Follow Us On

23

November

2024

Saturday

തിരികെ വരാം…

തിരികെ വരാം…

 ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

ഒരു ദിവസം സ്‌കൂളില്‍ നിന്നും വരുമ്പോള്‍ പോലീസ് വണ്ടികള്‍ മൂന്നെണ്ണം പാഞ്ഞുപോകുന്നത് കണ്ടു. അക്കാലത്ത് പോലീസ് വണ്ടികളൊക്കെ കണ്ടാല്‍ ഞങ്ങളും പുറകെ ഓടും. ഏലക്കാടുകളില്‍ തടി കടത്തുന്ന ചേട്ടന്മാരെ പോലീസ് ഓടിച്ചുപിടിക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടിലേക്ക് ചെല്ലും മുമ്പ് ഒരു കയറ്റം ഉണ്ട്. താഴെ എത്തിയപ്പോഴേ കണ്ടു പോലീസ് ജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്, ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ സൈഡിലാണ്. ഒരു വലിയ ആള്‍ക്കൂട്ടവും അവിടെയുണ്ട്. എന്തൊക്കെയോ സ്വരവും കേള്‍ക്കാം. ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ ഇങ്ങനെ നോക്കിനില്‍ക്കുകയാണ്. അന്ന് ആദ്യമായാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കാണുന്നത്. സാബു ചേട്ടനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ വീടിന്റെ മുന്‍വശത്ത് കൂടിയുള്ള വഴി അവസാനിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിലാണ്. ആള് അല്പം തരികിടയാണെങ്കിലും കേസുകള്‍ ഒന്നുമില്ലായിരുന്നു. ആദ്യമായിട്ടാണ് പോലീസ് പിടിക്കുന്നത്.

വീട്ടില്‍ ചെന്നപ്പോള്‍ അമ്മയാണ് പറയുന്നത് ‘സാബു ചേട്ടന്റെ പേരില്‍ ഒരു മോഷണ കേസ് ഉണ്ട് എന്ന്.’ പിന്നെ കുറെനാള്‍ സാബു ചേട്ടനെ ഞങ്ങള്‍ കണ്ടിട്ടില്ല. അന്നുവരെ അയാളെ കുറ്റം പറയാത്ത ആള്‍ക്കാരെല്ലാം അയാളെ കുറ്റം പറഞ്ഞുതുടങ്ങി. നാട്ടില്‍ മറ്റെല്ലാവരെക്കാളും സാബു കൊള്ളരുതാത്തവനായി. അയാളുടെ ഭാര്യയോടും മക്കളോടും പോലും ആരും സംസാരിക്കാതായി. എല്ലാവരും വളരെ പുച്ഛത്തോടെ അവരെ നോക്കി. ഞങ്ങളുടെ ഇടയിലുള്ള വീട്ടു വര്‍ത്തമാനങ്ങളില്‍ സാബുചേട്ടന്റെ മോഷണം സംസാരവിഷയമായി. അവസാനം കള്ളന്‍ സാബു എന്ന് ഒരു വിളിപ്പേരും ആ നാട്ടുകാര്‍ ഇട്ടു കൊടുത്തു. കുറേ ദിവസങ്ങള്‍ക്കുശേഷം സാബു ചേട്ടന്‍ തിരികെ വന്നു. അത് ഒരു കള്ളക്കേസ് ആയിരുന്നത്രെ.

നിയമം വെറുതെ വിട്ടിട്ടും നാട്ടുകാര്‍ വെറുതെ വിടുന്ന ലക്ഷണമില്ല. കള്ളന്‍ സാബു എന്ന പേര് മാറിയില്ല. ഒരു ദിവസം ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ സാബുചേട്ടന്‍ റോഡിലൂടെ നടന്നു പോവുകയാണ്. പെട്ടെന്ന് ഞങ്ങടെ കൂടെയുള്ള ഒരു ചേട്ടായി ഉറക്കെ വിളിച്ചു, ‘അയ്യോ പോലീസ് ഓടിക്കോ..’ പാവം സാബു ചേട്ടന്‍. സങ്കടത്തോടെ നടന്നുപോകുമ്പോള്‍ ഞങ്ങളുടെ കൂട്ടച്ചിരി. ഇന്ന് തിരിച്ചറിയുന്നുണ്ട് അത് അത്രമേല്‍ അപകടം പിടിച്ച കളിയാക്കല്‍ ആയിരുന്നുവെന്ന്. സാബു ചേട്ടനോട് കുട്ടികള്‍ സംസാരിക്കുന്നത് പോലും ഇഷ്ടമില്ലാത്ത വീട്ടുകാര്‍ ഉണ്ടായിരുന്നു. പാവം സാബു ചേട്ടന്‍ എത്രമാത്രം സങ്കടപ്പെട്ടിരിക്കണം. ചില കാര്യങ്ങള്‍ അങ്ങനെയല്ലേ, ആള്‍ക്കൂട്ടത്തിന്റെ തീരുമാനങ്ങള്‍ മാറ്റിയെടുക്കണമെങ്കില്‍ ദൈവം ഇറങ്ങി വരണം. അതിനുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സാബു ചേട്ടന്‍ സ്ഥലം മാറിപ്പോയി. ഒരു കണക്കിന് അത് നന്നായി. ഒരു ജീവിതം മുഴുവന്‍ എങ്ങനെയാണ് വിങ്ങിവിങ്ങി ജീവിക്കുന്നത്. ഉള്ളില്‍ ആ മനുഷ്യന്‍ എന്തുമാത്രം കരഞ്ഞിരിക്കണം.

‘കരയുന്ന മനുഷ്യനെ എപ്പോഴെങ്കിലും തൊട്ടിട്ടുണ്ടോ ? തൊട്ടുനോക്കണം, അപ്പോള്‍ തീ പൊള്ളല്‍ ഏറ്റപോലെ അയാള്‍ കൂടുതല്‍ മുറിയും… സ്‌നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവിന്റെ പൊള്ളലാണ് അത്. അല്ലെങ്കില്‍ തൊടുമ്പോള്‍ അയാള്‍ ഏങ്ങിയേങ്ങി കരയുന്നത് എന്തിനായിരിക്കും?
നൗഫലിന്റെ ഈ വരികള്‍ എത്ര സത്യമാണ്. കൈവിട്ടു പോകുന്ന മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. ജീവിതം കൈവിട്ടുപോയ ചില പാവം മനുഷ്യര്‍. നമ്മുടെ ചില വാക്കുകള്‍ എത്ര അഗാധമായി അവരിലേക്ക് ഇറങ്ങുമെന്ന് ഇനിയെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?
ചിലപ്പോളെങ്കിലും നമ്മളും പ്രാര്‍ത്ഥിക്കാറുണ്ട് ആ പഴയ മനുഷ്യനെ തിരിച്ചു കിട്ടാന്‍. എവിടെയോ കൈവിട്ടുപോയ ആ പഴയ മനുഷ്യനെ നമ്മളെല്ലാം ഒത്തിരി കൊതിയോടെ ആഗ്രഹിക്കുന്നുണ്ട്. അത് നമ്മുടെ ഉള്ളിലെ സാധ്യതകളാണ്. നഷ്ടപ്പെട്ടുപോയത് ഞാനും നിങ്ങളും ആണ്. ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ വച്ച് പതറിപ്പോയ ആ നിമിഷത്തില്‍ വച്ച് ശൂന്യതയുടെ മറ്റൊരു തലത്തിലേക്ക് നമ്മള്‍ വഴുതിപോകുന്നു. തിരിച്ചുവരാന്‍ സാധ്യതകള്‍ ഏറെയുണ്ടെങ്കിലും നമ്മള്‍ അവിടെ തന്നെ നിലയുറപ്പിക്കുന്നു.

ചാര്‍ളി എന്ന സിനിമയില്‍ കുഞ്ഞപ്പനെന്ന കഥാപാത്രമാണ് കൂടുതല്‍ ഇഷ്ടമായത്. അയാള്‍ കാത്തിരിക്കുകയാണ്. മരണത്തിനും വാര്‍ധക്യത്തിനുമിടയിലെ ജീവിത വഴിയില്‍ കുഞ്ഞപ്പന്‍ മറക്കാത്ത ഒരു പേര് അത് ത്രേസ്യ ആണ്. അവളെയാണ് അയാള്‍ കാത്തിരിക്കുന്നത്. കുഞ്ഞപ്പന് ഓരോ അവധിക്കാലവും അവളെ അന്വേഷിച്ചുള്ള യാത്രകളായിരുന്നു. പക്ഷെ ഇന്ന് വരെ ഒന്ന് കാണാന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ല. അതിനിടയില്‍ വര്‍ഷങ്ങള്‍ പെയ്തു പോയത് അയാള്‍ അറിഞ്ഞില്ല. കാലം തന്റെ മുഖത്തും മുടിയിലും വാര്‍ദ്ധക്യത്തിന്റെ വെള്ള പൂശിയതും അവശതകള്‍ നല്‍കിയതും അയാള്‍ അറിഞ്ഞിരുന്നില്ല. അയാളുടെ ഓരോ യാത്രയും ത്രേസ്യയിലേക്കായിരുന്നു. അയാള്‍ പറയുന്നുണ്ട്,
‘കാത്തിരിപ്പിന്റെ ഒരു വേദന ഇല്ലേ, അത് ഒരു സുഖമാ..’

കുഞ്ഞപ്പന്റെ പിറന്നാള്‍ ദിവസം ഒരു ടെമ്പോ ട്രാവലര്‍ നിറയേ കന്യാസ്ത്രീകളും ആയി ചാര്‍ളി കുഞ്ഞപ്പന്റെ ഷെല്‍ട്ടര്‍ ഹോമിലേക്ക് വരുന്നു… അത് അയാളുടെ കാത്തിരിപ്പിലേക്കുള്ള വരവാണ്. അയാളുടെ സന്തോഷത്തിലേക്കും സ്‌നേഹത്തിലേക്കുമുള്ള തിരിച്ചുവരവാണ്.
തിരിച്ചുവരിക എന്നത് മാത്രമാണ് ജീവിതത്തിന്റെ പ്രത്യാശയിലേക്കുള്ള വാതില്‍. നമ്മളൊക്കെ നന്നായി കാണേണ്ടത് ആര്‍ക്കാണ്? മറ്റാരെക്കാളും അത് നമുക്ക് തന്നെയാണ്. എവിടെയെങ്കിലും എന്നെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍… ആര്‍ക്കെങ്കിലും ഞാന്‍ നഷ്ടം ആയിട്ടുണ്ടെങ്കില്‍ തിരിച്ചു വരാന്‍ സാധ്യമാകട്ടെ. തിരിച്ചു വരണം, കാരണം എന്നെ വേണ്ടത് എനിക്കു മാത്രമാണ്.
തിരികെ…. അത് കുടുംബത്തിലേക്കായിരിക്കാം, സൗഹൃദത്തിലേക്കായിരിക്കാം, എന്നിലേക്ക് തന്നെയായിരിക്കാം…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?