില്‍ ചെറിയൊരു സാങ്കേതിക പ്രശ്‌നമില്ലേ? ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാം റീല്‍സിലും ഒക്കെ കുട്ടികള്‍ മാതാപിതാക്കളെയും മുതിര്‍ന്നവരെയും ചീത്ത വിളിക്കുന്നതും പ്രാകുന്നതും വീഡിയോ എടുത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് പോസ്റ്റ് ചെയ്യുന്ന മാതാപിതാക്കളെയും കാണാറുണ്ട്. കുടുംബത്തില്‍ തുടങ്ങാത്ത വിശ്വാസ പരിശീലനം പിന്നീട് ഒരിക്കലും നല്‍കാന്‍ സാധിക്കുകയില്ലെന്ന് മനസിലാക്കണം.
പ്ലസ്ടു-ക്കാരന്റെ സംശയം
പ്ലസ് ടു വേദപാഠ ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് ചോദിച്ചു. അച്ചാ എന്റെ ബെസ്റ്റിയുടെ കൂടെ വിവാഹത്തിനുമുമ്പ് ഒരുമിച്ച് താമസിക്കുന്നതില്‍ പ്രശ്‌നമുണ്ടോ? പരസ്പരം അറിഞ്ഞിട്ട് വേണമല്ലോ വിവാഹം നടത്താന്‍ ? ‘ബെസ്റ്റിയോ അതെന്താണ്?’ ഞാന്‍ കൗതുകത്തോടെ ചോദിച്ചു. ‘അത് പുതിയൊരു സംഭവമാണ്. ഗേള്‍ഫ്രണ്ടിന് കുറച്ചു മുകളിലും ഭാര്യക്ക് കുറച്ച് താഴെയും.’ ലിവിംഗ് ടുഗെതറിന്റെ കോളേജ് വേര്‍ഷന്‍. വേറൊരു വാക്കും കൂടിയുണ്ട് ‘ക്രഷ്.’ ഇത്തരത്തിലുള്ള വഴിവിട്ട ജീവിതത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റി ഞാന്‍ അവനോട് കുറെ നേരം സംസാരിച്ചു. അവന് മനസിലായോ ആവോ?
ലോകത്തിലെ എല്ലാ സുഖങ്ങളും അനുഭവിക്കുക എന്ന ഹെഡണിസ്റ്റിക് ചിന്താഗതിക്ക് നമ്മുടെ കുട്ടികള്‍ പോലും വശംവദരാകുന്നു എന്ന സത്യം മാതാപിതാക്കള്‍ ഓര്‍ത്തിരിക്കുക. ഇത്തരം കാര്യങ്ങളില്‍ കുട്ടികളെ തിരുത്തിയാല്‍ മാതാപിതാക്കള്‍ എതിര്‍ക്കുമോ, പോലീസ് കേസ് ആകുമോ എന്നു പേടിച്ച് പല വൈദികരും അധ്യാപകരും മുതിര്‍ന്നവരും മുഖംതിരിച്ചു നടക്കുകയാണ് ഇന്നത്തെ പതിവ്. നമ്മുടെ സാമൂഹ്യവ്യവസ്ഥയിലും നിയമവ്യവസ്ഥയിലും വരുന്ന സ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തിനുള്ള മാറ്റങ്ങള്‍ ധാര്‍മികതയെ സാരമായി ബാധിക്കുന്നുണ്ട്.
അമൂല്യനിധി
ചുരുക്കത്തില്‍ വിശ്വാസ പരിശീലനം എന്നത് ഒരു പഠന പ്രക്രിയ അല്ല, മറിച്ച് അത് ജീവിതത്തിനുള്ള വഴികാട്ടിയാണ്. ജീവിതത്തിലെ ഏതു സാഹചര്യത്തിലും ജീവശ്വാസംപോലെ ചേര്‍ത്തുകൊണ്ടു പോകേണ്ടതാണ് വിശ്വാസം. വല്യപ്പന്റെ കാലത്തുണ്ടായിരുന്ന മുട്ടുകുത്തിനിന്ന് കുടുംബാംഗങ്ങളെല്ലാം പ്രാര്‍ത്ഥിക്കുന്ന ശീലം വല്യപ്പന്‍ മരിച്ചപ്പോള്‍ പെട്ടിയില്‍ അടക്കംചെയ്തു എന്നു പറയുന്നതുപോലെ, നമ്മുടെ വിശ്വാസ ചൈതന്യം കാലഹരണപ്പെട്ട ഒരു തലമുറയുടെ പഴയ ഭാണ്ഡക്കെട്ടായി കരുതി വലിച്ചെറിയരുത്. മാതാപിതാക്കള്‍ ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നത് മക്കള്‍ കാണണം. എത്ര കാലം കഴിഞ്ഞാലും വിശ്വാസം അമൂല്യമായി കാത്തുസൂക്ഷിക്കണം.
ആധുനിക ചിന്താധാരകളോട് തുറവി ഉണ്ടായിരിക്കുന്നത് നല്ലതാണ്. എന്നാല്‍ അതെല്ലാം സത്യവും ധാര്‍മികവും ആണെന്നുമുള്ള അബദ്ധ വിശ്വാസം മാറ്റണം. വിശ്വാസ തീക്ഷ്ണത നഷ്ടപ്പെട്ടു എന്ന് പരിതപിക്കുന്നതല്ലാതെ അതെങ്ങനെ വീണ്ടെടുക്കാമെന്ന് ആലോചിക്കാത്തിടത്തോളം കാലം ആഘോഷങ്ങള്‍ക്കിടയില്‍ ക്രിസ്തുവിനെ നഷ്ടപ്പെട്ടുപോയവര്‍ക്ക് തുല്യരായിത്തീരും നമ്മള്‍.
Leave a Comment
Your email address will not be published. Required fields are marked with *